മലപ്പുറം : പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ സ്‌പെഷ്യല്‍ തപാല്‍ വോട്ടുപെട്ടികളില്‍ രണ്ടെണ്ണത്തില്‍ റിട്ടേണിംഗ് ഓഫീസറുടെ ഉള്‍പ്പെടെയുള്ളവരുടെ ഒപ്പില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഇന്ന് പോസ്റ്റല്‍ ബാലറ്റ് പെട്ടികള്‍ ഹൈക്കോടതി തുറന്ന് പരിശോധിച്ചപ്പോഴാണ് ഒപ്പില്ലാത്ത കാര്യം കണ്ടെത്തിയത്. പലയിടത്തും ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവരികയാണ് ഉദ്യോഗസ്ഥര്‍ ചെയ്തിട്ടുള്ളതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ഇത്തരം സംഭവങ്ങള്‍ അനുവദിക്കാവുന്നതല്ലെന്നും കോടതി പറഞ്ഞു.
തുറന്ന പെട്ടികള്‍ ഹൈക്കോടതി വീണ്ടും സീല്‍ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. വോട്ടുപെട്ടികള്‍ കാണാതായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് വേണമെന്ന് വ്യക്തമാക്കിയ വ്യക്തമാക്കിയ കോടതി ഹര്‍ജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.
യു ഡി എഫ് എം.എല്‍.എ നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന കെ പി എം മുസ്തഫയാണ് ഹൈക്കോടതിയെ സമീപിച്ചത്. ബാലറ്റ് പെട്ടിയില്‍ ഒപ്പില്ലെന്ന് കാരണം പറഞ്ഞ് പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ണ്ണമായും എണ്ണിയില്ലെന്നാണ് മുസ്തഫയുടെ പരാതി. 38 വോട്ടുകള്‍ക്കാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലീം ലീഗിലെ നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ വിജയിച്ചത്.