ലിവര്‍പൂള്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിന്റെ മറ്റൊരു മായിക രാവ്. പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ രണ്ടു ഗോളിന് പിന്നിലായ ശേഷം ഒന്നാന്തരമായി തിരിച്ചുവന്ന റയല്‍ 5-2 ന് ലിവര്‍പൂളിനെ തകര്‍ത്തു. ബെര്‍ണബാവുവില്‍ മഹാദ്ഭുതം സംഭവിച്ചില്ലെങ്കില്‍ ലിവര്‍പൂളിന്റെ കഥ സ്വന്തം ഗ്രൗണ്ടില്‍ തീര്‍ന്നതായി അനുമാനിക്കാം.
ലോകത്തെ മികച്ച ഗോളിമാരായ റയലിന്റെ തിബൊ കോര്‍ടവയും ലിവര്‍പൂളിന്റെ അലിസനും കുട്ടികള്‍ക്ക് സംഭവിക്കുന്ന പിഴവ് വരുത്തിയ മത്സരത്തില്‍ നാലാം മിനിറ്റില്‍ ലീഡ് നേടിയ ശേഷമാണ് ലിവര്‍പൂള്‍ തകര്‍ന്നടിഞ്ഞത്. കോര്‍ടവയുടെ അബദ്ധവും കൂടിയായതോടെ പതിനാലാം മിനിറ്റില്‍ റയല്‍ 0-2 ന് പിന്നിലായി. വിനിസിയൂസ് ജൂനിയറാണ് ഇരട്ട ഗോളോടെ തിരിച്ചുവരവിന് തുടക്കമിട്ടത്. കരീം ബെന്‍സീമ രണ്ടു ഗോളോടെ വിജയം ആഘോഷമാക്കി. ബോക്‌സിനു മുന്നില്‍ വഴങ്ങിയ ഫ്രീകിക്ക് തടുക്കുന്നതില്‍ ലിവര്‍പൂള്‍ പ്രതിരോധത്തിന് അബദ്ധം സംഭവിച്ചതോടെ എഡര്‍ മിലിറ്റാവോയും സ്‌കോര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം ഗ്രൗണ്ടില്‍ ലിവര്‍പൂള്‍ മൂന്നു ഗോളിലേറെ വഴങ്ങുന്നത് ആദ്യമായാണ്. കഴിഞ്ഞ സീസണിലും സമാനമായ തിരിച്ചുവരവുകളിലൂടെയാണ് റയല്‍ കിരീടമുയര്‍ത്തിയത്. ഫൈനലില്‍ തോല്‍പിച്ചത് ലിവര്‍പൂളിനെയും. അന്ന് വിനിസിയൂസാണ് വിജയ ഗോളടിച്ചത്.
നാലാം മിനിറ്റില്‍ മുഹമ്മദ് സലാഹ് ഒരുക്കിയ അവസരം ഡാര്‍വിന്‍ നൂനസാണ് മനോഹരമായി പിന്‍കാലു കൊണ്ട് തട്ടി ഗോളാക്കിയത്. ബാക്ക് പാസ് അലക്ഷ്യമായി കോര്‍ടവ തട്ടിയിട്ടപ്പോള്‍ മുഹമ്മദ് സലാഹ് ലീഡ് വര്‍ധിപ്പിച്ചു. ഇരുപത്തിരണ്ടുകാരന്‍ വിനിസിയൂസാണ് തിരിച്ചുവരവിന് തുടക്കമിട്ടു. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെതിരെ ഇതിനെക്കാള്‍ ചെറിയ പ്രായത്തില്‍ ഇരട്ട ഗോളടിക്കാന്‍ മറ്റൊരാള്‍ക്കേ സാധിച്ചിട്ടുള്ളൂ, 1966 ല്‍ പത്തൊമ്പതുകാരന്‍ യോഹാന്‍ ക്രയ്ഫിന്. ഇരുപത്തൊന്നാം മിനിറ്റിലായിരുന്നു വിനിസിയൂസിന്റെ ആദ്യ ഗോള്‍. ബെന്‍സീമയുമായി കൈമാറി വന്ന പന്ത് ബോക്‌സില്‍ കയറി ഒരുകൂട്ടം കാലുകള്‍ക്കിടയിലൂടെ മിന്നല്‍വേഗത്തില്‍ തൊടുത്തുവിട്ടപ്പോള്‍ അലിസന്‍ നിസ്സഹായനായി. മുപ്പത്താറാം മിനിറ്റില്‍ അലിസന്റെ പരിഭ്രാന്തിയോടെയുള്ള ക്ലിയറന്‍സ് വിനിസിയൂസിന്റെ കാലില്‍ തട്ടിയുയര്‍ന്ന് വലയിലേക്ക് കയറി. ഇടവേളക്ക് മുമ്പെ റയല്‍ മുന്നിലെത്തി. ലൂക്ക മോദ്‌റിച്ചിന്റെ ഫ്രീകിക്ക് തടയാന്‍ ലിവര്‍പൂള്‍ പ്രതിരോധത്തില്‍ നിന്ന് ആരും മുന്നോട്ടുവന്നില്ല. മിലിറ്റാവൊ വലിയ വെല്ലുവിളിയില്ലാതെ വലയിലേക്ക് ഹെഡ് ചെയ്തു.
ഇടവേളക്കു ശേഷം ബെന്‍സീമ കടിഞ്ഞാണേറ്റെടുത്തു. 55ാം മിനിറ്റില്‍ ബെന്‍സീമയുടെ നിരുപദ്രവകരമായ ഷോട്ട് ജോ ഗോമസിന്റെ കാലില്‍ തട്ടിത്തിരിഞ്ഞപ്പോള്‍ അലിസന്‍ നിസ്സഹായനായി. 67ാം മിനിറ്റില്‍ ബോക്‌സില്‍ കയറി ഗോളിയെയും വെട്ടിച്ച് ബെന്‍സീമ സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഏറെ പിന്നിലുള്ള ലിവര്‍പൂള്‍ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനം നേടണമെങ്കില്‍ ഇനി അട്ടിമറികള്‍ ഏറെ നടക്കണം. ലിവര്‍പൂളിന് ആഘോഷത്തോടെ തുടങ്ങിയ രാവാണ് കണ്ണീരില്‍ കലാശിച്ചത്.