മലപ്പുറം - അഖിലേന്ത്യ മുസ്‌ലിം സംഘടന പ്രതിനിധികൾ ഒരുമിച്ച് ആർ.എസ്.എസുമായി നടത്തിയ ചർച്ചയെ ജമാഅത്ത് - ആർ.എസ്.എസ് ചർച്ച എന്ന രീതിയിൽ ചിത്രീകരിച്ചും വക്രീകരിച്ചും നുണ പ്രചരിപ്പിച്ച് അതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗപ്പെടുത്തുകയാണ് സി.പി.എം ചെയ്യുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ്.
സി.പി.എമ്മിന്റ കേന്ദ്ര വിരുദ്ധ ജാഥ ജമാഅത്ത് വിരുദ്ധ ജാഥയായും പ്രതിരോധ റാലി ധ്രുവീകരണ റാലിയായും മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ ഭീകരതക്കെതിരെ യുവജന പ്രതിരോധം എന്ന തലക്കെട്ടിൽ ഫെബ്രുവരി 26 ന് മഞ്ചേരിയിൽ നടക്കുന്ന യുവജന റാലിയേയും പൊതു സമ്മേളനത്തെക്കുറിച്ച് അറിയിക്കാൻ മലപ്പുറം പ്രസ് ക്ലബിൽ നടത്തിയ പ്രസ് മീറ്റിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച അബ്ദുൽ മാഹിദ്, അഭിഭാഷകയും എഴുത്തുകാരിയുമായ സുചിത്ര വിജയൻ, ജമാഅത്തെ ഇസ്‌ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ, സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ, ഡോ. നഹാസ് മാള, ആക്ടിവിസ്റ്റ് ബി. അംബിക, വിവിധ മുസ്‌ലിം യുവജന സംഘടനാ നേതാക്കൾ തുടങ്ങിയവർ മഞ്ചേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, റഷാദ് വി.പി തുടങ്ങിയവർ പങ്കെടുത്തു.