Sorry, you need to enable JavaScript to visit this website.

ഏവർക്കും സ്വാഗതമോതി സൗദി

സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും നിലനിർത്തിക്കൊണ്ടു തന്നെ ലോകത്തിലെ ഏവരും കാണാൻ കൊതിക്കുന്ന രാജ്യമായി സൗദി അറേബ്യയെ പരിവർത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഭരണ കർത്താക്കൾ.  ഇതോടൊപ്പം വിസ നടപടിക്രമങ്ങളിലെ ലാളിത്യവും കൂടിയായപ്പോൾ സൗദിയിലേക്കു വരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ കവാടം ഏവർക്കുമായി മലർക്കെ തുറന്നിട്ടിരിക്കുകയാണ്.  

 

വിദേശികളുടെ ഇഷ്ട സന്ദർശന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ജോലി തേടിയും തീർഥാടനത്തിനുമായായിരുന്നു വിദേശികൾ അധികവും എത്തിയിരുന്നതെങ്കിൽ ഇന്ന് സൗദിയുടെ സൗന്ദര്യം കണ്ടാസ്വദിക്കുന്നതിനും വികസന മാതൃകകൾ പഠിക്കുന്നതിനും വരുന്നവർ ഏറെയാണ്.  വിസ നിയമങ്ങളിൽ സ്വീകരിച്ച ഉദാര സമീപനമാണ് കൂടുതൽ വിദേശികളെ സൗദിയിലേക്ക് ആകർഷിക്കാൻ ഇടയാക്കിയിട്ടുള്ളത്. മുൻകാലങ്ങളിൽ സൗദി സന്ദർശനം അത്ര എളുപ്പമല്ലായിരുന്നു. ഒട്ടേറെ കടമ്പകൾ കടന്ന് തൊഴിൽ വിസയിലോ, ഹജ്, ഉംറ വിസയിലോ അല്ലാതെ സൗദിയിലെത്തുക പ്രയാസമായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദി ലോക ഭൂപടത്തിൽ കാര്യമായ സ്ഥാനം പിടിച്ചിരുന്നുമില്ല. ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. മക്കയും മദീനയും സന്ദർശിക്കാനെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ മാത്രമല്ല, ലോകത്തെ ഏറ്റവും ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രമായും വാണിജ്യ, വ്യവസായ സങ്കേതമായും നിക്ഷേപ ഇടമായും സൗദി അറേബ്യ മാറിയിരിക്കുകയാണ്. സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും നിലനിർത്തിക്കൊണ്ടു തന്നെ ലോകത്തിലെ ഏവരും കാണാൻ കൊതിക്കുന്ന രാജ്യമായി സൗദി അറേബ്യയെ പരിവർത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഭരണ കർത്താക്കൾ.  ഇതോടൊപ്പം വിസ നടപടിക്രമങ്ങളിലെ ലാളിത്യവും കൂടിയായപ്പോൾ സൗദിയിലേക്കു വരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ കവാടം ഏവർക്കുമായി മലർക്കെ തുറന്നിട്ടിരിക്കുകയാണ്.  


2022 ൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം സൗദി അറേബ്യക്കായിരുന്നുവെന്ന വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ വെളിപ്പെടുത്തൽ തന്നെ ഇതിനു തെളിവാണ്. കഴിഞ്ഞ വർഷം  29.5 മില്യൺ വിനോദ സഞ്ചാരികൾ സൗദി സന്ദർശിക്കാനെത്തിയെന്നാണ് സൗദി ടൂറിസം അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഉംറ തീർഥാടകരുടെ എണ്ണത്തിലും ഗണ്യമായ വർധനയാണ് ഉണ്ടായത്. ഹറമുകളിൽ റമദാനിൽ ഉണ്ടാകാറുള്ളതു പോലുള്ള തിരക്കാണ് ഇപ്പോൾ എല്ലായ്‌പോഴും അനുഭവപ്പെടുന്നത്. വിഷൻ 2030 ലക്ഷ്യമിടുന്നത് പ്രതിവർഷം പത്തു കോടി വിദേശികളെയാണ്. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വ്യാപൃതമായിരിക്കുകയാണ് രാജ്യം.  


കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ വിസ നിയമങ്ങളിൽ സൗദി ഒട്ടേറെ ഭേദഗതികളാണ് വരുത്തിയത്. ഇത്  കൂടുതൽ പേരെ  രാജ്യത്തേക്ക് ആകർഷിക്കാൻ അവസരമൊരുക്കി. 45 രാജ്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭ്യമാണ്. നാലു ദിവസം രാജ്യത്തു തങ്ങാവുന്ന വിധം ട്രാൻസിറ്റ് യാത്രക്കാർക്കും വിസ നൽകാൻ തുടങ്ങിയതോടെ വളരെ എളുപ്പം വിസ ലഭിക്കാനും സൗദി സന്ദർശിക്കാനും ഉംറ നിർവഹിക്കാനുമൊക്കെ ലക്ഷക്കണക്കിനു പേർക്കാണ് അവസരം കൈവന്നത്. ഉംറ തീർഥാടകർക്കു ഏതു വിമാനത്താവളത്തിലും വന്നിറങ്ങാനും പോകാനുമുള്ള അനുമതി  കൂടിയായതോടെ കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി. ഉംറ വിസയിലെത്തുന്നവർക്ക് രാജ്യത്തിന്റെ ഏതു കോണിൽ പോകുന്നതിനും തടസ്സമില്ല. ഇതും തീർഥാടന കേന്ദ്രങ്ങളെ മാത്രമല്ല, രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തിരക്കുള്ള  ഇടങ്ങളാക്കി മാറ്റി. സൗദിയിലേക്ക് ഇങ്ങനെയുള്ള ഒഴുക്ക് വിമാന കമ്പനികൾക്കെന്ന പോലെ, ഹോട്ടലുകൾക്കും വ്യാപാര വാണിജ്യ കേന്ദ്രങ്ങൾക്കും വൻ ഉണർവാണുണ്ടാക്കിയിരിക്കുന്നത്. ഒട്ടെറെ തൊഴിൽ സാധ്യതകളും ഇതുമൂലം സൃഷ്ടിക്കപ്പെട്ടു. 


സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സന്ദർശക വിസയിൽ കൊണ്ടുവരാവുന്ന ബന്ധുക്കളുടെ വ്യാപ്തി വർധിപ്പിച്ച് വിസിറ്റിംഗ് വിസയിൽ വരുത്തിയ മാറ്റങ്ങളും സൗദിയിലേക്കു വരുന്ന വിദേശികളുടെ എണ്ണം കൂടാൻ ഇടയാക്കി. വിദേശ തൊഴിലാളികളെ സന്തോഷിപ്പിക്കുന്നതിനും അത് ഇടയാക്കി. ഏറ്റവും അടുത്ത കുടുംബാംഗങ്ങളായ ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിങ്ങനെ കുറഞ്ഞ വിഭാഗങ്ങൾക്കു മാത്രമായിരുന്നു സന്ദർശക വിസ അനുവദിച്ചിരുന്നത്. മറ്റുള്ളവർ എന്ന കാറ്റഗറി വിദേശ മന്ത്രാലയ വെബ്സൈറ്റിന്റെ വിസിറ്റ് വിസ അനുവദിക്കുന്ന പോർട്ടലിൽ ഉണ്ടായിരുന്നുവെങ്കിലും അതു മന്ത്രാലയത്തിന്റെ വിവേചനാധികാര പരിധിയിൽ പെട്ടതായിരുന്നു. അതിനാൽ തന്നെ മറ്റു ബന്ധുക്കൾക്ക് വിസ ലഭിക്കുക ഏറെ ശ്രമകരമായിരുന്നു. എന്നാൽ ഇപ്പോൾ സഹോദരങ്ങൾക്കും പിതാമഹൻമാർക്കും പേരമക്കൾക്കും സഹോദരങ്ങളുടെ മക്കൾക്കുമെല്ലാം വിസ അനുവദിക്കും വിധമാണ് വിസിറ്റ് വിസ നിയമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇത് വിദേശ തൊഴിലാളിക്ക് അവരുടെ കുടുംബക്കാരെയെല്ലാം വിസിറ്റ് വിസയിൽ കൊണ്ടുവരാനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതും രാജ്യത്ത് എത്തുന്നവരുടെ എണ്ണം ഉയരാൻ ഇടയാക്കിയ ഘടകമാണ്.


ഇതിനു പുറമെ താൽക്കാലിക തൊഴിൽ വിസയും അനുവദിക്കാൻ തുടങ്ങിയതോടെ ആ ഇനത്തിലും രാജ്യത്ത് നിരവധി പേർ എത്താൻ തുടങ്ങി.  വിസിറ്റ് വിസയിലും സന്ദർശക, തീർഥാടക വിസയിലും എത്തുന്നവർക്ക് ഇവിടെ ജോലി ചെയ്യുന്നതിനു അനുവാദമില്ല. എന്നാലിപ്പോൾ മൂന്നു മാസ കാലാവധിയുള്ള താൽക്കാലിക തൊഴിൽ വിസയിലെത്തിയാൽ അവർക്ക് ഇവിടെ നിയമാനുസൃതം തൊഴിലെടുക്കാം. ഇതു വേണമെങ്കിൽ മൂന്നു മാസം കൂടി ദീർഘിപ്പിക്കാനും തൊഴിൽ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. താൽക്കാലിക വിസയിൽ കൊണ്ടുവരുന്നവർക്ക് ഇഖാമ വേണ്ടതില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. സ്വദേശിവൽക്കരണ തോത് നിശ്ചയിക്കപ്പെടുന്ന നിതാഖാത് പ്രകാരമുള്ള നിയമങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് താൽക്കാലിക വിസയിൽ തൊഴിലാളികളെ കൊണ്ടുവരുന്നതിന് അനുമതിയുള്ളത്. പുതിയ തലമുറ തൊഴിലിടങ്ങൾ ഇടക്കിടെ മാറാൻ താൽപര്യമുള്ളവരാണ്. നൂതന സാങ്കേതിക വിദ്യകളിൽ പ്രാപ്തിയുള്ളവർക്ക് ലോകത്ത് എവിടെയും സാധ്യതകളും നിലവിലുണ്ട്. അത്തരം സാധ്യതകൾ സൗദിയിലും ലഭ്യമാണെന്നതിനാൽ താൽക്കാലിക തൊഴിൽ വിസയിൽ സൗദിയിലെത്തി പരീക്ഷിക്കാനും പുതിയ തലമുറ തയാറാവും. ലോകത്തെ ഏറ്റവും മികവുറ്റ കലാകായിക മത്സരങ്ങൾക്കും വിനോദോപാധികൾക്കും വേദിയൊരുക്കിയും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിദേശികൾക്കും സൗദിയിലെത്താനുള്ള അവസരങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 


ഓൺ അറൈവൽ, ഓൺലൈൻ വിസകളുടെ വരവോടെ രാജ്യത്തേക്ക് ആയിരങ്ങളെയാണ് ആകർഷിച്ചുകൊണ്ടിരിക്കുന്നത്. വിസ സ്റ്റാമ്പിംഗിന് എംബസി, കോൺസുലേറ്റുകളെ സമീപിക്കേണ്ടതില്ലെന്നു മാത്രമല്ല, സാമ്പത്തികവും സമയ ലാഭവും ഇതുവഴി നേടാമെന്നുള്ളതാണ് ഇതിനു കാരണം. സൗദിയിൽ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളും വിഷൻ 2030 ലക്ഷ്യ സാക്ഷാത്കാരവും കൂടിയാവുമ്പോൾ സൗദിയുടെ മുഖം തന്നെ വേറെയായിരിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട രാജ്യം എന്ന രീതിയിലേക്കാണ് സൗദി ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നത്. 

Latest News