റിയാദ്- സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷ ചടങ്ങുകള്‍ക്ക് സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ തുടക്കമായി. രാജ്യത്തിന്റെ അഭിമാനകരമായ പൈതൃകവും സംസ്‌കാരവും ചരിത്രവും പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ആഘോഷത്തിന് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്.
നാടകങ്ങള്‍, മത്സരങ്ങള്‍, ത്രീഡി ഷോകള്‍, കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയുള്‍പ്പെടെ ആവേശകരായ പരിപാടികളാണ് വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ളത്. റിയാദില്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ സ്ഥാപക ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വെള്ളിയാഴ്ച പരേഡ് നടക്കും.
ബുറൈദ, റിയാദ്, ദമ്മാം, ജിദ്ദ, മദീന, തായിഫ്, അബഹ, അല്‍ബഹ, ജിസാന്‍, നജ്‌റാന്‍, ഹായില്‍, അറാര്‍, സകാക്ക, തബൂക്ക് എന്നിങ്ങനെ 14 മേഖലകളില്‍ ലിവാന്‍ എന്ന പേരില്‍ സാംസ്‌കാരിക പരിപാടി നടക്കും. മൂന്നു നൂറ്റാണ്ട് മുമ്പത്തെ വസ്ത്രാലങ്കാരങ്ങളും പ്രാദേശിക ചന്തകളുമടക്കം അറബ് പൈതൃകങ്ങളിലേക്ക് സന്ദര്‍ശകരെ കൊണ്ടുപോകുന്ന ഈ പരിപാടിയില്‍ ഇന്ററാക്ടീവ് എക്‌സിബിഷനുകള്‍, സാംസ്‌കാരിക സെമിനാറുകള്‍, ചരിത്ര നാടക അവതരണങ്ങള്‍ എന്നിവ നടക്കും. ബുധന്‍ മുതല്‍ വെള്ളി വരെയാണ് ഈ പരിപാടി നടക്കുക.
ആദ്യ സൗദി രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങള്‍, ഡയലോഗ് മീറ്റിംഗുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, കാലിഗ്രാഫി പ്രദര്‍ശനം, ചരിത്ര പ്രദര്‍ശനം എന്നിവ അരങ്ങേറുന്ന മജ്‌ലിസ് എന്ന പേരിലുള്ള സാംസ്‌കാരിക പരിപാടികള്‍ റിയാദില്‍ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നടക്കും.
അറബ് കാവ്യലോകത്തെ പത്ത് മുഅല്ലഖാത്തുകളോട് ചേര്‍ന്ന് നില്‍ക്കുന്ന സംഗീത നാടകം പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റിയിലെ റെഡ് തിയേറ്ററില്‍ അരങ്ങേറും. നാടക, ഗായക സംഘത്തിന്റെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിപാടിയില്‍ രാജ്യത്തിന്റെ ചരിത്രവും മഹത്വവും അവലോകനം ചെയ്യും. ഈ മാസം 27 വരെ ഈ പരിപാടി നീണ്ടു നില്‍ക്കും.
പര്‍വതങ്ങളുടെ ത്രീഡി ഷോകള്‍, ഭൂതകാലത്തെയും വര്‍ത്തമാനത്തെയും അനുകരിക്കുന്ന വീഡിയോകള്‍, സിനിമാ സ്‌ക്രീനുകള്‍, കോഫിയും സൗദി മധുരപലഹാരങ്ങളും അടങ്ങിയ ഹോസ്പിറ്റാലിറ്റി സൈറ്റുകള്‍, സ്ഥാപക ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ ഫോട്ടോഗ്രാഫി കോര്‍ണര്‍ എന്നിവ അടക്കമുള്ള ഇന്ററാക്ടീവ് എക്‌സിബിഷന്‍ ഹായില്‍ സലാം പാര്‍ക്കില്‍ അരങ്ങേറും. അല്‍ഗസാല സൂഖില്‍ വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.
കിഴക്കന്‍ പ്രവിശ്യയില്‍ കോര്‍ണീഷുകളിലും മൈതാനങ്ങളിലും കരിമരുന്ന് പ്രയോഗം, ത്രീഡി ഷോകള്‍ അടക്കമുള്ള പരിപാടികള്‍ മൂന്നു ദിവസം നടക്കും. ജുബൈല്‍ തീരത്ത് സൗദി വ്യോമസേനയിലെ സുഖൂര്‍ വിഭാഗത്തിന്റെ പ്രത്യേക ഷോ ബുധനാഴ്ചയുണ്ടാകും.
റിയാദ് കലണ്ടറിന്റെ ഭാഗമായി ഞായറാഴ്ച വരെ വിവിധ പരിപാടികളാണ് എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. കലാകാരന്മാരായ അബ്ദുല്ല അല്‍മാനിഅ്, ഹനീന്‍, മോജോ, അബാദി അല്‍ജൗഹര്‍, തലാല്‍ സലാമ, അബ്ദുല്ല റഷാദ്, അലി അബ്ദുല്‍കരീം, ഖാലിദ് അബ്ദുറഹ്മാന്‍, ജാബര്‍ അല്‍കാസര്‍, അലി അബ്ദുല്‍സത്താര്‍ എന്നിവര്‍ നയിക്കുന്ന സംഗീത നിശകള്‍, ഹാസ്യ നാടകങ്ങള്‍, മെമ്മോ നാടകം, ആര്‍ട്ടിസ്റ്റ് കെവിന്‍ ഹാര്‍ട്ടിന്റെ സ്റ്റാന്‍ഡ്അപ്പ് കോമഡി എന്നിവ ബോളിവാര്‍ഡില്‍ നടക്കും.
റിയാദ് നഗരസഭ നാലിടത്താണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സ്ഥാപക ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് പാര്‍ക്ക്, അല്‍നഖീല്‍ പാര്‍ക്ക്, അല്‍ദൂഹ് പാര്‍ക്ക്, സുവൈദി പാര്‍ക്ക് എന്നിവിടങ്ങളില്‍ വൈകുന്നേരം നാലുമുതല്‍ രാത്രി 12 മണി വരെ വിവിധ പരിപാടികള്‍ നടക്കും.