കൊല്ലം- എ.എ അസീസ് സ്ഥാനമൊഴിഞ്ഞതോടെ ആർ.എസ്.പി സംസ്ഥാന നേതൃത്വത്തിൽ തലമുറ മാറ്റം. മന്ത്രിയും ആർ.എസ്.പി ബി ജനറൽ സെക്രട്ടറിയും ആയിരുന്ന ഷിബു ബേബിജോൺ ഇനി കരിമണൽ പാർട്ടിയെ സംസ്ഥാനത്ത് നയിക്കും. ഷിബു ബേബിജോൺ പാർട്ടി സെക്രട്ടറി പദവിയിൽ എത്തിയതോടെ അച്ഛന് പിന്നാലെ മകനും പാർട്ടി നേതൃത്വത്തിലെത്തുന്ന പ്രത്യകതയുമുണ്ട്.
ദീർഘകാലമായുള്ള ഷിബു ബേബിജോൺ വിഭാഗത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് അസീസ് സ്ഥാനമൊഴിഞ്ഞത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സമിതിയിലായിരുന്നു നേതൃമാറ്റത്തിൽ തീരുമാനം ഉണ്ടായത്. സംസ്ഥാന സെക്രട്ടറി സ്ഥാനം നേരത്തെ തന്നെ ഒഴിയാൻ എ.എ അസീസ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒക്ടോബറിൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം നാലാം തവണയും അസീസിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാല് മാസം ആയപ്പോഴാണ് സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റം വരുത്തുന്നത്.
സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്ത് എത്തുമെന്ന് ഷിബു ബേബി ജോൺ കരുതിയെങ്കിലും ഭൂരിപക്ഷം അംഗങ്ങളും അസീസിനെ പിന്തുണയ്ക്കുകയായിരുന്നു. സമ്മേളനത്തിനിടെ ഷിബു ബേബി ജോൺ അനുകൂലികളും ഔദ്യോഗിക വിഭാഗവും തമ്മിൽ വാക്കേറ്റവുമുണ്ടായിരുന്നു. എന്നാൽ സംഘടനയിൽ വീണ്ടും ഒരു പിളർപ്പ് ഒഴിവാക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ദേശീയ സമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് അസീസ് പറഞ്ഞത്. എന്നാൽ അസീസ് തുടരണമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമായിരുന്നു. പ്രായാധിക്യവും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ പുതിയ നേതൃത്വം വരട്ടെയെന്ന നിലപാടും ഷിബു ബേബി ജോണിന് അനുകൂല ഘടകമായി. 2014 ൽ ആർ.എസ്.പികളുടെ ലയനകാലത്ത് ആർ.എസ്.പി ബിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷിബു ബേബി ജോൺ യു.ഡി.എഫ് സർക്കാരിൽ മന്ത്രിയുമായിരുന്നു. എൽ.ഡി.എഫിൽനിന്ന് ആർ.എസ്.പിയെ യു.ഡി.എഫിൽ എത്തിച്ചതിനും ഇരു പാർട്ടികളുടെയും
ലയനത്തിനും പിന്നിൽ ഷിബു ബേബി ജോണിന്റെ നീക്കങ്ങളും ശക്തമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും നിയമസഭയിൽ അംഗബലം നഷ്ടപ്പെട്ട പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക ഷിബു ബേബി ജോണിന് വെല്ലുവിളിയാകും.