ബെംഗളുരു- ബെംഗളുരുവിൽ ചികിത്സയിലുള്ള കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. ശ്വാസകോശത്തിലെ അണുബാധ മാറിയിട്ടുണ്ട്. ആദ്യറൗണ്ട് ഇമ്മ്യൂണോതെറാപ്പി പൂർത്തിയായെന്നും എച്ച്.സി.ജി.സി ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സയുടെ രണ്ടാം റൗണ്ട് മാർച്ച് ആദ്യവാരം തുടങ്ങും. ഉമ്മൻചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയതായും വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങൾ ബെംഗളുരുവിൽ അദ്ദേഹത്തോടൊപ്പമുണ്ട്. ജർമനിയിൽ നടന്ന ചികിത്സയുടെ തുടർ ചികിത്സയാണ് ബംഗളൂരുവിലെ എച്ച്.സി.ജി കാൻസർ സെന്ററിൽ നടത്തുന്നത്. നാട്ടിലേക്ക് പോകാനായി ആശുപത്രിയിൽനിന്ന് നേരത്തെ ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും കൂടുതൽ യാത്രകൾ ഒഴിവാക്കുന്നതിനും മറ്റു സൗകര്യങ്ങളും പരിഗണിച്ച് കുടുംബം തത്കാലം ബാംഗ്ലൂരിൽതന്നെ കഴിയുകയായിരുന്നു.