തിരുവനന്തപുരം-ഏഷ്യാനെറ്റ് ന്യൂസിന്റെ അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണിനെ ചോദ്യം ചെയ്യാന്‍ കേരള പോലീസിന്റെ നോട്ടീസ്. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് പോലീസ് വിനു വി ജോണിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. കേരള പോലീസ് നോട്ടീസ് ദേശീയ മാധ്യമങ്ങളിലുള്‍പ്പടെ ചര്‍ച്ചയായിട്ടും മാധ്യമ സ്വാതന്ത്രിനായി വാദിക്കാറുള്ള സി പി എം ദേശീയ നേതൃത്വം ഇനിയും മൗനം വെടിഞ്ഞിട്ടില്ല. ബി ബി സി വിഷയത്തിലടക്കം അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്ന സി പി എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതെന്ന തരത്തില്‍ ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ നടപടിയില്‍ അഭിപ്രായം ആരാഞ്ഞെങ്കിലും സി പി എം കേന്ദ്ര നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ല. വിഷയത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടും നിലപാട് ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ തയ്യാറിയില്ല.
2022 മാര്‍ച്ച് 28 ന് ട്രേഡ് യൂണിയനുകള്‍ അഹ്വാനം ചെയ്ത പണിമുടക്കില്‍ നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് രണ്ട് കുട്ടികളുമായി ഓട്ടോയില്‍ പോയ കുടുംബത്തെ വാഹനം ആക്രമിച്ച് വഴിയില്‍ ഇറക്കി വിട്ടു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ചു. കാറില്‍ ആശുപത്രിയില്‍ പോയ സ്ത്രീയെ വഴിയില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് പോയ ഓട്ടോയുടെ കാറ്റഴിച്ച് വിട്ട് യാത്രക്കാരനെ ഇറക്കിവിട്ടു തുടങ്ങിയ നിരവധി സംഭവങ്ങളായിരുന്നു ഉണ്ടായിരുന്നു. വിഷയത്തില്‍ സി ഐ ടി യു നേതാവും എം പിയുമായ എളമരീം കരീം നടത്തിയ പരിഹാസത്തെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു വിനു വി ജോണിനെതിരായ പോലീസ് കേസ്. തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ പത്തു നിബന്ധനകള്‍ ഉള്‍പ്പെടുത്തിയുള്ള നോട്ടീസാണ് പോലീസ് ചോദ്യം ചെയ്യലിന് നല്‍കിയത്.
കേസില്‍ ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് വിനു വി ജോണിനോട് നിര്‍ദേശിച്ചിട്ടുള്ളത്. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.