Sorry, you need to enable JavaScript to visit this website.

കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയും അദാനിയും തമ്മിലെന്ത്

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് മൂക്കുംകുത്തി വീണ അദാനിയും കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയും തമ്മിൽ ബന്ധമുണ്ട്. ഒരുകാലത്തെ സൂപ്പർ ഹിറ്റ് സിനിമയായ മീശമാധവനിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രമാണ് ഭഗീരഥൻ പിള്ള. ഈ പിള്ളയാണ് അദാനിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളിലെ കഥാപാത്രങ്ങളിലൊന്ന്. ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയിൽ അദാനിക്ക് അനുകൂലമായി ലേഖനം തിരുത്തി എഴുതിയതിൽ ഭഗീരഥൻ പിള്ളക്കും ബന്ധമുണ്ട് എന്നാണ് പുതിയ കണ്ടെത്തൽ. അദാനിക്കായി ലേഖനം തിരുത്തി എഴുതിയ നാൽപത് പേരിൽ ഒരാൾ ഭഗീരഥൻ പിള്ളയാണ്. അദാനിക്കായി പി.ആർ വർക്ക് നടത്തിയ കാര്യം വിക്കിപീഡിയയുടെ കീഴിലുള്ള ഓൺലൈൻ പത്രമായ ദി സൈൻ പോസ്റ്റും വാർത്താ ഏജൻസിയായ പി.ടി.ഐയും റിപ്പോർട്ട് ചെയ്യുന്നു. 

'ദി ലാർജസ്റ്റ് കോൺ ഇൻ കോർപ്പറേറ്റ് ഹിസ്റ്ററി' (കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരൻ) എന്ന തലക്കെട്ടിലെ ലേഖനത്തിലാണ് അദാനിയ്‌ക്കെതിരായ വിവരങ്ങൾ ഉള്ളത്. എന്നാൽ 40ലധികം എഡിറ്റർമാർ പണം വാങ്ങി അദാനി കുടുംബത്തിനും കുടുംബ വ്യവസായങ്ങൾക്കും അനുകൂലമായി പത്തോളം ആർട്ടിക്കിളുകൾ ഉണ്ടാക്കി. ലേഖനത്തിൽ പല ആർട്ടിക്കിളുകളും തിരുത്തി നുണയും പക്ഷപാതപരമായ കാര്യങ്ങളും ചേർക്കുകയും ചെയ്തു. ഒരാൾ ഒരു കമ്പനിയുടെ ഐ.പി അഡ്രസ് ഉപയോഗിച്ച് അദാനി ഗ്രൂപ്പ് ആർട്ടിക്കിൾ സമ്പൂർണമായി തിരുത്തിയെഴുതി. ഇങ്ങനെ തിരുത്തിയവരിൽ ഒരാൾ താൻ അദാനി ഗ്രൂപ്പിലെ ജോലിക്കാരനായിരുന്നുവെന്നും ഓൺലൈൻ പത്രമായ ദി സൈൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 
അദാനിയുടെ പേരിലുള്ള വിക്കിപീഡിയ ആർട്ടിക്കിൾ തിരുത്തിയത് 22 വ്യാജ അക്കൗണ്ടുകളാണ് എന്നും ലേഖനത്തിൽ പറയുന്നു. അദാനി ഗ്രൂപ്പ്, ഗൗതം അദാനി, ഭാര്യയും അദാനി ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ പ്രീതി അദാനി, മകൻ കരൺ അദാനി, കരണിന്റെ സഹോദരീപുത്രൻ പ്രണവ് അദാനി, അദാനി എന്റർെ്രെപസസ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്‌സ് എന്നീ ആർട്ടിക്കിളുകളൊക്കെ പലതവണ പല വ്യാജ അക്കൗണ്ടുകളും തിരുത്തി. അദാനി ഗ്രൂപ്പ് ആർട്ടിക്കിൾ തിരുത്തിയ വ്യാജ അക്കൗണ്ടുകളിൽ ഒന്നിന്റെ പേരാണ് 'കൃഷ്ണവിലാസം ഭഗീരഥൻ പിള്ള' എന്നാണ്.

രണ്ട് വർഷം മുമ്പ് ഒരാളുടെ ആവശ്യപ്രകാരമാണ് അദാനിക്ക് വേണ്ടി ലേഖനം എഴുതിയതാണ് എന്നാണ് കൃഷ്ണവിലാസം ഭഗീരഥൻ പിള്ള പറയുന്നു. പ്രതിഫലം വാങ്ങിയാണ് ലേഖനം എഴുതിയത്. അതല്ലാതെ അദാനിയുമായി ബന്ധമില്ലെന്നും ഭഗീരഥൻ പിള്ള പറയുന്നു. അതേസമയം അദാനിക്കായി ആർട്ടിക്കിൾ തിരുത്തിയ എക്കൗണ്ടുകളെല്ലാം വിക്കിപീഡിയ ബ്ലോക്ക് ചെയ്തു. തിരുത്തിയ വ്യാജ അക്കൗണ്ടുകൾ തുറക്കുമ്പോൾ 'സോക്ക്പപ്പറ്റ്' ആണെന്ന വിവരത്തോടൊപ്പം ഒറിജിനൽ അക്കൗണ്ട് ലിങ്കും നൽകിയിട്ടുണ്ട്. ഒറിജിനൽ അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇത് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന അറിയിപ്പാണ് ലഭിക്കുന്നത്.

വ്യാജ എക്കൗണ്ടുകൾ വഴിയും അല്ലാതെയും കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് അദാനി ഗ്രൂപ്പ് എന്ന ഹിൻഡൻബർഗിന്റെ റിപ്പോർട്ട് ശരിവെക്കുന്ന വിവരമാണ് ഇത്. വ്യാജ പ്രൊഫൈലുകളിലൂടെയാണ് ഇത്തരത്തിൽ അദാനി തന്റെ സാമ്രാജ്യം പടുത്തുയർത്തിയത്. വിവിധ ഭാഷകളിൽ ഇത്തരത്തിൽ അദാനി വ്യാജ നിർമ്മിതി ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിൽ അധികാരത്തിൽ എത്താൻ ബി.ജെ.പി സ്വീകരിച്ച അതേവഴി തന്നെയാണ് പണ സമ്പാദനത്തിന് അദാനിയും ഉപയോഗിച്ചത്. ലക്ഷ്യത്തിലേക്ക് എത്താനുള്ള മാർഗങ്ങളിൽ ഒന്നായിരുന്നു വ്യാജ നിർമ്മിതികളും. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നിരുന്നില്ലെങ്കിൽ ഇനിയും ഒരുപാട് കൃഷ്ണവിലാസം ഭഗീരഥൻ പിള്ളമാർ ഉണ്ടാകുമായിരുന്നു.
 

Latest News