കോട്ടയം : നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണങ്ങളുമായി സംഘടനയിലെ ഒരു വിഭാഗം രംഗത്ത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലും പരാതി നല്‍കിയിട്ടുണ്ട്. സംഘടനയില്‍ നടക്കുന്ന രൂക്ഷമായ ചേരിപ്പേരിന്റെ ഭാഗമായാണ് ജനറല്‍ സെക്രട്ടറിക്കെതിരെ പരാതി ഉയര്‍ന്നിട്ടുള്ളത്. സംഘടനയുടെ സ്വത്തുക്കളെല്ലാം സുകുമാരന്‍ നായര്‍ വിറ്റ് തുലയ്ക്കുകയാണെന്നും 2013 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ കമ്പനീസ് ആക്ടിന്റെ പൂര്‍ണമായ ലംഘനമാണ് സുകുമാരന്‍ നായര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.
എന്‍.എസ്.എസിന്റെ ഉടമസ്ഥതയില്‍ കന്യാകുമാരിയിലെ കോടികള്‍ വിലമതിക്കുന്ന സ്ഥലം പോലും സുകുമാരന്‍ നായരുടെ ആശീര്‍വാദത്തോടെ വിറ്റു. കുറെ വര്‍ഷങ്ങളായി ഒരുതരത്തിലും പുരോഗതിയിലേക്കു നായര്‍ സര്‍വീസ് സൊസൈറ്റിയെ നയിക്കാന്‍ സുകുമാരന്‍ നായര്‍ക്ക് കഴിഞ്ഞിട്ടില്ല മന്നത്ത് പത്മനാഭന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സ്വത്തുവകകളില്‍ പലതും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വിറ്റു തുലയക്കുകയാണെന്നും പരാതിക്കാര്‍ ആരോപണം ഉയര്‍ത്തുന്നു. ഇതിനെല്ലാമുള്ള തെളിവുകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഇവര്‍ വ്യക്തമാക്കി. സുകുമാരന്‍ നായരുടെ കുടുംബത്തിലുള്ളവര്‍ എന്‍ എസ് എസിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിക്കൂടിയാണ് അഴിമതി നടത്തുന്നത്. എന്‍ എസ് എസ് മുന്‍ വൈസ് പ്രസിഡണ്ടും രജിസ്ട്രാറും ആയിരുന്ന പ്രൊ. വി പി ഹരിദാസ്,മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ സി ആര്‍ വിനോദ് കുമാര്‍, മന്നത്ത് പത്മനാഭന്റെ കൊച്ചുമകന്‍ ശങ്കര്‍ മന്നത്ത് തുടങ്ങിയവര്‍ എന്നിവരാണ് സുകുമാരന്‍ നായര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍, തനിക്കതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയാറായിട്ടില്ല. ഇതിന് പകരം താലൂക്ക് യൂണിയനുകളുടെ ചുമതലയുള്ള എല്ലാ കരയോഗങ്ങള്‍ക്കും തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ടുള്ള വിശദീകരണ കുറിപ്പ് അയക്കുകയാണ് എന്‍.എസ്.എസ് നേതൃത്വം ചെയ്തിട്ടുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)