റിയാദ് - മൂന്നു നൂറ്റാണ്ടോളം നീളുന്ന സൗദിയുടെ സമ്പന്നമായ ഗതകാല ചരിത്ര സ്മരണകളുണർത്തി നാടെങ്ങും വിപുലമായ സ്ഥാപകദിനാഘോഷങ്ങൾ. വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും നഗരസഭകളും ഗവർണറേറ്റുകളും സുരക്ഷാ വകുപ്പുകളും സാംസ്‌കാരിക സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് സൗദി അറേബ്യയുടെ തുടിക്കുന്ന ചരിത്ര സ്മരണകളും പൂർവപിതാക്കളുടെ വീരചരിത്രങ്ങളും പുതുതലമുറകളുടെ മനസ്സുകളിൽ കോറിയിട്ടു. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഗവർണറേറ്റുകളും സർക്കാർ മന്ത്രാലയങ്ങളും മറ്റു സ്ഥാപനങ്ങളും ഹരിതവർണമണിഞ്ഞിരുന്നു. പ്രധാന നഗരങ്ങളിലെ തെരുവുകളെല്ലാം ദേശീയ പതാകകൾ തൂക്കിയിരുന്നു. വിദേശ രാഷ്ട്ര നേതാക്കളും സൗദി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ആശംസകൾ നേർന്നു.
രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും അനാവരണം ചെയ്യുന്ന നാടകങ്ങളും കവിയരങ്ങളും സുരക്ഷാ വകുപ്പുകളുടെ പരേഡുകളും വ്യോമാഭ്യാസ പ്രകടനങ്ങളും സ്ഥാപകദിനാഘോഷങ്ങൾക്ക് മിഴിവേറ്റി. ഒന്നാം സൗദി ഭരണകൂടത്തിന്റെ തലസ്ഥാന നഗരിയായ ദിർഇയ്യയിൽ സുരക്ഷാ വകുപ്പകളുടെ പ്രകടനത്തിൽ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തത് വേറിട്ട കാഴ്ചയായി.
നാഷണൽ ഗാർഡ്, മുജാഹിദീൻ സുരക്ഷാ സേന, സ്‌പെഷ്യൽ സെക്യൂരിറ്റി ആന്റ് പ്രൊട്ടക്ഷൻ സേനക്കു കീഴിലെ കുതിരപ്പടയാളികൾ, ഒട്ടകപ്പടയാളികൾ, പൊതുസുരക്ഷാ വകുപ്പ്, സിവിൽ ഡിഫൻസ്, വ്യവസായ സുരക്ഷാ സേന, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ, പരിസ്ഥിതി സുരക്ഷാ സേന, കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജ്, സെക്യൂരിറ്റി റെജിമെന്റ് വിഭാഗം എന്നിവ അടക്കം വിവിധ സുരക്ഷാ വകുപ്പുകൾക്കു കീഴിലെ നൂറു കണക്കിന് ഭടന്മാർ പരേഡിൽ അണിനിരന്നു. സമ്പന്നമായ പൈതൃകത്തിന്റെ ഓർമപ്പെടുത്തലുകളായി സ്ത്രീപുരുഷന്മാരും കുട്ടികളും പുരാതന വേഷവിധാനങ്ങൾ അണിഞ്ഞുള്ള പരേഡുകൾ പല നഗരങ്ങളിലും നടന്നു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി നൽകിയത് ആഘോഷ പരിപാടികളിലെ ജനപങ്കാളിത്തം ഉയർത്തി.
രാജ്യം സ്ഥാപിതമായതിന്റെ വാർഷികത്തിൽ അഭിമാനിക്കുന്നതായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പറഞ്ഞു. 1727 ൽ രാജ്യം നിലവിൽവന്നതു മുതലുള്ള മൂന്നു നൂറ്റാണ്ടിന്റെ ചരിത്രം പ്രകടിപ്പിക്കുന്ന സ്ഥാപകദിനവാർഷികം അഭിമാനത്തോടെ ഓർക്കുന്നു. മൂന്നു ശതാബ്ദത്തിനിടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുകയും വെല്ലുവിളികളിലൂടെ ജിവിക്കുകയും ചെയ്തു.
ഈ നാടിന്റെയും ജനങ്ങളുടെയും കുലീനതയെ ഉൾക്കൊള്ളുന്ന അടിസ്ഥാനം എക്കാലവും ഐക്യവും സ്ഥിരതയും ആയിരുന്നു - സൽമാൻ രാജാവ് ട്വീറ്റ് ചെയ്തു. രണ്ടാമത് സ്ഥാപകദിനാഘോഷത്തിനാണ് സൗദി അറേബ്യ ഇന്നലെ സാക്ഷ്യം വഹിച്ചത്. എല്ലാ വർഷവും ഫെബ്രുവരി 22 ന് സ്ഥാപകദിനമായി ആചരിക്കാൻ തീരുമാനിച്ചുള്ള രാജകൽപന 2022 ജനുവരി 27 ന് ആണ് പുറപ്പെടുവിച്ചത്.