ദമാം - നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ദമാം റീജിയണൽ കലാസാംസ്‌കാരിക വിഭാഗം അനുശോചിച്ചു.
സ്ത്രീ സാന്നിധ്യം അധികമില്ലാതിരുന്ന കാലത്ത് കോമഡി പരിപാടികളിലെ ജനപ്രിയ താരമായാണ് സുബി സുരേഷ് കലാരംഗത്ത് സജീവമായത്. സിനിമാല, കുട്ടിപ്പട്ടാളം തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെയാണ് സുബി എന്ന കലാകാരിയെ മലയാളികൾ ശ്രദ്ധിക്കുന്നത്. കൊച്ചിൻ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി ശ്രദ്ധേയമായ ഒട്ടേറേ സിനിമകളിലും നല്ല വേഷങ്ങൾ ചെയ്തു. ഏറെ ആരാധകരുള്ള സുബി ഇനിയും ഏറെ ഉയരങ്ങളിലേക്ക് എത്തേണ്ടിയിരുന്നകലാകാരിയായിരുന്നു.
സുബിയുടെ അപ്രതീക്ഷിത വിയോഗം കലാരംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത് എന്നും കലാസാംസ്‌കാരിക വിഭാഗം കൺവീനറായ റഊഫ് ചാവക്കാട് അനുശോചന കുറിപ്പിൽ പറഞ്ഞു.