റിയാദ് - സന്ദർശക വിസയിൽ രാജ്യത്ത് കഴിയുന്നവരെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിയമാനുസൃതം ജോലി ചെയ്യാൻ അനുവദിക്കുന്ന അജീർ പെർമിറ്റ് യെമനികൾക്കും സിറിയക്കാർക്കും മാത്രമേ ഇഷ്യു ചെയ്യുകയുള്ളൂവെന്ന് അജീർ പ്രോഗ്രാം വ്യക്തമാക്കി. സിറിയക്കാരും യെമനികളും ഒഴികെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റു വിദേശികൾ സ്വകാര്യ സ്ഥാപനത്തിന്റെ സ്‌പോൺസർഷിപ്പിൽ രാജ്യത്ത് നിയമാനുസൃതം കഴിയുന്നവരായിരിക്കണം. സ്വന്തം തൊഴിലുടമയല്ലാത്ത, നിശ്ചിത സ്ഥാപനത്തിൽ താൽക്കാലികമായി നിർണിത കാലത്തേക്ക് ജോലി ചെയ്യാൻ വിദേശികളെ നിയമാനുസൃതം അനുവദിക്കുകയാണ് അജീർ പ്രോഗ്രാം ചെയ്യുന്നത്.
താൽക്കാലിക തൊഴിൽ വ്യവസ്ഥാപിതമാക്കുകയും തൊഴിലാളികളെ എളുപ്പത്തിൽ ലഭ്യമാക്കുകയുമാണ് അജീർ ചെയ്യുന്നത്. ഏതെങ്കിലും സ്ഥാപനത്തിൽ ആവശ്യത്തിൽ കൂടുതലുള്ള തൊഴിലാളികളെ നിയമാനുസൃതം താൽക്കാലികമായി പ്രയോജനപ്പെടുത്താൻ അജീർ സേവനം മറ്റു സ്ഥാപനങ്ങളെ അനുവദിക്കുന്നു. വിദേശങ്ങളിൽ നിന്ന് പുതിയ വിസയിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു പകരം സൗദിയിൽ കഴിയുന്ന വിദേശികളെ നിയമാനുസൃതം താൽക്കാലികമായി പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുകയാണ് അജീർ പ്രോഗ്രാം ചെയ്യുന്നത്.