Sorry, you need to enable JavaScript to visit this website.

ചിട്ടയില്ലാത്ത ജീവിതവും ആഹാരക്രമവും താളം തെറ്റിച്ചു-സുബി സുരേഷ്

കൊച്ചി- രോഗങ്ങളും അവശതയും ഉള്ളിലൊതുക്കിയാണ് സുബി സുരേഷ് മലയാളികളെ ചിരിപ്പിച്ചത്. ഹാസ്യ പരിപാടികളിലൂടെയും കോമഡി ഷോകളിലും സിനിമകളിലും മലയാളികളെ എല്ലാം മറന്ന് പൊട്ടിച്ചിരിപ്പിച്ച സുബി സുരേഷ് സ്വന്തം വേദനകളിലൂടെയായിരുന്നു എന്നും ജീവിച്ചത്. പലപ്പോഴും ഇക്കാര്യം നടി തുറന്നു പറയുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് രോഗം മൂർച്ഛിച്ച് ഏറെ അവശയായ സുബി സുരേഷ് തന്റെ രോഗവിവരം സ്വന്തം യു റ്റിയൂബ് ചാനലിലൂടെ പുറത്തുവിടുകയും ചെയ്തു. ഇന്ന് രാവിലെ അപ്രതീക്ഷിതമായ വിയോഗമുണ്ടായപ്പോൾ സുബിയുടെ പഴയ വീഡിയോ വീണ്ടും ആളുകളിലേക്കെത്തുകയാണ്.

സുബിയുടെ വാക്കുകൾ: 
കുറച്ചു നാളായി വിഡിയോകളൊന്നും ഇട്ടിരുന്നില്ല. കാരണം എന്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ ഒന്നു വർക്ക്‌ഷോപ്പിൽ കയറി. എന്റെ കൈയിലിരുപ്പ് കൂടി കുറച്ചു നന്നാകണമല്ലോ. ഞാൻ ആശുപത്രിയിലായി എന്നറിയിക്കാനല്ല കേട്ടോ ഈ വീഡിയോ, എന്നെ പോലെ ഒരു അടുക്കും ചിട്ടയുമില്ലാതെ ഒന്നും ശ്രദ്ധിക്കാത്തവർ ഉണ്ടെങ്കിൽ അല്പം ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കുറച്ചു കൂടി നന്നായിട്ട് മുൻപോട്ട് പോകാൻ പറ്റും എന്ന ഒരു ഇൻഫർമേഷൻ മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്.

സമയത്തിന് ആഹാരം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക ഇങ്ങനെയുള്ള യാതൊരു നല്ല ശീലവും ഇല്ലായിരുന്നു. അതിനാൽ എല്ലാം ഒരുമിച്ചു വന്നു. ഒരു ഷൂട്ടിനു പോകേണ്ടതിന്റെ തലേദിവസം മുതൽ ഒട്ടും വയ്യാതെയായി. ശരീരവേദന, നെഞ്ചുവേദന, ഗ്യാസ്ട്രിക് പ്രശ്‌നം, ഫുഡൊന്നും കഴിക്കാൻ പറ്റിയില്ല. വല്ലാത്ത ഛർദിയും. കരിക്കിൻ വെള്ളം കുടിച്ചാൽ പോലും ഛർദിക്കുമായിരുന്നു.
രണ്ട് ദിവസം ആഹാരം കഴിക്കാതിരുന്നാൽ ശരീരത്തിനും താങ്ങാനാകില്ലല്ലോ. വല്ലാതെ തളർന്നു പോയി. ഗ്യാസ്ട്രിക് പ്ലോബ്ലം വന്നപ്പോൾ നെഞ്ചും പുറവുമൊക്കെ ഭയങ്കര വേദന. ഷോൾഡറിന് വേദന വന്നപ്പോൾ തിരുവനന്തപുരത്തൂന്ന് ഇസിജി എടുത്തു നോക്കി. മനുഷ്യന്റെ കാര്യമല്ലേ? അതിൽ കുഴപ്പമൊന്നും ഇല്ലായിരുന്നു. പക്ഷേ കുറച്ച് പൊട്ടാസ്യം കുറവുണ്ടായിരുന്നു. അത് നേരത്തെ എന്നെ ചികിത്സിച്ചിരുന്ന രാജഗിരിയിലെ ഡോക്ടറും പറഞ്ഞിരുന്നു. അതൊക്കെ കഴിഞ്ഞിട്ടും ഞാൻ മരുന്നൊന്നും കറക്ടായിട്ട് കഴിച്ചില്ല. ഷൂട്ടും യാത്രയുമൊക്കെയായി നടന്നു.

എല്ലാവരും വിചാരിക്കും കാശുണ്ടാക്കാനായി നടന്നു എന്ന്. പ്രോഗ്രാം ചെയ്യാനായി ആർത്തിയുള്ള ഒരാളാണ്. പൈസയോടല്ല, വർക്ക് ചെയ്യാനായി ക്രെയ്‌സ് ആണെനിക്ക്. ഒന്നും ശ്രദ്ധിക്കാതെ നടന്നു. സമയത്ത് ആഹാരം കഴിക്കാത്തതിന്റെ പേരിൽ അനിയനും അമ്മയുമൊക്കെ വഴക്കു പറയും. ആഗ്രഹമുള്ള എന്തു സാധനം വേണമെങ്കിലും മേടിച്ചു തരാനായി അനിയനും അമ്മയുമൊക്കെ തയാറാണ്. പക്ഷേ എനിക്ക് കഴിക്കാനുള്ള മനസ് വരില്ല. വിശന്നാൽ കഴിക്കണം എന്നല്ല, കഴിക്കണമെന്ന് എനിക്ക് തോന്നണം. എന്നാലേ ആഹാരം കഴിക്കൂ. അതൊക്കെ എന്റെ ദുശീലമാണ് അതെല്ലാവരും മനസ്സിലാക്കണം.

ആഹാരം കഴിക്കാതെയിരുന്ന് ഗ്യാസ്ട്രിക് പ്രശ്‌നം ഉണ്ടായി ഗ്യാസ്‌ട്രോളജിസ്റ്റിനെ കാണേണ്ടി വന്നു. പാൻക്രിയാസിൽ ഒരു സ്‌റ്റോൺ ഉണ്ട്. ഇപ്പോഴത് വലിയ അപകടകാരി അല്ല. അതിനു മരുന്ന് കഴിച്ച് പത്തു ദിവസത്തോളം ഞാൻ ആശുപത്രിയിൽ ആയിരുന്നു. ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തി. പ്രഷറും ഷുഗറുമൊന്നുമില്ല. പാൻക്രിയാസിലെ സ്‌റ്റോൺ പത്തു ദിവസം മരുന്ന് കഴിച്ച് കുറവില്ലെങ്കിൽ കീഹോളിലൂടെ കളയാവുന്നതേയുള്ളൂ. കൂടാതെ മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം അങ്ങനെയുള്ള ഇത്യാദി സാധനങ്ങളൊക്കെ എന്റെ ശരീരത്തിൽ കുറവാണ്. മഗ്‌നീഷ്യം കുറഞ്ഞപ്പോൾ കൈയും കാലും കോച്ചിപ്പിടിക്കുക, മസിലു കയറുക തുടങ്ങിയ ബുദ്ധിമുട്ടുകളൊക്കെ വന്നു. പൊട്ടാസ്യം കുറയുമ്പോൾ പലതരത്തിലുള്ള മേജർ അസുഖങ്ങൾ വരുമെന്ന് പറയുന്നു എനിക്കതിനെക്കുറിച്ച് അറിയില്ല. ഇതൊക്കെ ട്രിപ്പിടേണ്ടി വന്നു.

മഗ്‌നീഷ്യം കയറ്റിയപ്പോൾ വലിയ പ്രശ്‌നമൊന്നുമുണ്ടായില്ലെങ്കിലും പൊട്ടാസ്യം കയറ്റിയപ്പോൾ അത് ഞരമ്പിലൂടെ കയറിയിറങ്ങുന്ന വേദന ഭയങ്കരമായിരുന്നു. നമ്മുടെ കൈയിലിരുപ്പു കൊണ്ടാണല്ലോ എന്നോർത്ത് അതൊക്കെയങ്ങ് സഹിച്ചു. ഫുഡ് ഒക്കെ ബാലൻസ് ചെയ്തു. മൂന്നു നേരം ആഹാരം കഴിച്ചു. ഈ അടുത്ത വർഷങ്ങളിൽ ഇങ്ങനെ മൂന്നു നേരം തികച്ച് ഭക്ഷണം കഴിച്ചതായി ഞാൻ ഓർക്കുന്നില്ല. കുറച്ചൊക്കെ എന്റെ ഉഴപ്പ് കൊണ്ട് സംഭവിച്ചതാണ്.

ഷൂട്ടൊക്കെ കഴിഞ്ഞു വീട്ടിൽ വന്നു കിടന്നാൽ വൈകുന്നേരം നാലിനും അഞ്ചുമണിക്കുമാണ് എഴുന്നേൽക്കുന്നത്. ഇടയ്ക്ക് എഴുന്നേറ്റാൽതന്നെ കുറച്ചു വെള്ളമൊക്കെ കുടിച്ചിട്ട് കിടക്കും. വിശന്നാലും മടിപിടിച്ച് കിടക്കും. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്‌നം. ദിവസത്തിൽ ഒരു നേരമൊക്കെ ആയിരിക്കും ആഹാരം കഴിക്കുന്നത്. അങ്ങനെയാണ് ഒരു വിഡിയോ പോലും എടുക്കാൻ പറ്റാത്ത രീതിയിൽ പത്തു ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നത്. ഹോസ്പിറ്റലിൽ കിടന്ന് ആഹാരമൊക്കെ കൃത്യമായി കഴിച്ച് ഇപ്പോൾ രണ്ടു മൂന്നു കിലോയൊക്കെ കൂടി. ഇപ്പോൾ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു.

ആർട്ടിസ്റ്റുകൾ എന്നല്ല അല്ലാതെ സാധാരണക്കാരാണെങ്കിലും എന്തെങ്കിലും സമയത്തിന് കുറച്ചെങ്കിലും കഴിക്കാൻ പറ്റുന്നത് ഇഷ്ടമുള്ളത് കഴിക്കുക. ഇച്ചിരി പഴഞ്ചോറ് ആണെങ്കിലും കഞ്ഞി ആണെങ്കിലും അച്ചാറു കൂട്ടി കഴിക്കുക. ഇഷ്ടമുളള എന്താണെങ്കിലും നട്‌സോ ഫ്രൂട്ട്‌സോ ഒക്കെ കഴിക്കുക. പൊട്ടാസ്യം ഒക്കെ കൂടാനായിട്ട് നല്ല പഴങ്ങളൊക്കെ കഴിക്കാനാണ് ഡോക്ടർ പറയുന്നത്. ഇതൊക്കെ അനുഭവസ്ഥ എന്ന നിലയിൽ നിങ്ങളോട് ഷെയർ ചെയ്തുവെന്നേ ഉള്ളൂ. ഞാനും ചെറുതായി നന്നായി തുടങ്ങി കേട്ടോ.
വീഡിയോ വൈകിയതിൽ ക്ഷമ ചോദിച്ചാണ് സുബി സുരേഷ് സംസാരം അവസാനിപ്പിക്കുന്നത്. 

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി സുരേഷ്. കരൾ മാറ്റവെക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു മരണം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്‌സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബൻഡ്‌സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 
നാളെ മൂന്ന്  മണിക്ക് ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്‌കരിക്കും. അച്ഛൻ: സുരേഷ്, അമ്മ: അംബിക, സഹോദരൻ: എബി സുരേഷ്. 
 

Latest News