മദീന ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധം നടന്ന ബദ്ര്‍ താഴ്‌വര ഇന്നും അതിന്റെ ചരിത്രം വിളിച്ചോതി പ്രൗഢിയോടെ നില നില്‍ക്കുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന അധ്യായം രചിച്ചുകൊണ്ട് റമദാന്‍ 17 നാണ് ഇവിടെ വെച്ച് യുദ്ധം അരങ്ങേറിയത്. മദീനക്കടുത്ത യാമ്പു എന്ന കൊച്ചു പ്രദേശത്തുനിന്ന് 90 കിലോമീറ്റര്‍ അകലെയാണ് മനുഷ്യചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന ഈ സ്ഥലം നിലകൊള്ളുന്നത്.
മലകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്‌വരയാണിവിടം. പഴമയുടെ തനിമയോടെ സൗദി ഭരണകൂടം ഇത് സംരക്ഷിച്ചു പോരുന്നു. ഇസ്‌ലാമിന്റെയും അതിനെ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെയും നിലനില്‍പ്പ് ഉറപ്പുവരുത്തിയ സമരമായിരുന്നു ബദ്ര്‍. ഈത്തപ്പനകള്‍ വിളഞ്ഞു നില്‍ക്കുന്ന ഈ പ്രദേശത്തേക്ക് കടന്ന് ചെല്ലുമ്പോള്‍ തന്നെ മൂകത അനുഭവപ്പെടുമെന്നു ഇവിടം സന്ദര്‍ശിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഹിജ്‌റ വര്‍ഷം രണ്ട് (എ.ഡി 624 ല്‍) റമദാന്‍ പതിനേഴിനു നടന്ന സംഭവത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ഇവിടെ ഉണ്ടെങ്കിലും ചില നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും സൗദിയിലെ സന്ദര്‍ശകരില്‍ പലരും ഇവിടേക്ക് എത്തുന്നുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇങ്ങോട്ടുള്ള സന്ദര്‍ശന യാത്രകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കാറില്ല .മാത്രമല്ല, ബസ്സുകളിലും മറ്റുമുള്ള വലിയ സംഘമായി പോകുന്നവരുടെ യാത്രയും തടയപ്പെടുകയാണ്. എന്നാലും കാറുകളിലും മറ്റുമായി നിരവധി പേരാണ് ഇവിടേക്ക് എത്തിച്ചേരുന്നത് .ഹാജിമാര്‍ക്കും നാട്ടില്‍നിന്ന് ഉംറ വിസയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കും ഇവിടേക്ക് അതുവരെ അനുമതി നല്‍കിയിട്ടില്ല. ഇവിടെയെത്തുന്ന വിശ്വാസികള്‍ പ്രാര്‍ഥനക്കും മറ്റും മുതിരുകയാണെങ്കില്‍ ഉടന്‍ അധികൃതരെത്തി വിലക്കുകയും ചെയ്യുന്നുണ്ട്.
രക്ത സാക്ഷികളുടെ പേരുകള്‍ കൊത്തി വെച്ച കല്ലുകള്‍ ഇന്നും ബദ്‌റിന്റെ തിരുമുറ്റത്ത് കാണാനാകും. യുദ്ധം നടന്ന സ്ഥലം മതില്‍ കെട്ടി വേരിതിരിച്ചിട്ടുമുണ്ട്.