രണ്ടാഴ്ച മുമ്പ് രാവിലെ പത്തിന് കെ.എസ്.ആർ.ടി.സിയുടെ ടൗൺ ടു ടൗൺ ബസിന് തലശ്ശേരിയിലേക്ക് യാത്ര ചെയ്തിരുന്നു. നൂറ്റിമുപ്പത് കോടി മുടക്കി നിർമിച്ച ദുർബലമായ കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ വനിത കണ്ടക്ടർ വക ഒരു അനൗൺസ്‌മെന്റ്. (ഇങ്ങനെ ഒരു നിയമമുണ്ടോയെന്നറിയില്ല, ഒരു പക്ഷേ, പിന്നീട് യാത്രക്കാർ ബഹളം വെക്കുന്നത് ഒഴിവാക്കാനായിരിക്കും) ഈ ബസ് മൂന്നു മണിക്കൂർ കൊണ്ട് കണ്ണൂരെത്തേണ്ടതാണ്, ബ്ലോക്കൊന്നുമില്ലെങ്കിൽ.
അതായത് പരമാവധി ഒരു മണിക്ക് ബസ് കണ്ണൂരിലെത്തും. അതായത് 12.30 നെങ്കിലും തലശ്ശേരിയിലെത്തും. പാരീസിലെ ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോൾ തന്നെ ആദ്യ കസ്റ്റമേഴ്‌സിലൊരാളായി എത്താം. നല്ല കണക്കുകൂട്ടലുകൾ. ആകെ ആറോ ഏഴോ യാത്രക്കാരേ ഉള്ളൂ. ബസ് വടകര കടന്നത് ഒരു മണിയോടടുത്ത്. തലശ്ശേരിയിലെത്തിയത് 2 മണിക്കും. ഒരു കാര്യം ഉറപ്പാണ്, മൂന്ന് മണിയാവാതെ കണ്ണൂരിലെത്തില്ല. വനിതയെ പറഞ്ഞിട്ട് കാര്യമില്ല. ആറുവരി പാത നിർമാണം ത്വരിതഗതിയിൽ നടക്കുന്ന പയ്യോളിക്കും വടകരയ്ക്കുമിടയിൽ പലേടത്തും റോഡ് കാണാനേയില്ല. ഈ സെക്ഷൻ താണ്ടാൻ ഒരു മണിക്കൂറിനടുത്ത് വേണ്ടി വന്നു. മാഹിയിലെ ഇടുങ്ങിയ റോഡിൽ ആനവണ്ടിയെത്തിയപ്പോൾ ഒരു കിലോ മീറ്റർ നീളത്തിൽ മുന്നിലും പിന്നിലും ചെറിയ വാഹനങ്ങളുടെ നീണ്ട നിര. കോവിഡ് കാലത്തിന് ശേഷം കൈയിൽ പണമില്ലാത്തവർ പോലും വായ്പയെടുത്തും വണ്ടി സ്വന്തമാക്കിയതിന്റെ ഫലം. ബസുകളിൽ ആളില്ല. റോഡ് നിറയെ ചെറിയ പുതിയ കാറുകളും ഇരുചക്ര വാഹനങ്ങളും. ഈ ലേഖകൻ കോഴിക്കോട്ട് വിദ്യാർഥിയായിരുന്ന കാലത്ത് കോഴിക്കോട് - കണ്ണൂർ ദൂരം സ്വകാര്യ ബസുകൾ രണ്ടു മണിക്കൂർ കൊണ്ട് ഓടിയെത്തിയിരുന്നു.
തലശ്ശേരി-കോഴിക്കോട് ഒന്നര മണിക്കൂറും. കോഴിക്കോട്-വടകര ഒരു മണിക്കൂറും. ആർ.ടി.ഒ അനുവദിച്ച കോഴിക്കോട്-തലശ്ശേരി റണ്ണിംഗ് ടൈം അക്കാലത്ത് (1980 കളിൽ) രണ്ടു മണിക്കൂറും വടകരയ്ക്ക് ഒന്നേ കാൽ മണിക്കൂറുമായിരുന്നു. നിർദിഷ്ട സമയത്തിലും കുറഞ്ഞ സമയത്തിൽ പറന്നെത്തുന്ന സ്വകാര്യ ബസുകളെ പിടിക്കാൻ മാസത്തിൽ ഒന്നോ രണ്ടോ തവണ മൊബൈൽ മജിസ്‌ട്രേട്ട് കോടതി ദേശീയ പാതയോരത്ത് സ്ഥാനം പിടിക്കും. അന്ന് കോഴിക്കോടിനും തലശ്ശേരിക്കുമിടയിൽ അഞ്ച് റെയിൽവേ ലെവൽ ക്രോസിംഗുകൾ. ഇപ്പോൾ എല്ലായിടത്തും മേൽപാലങ്ങളാണ്. ഇതിന്റെയെല്ലാം ഫലമായി ബസുകളും സ്വകാര്യ വാഹനങ്ങളും പണ്ടത്തേതിലും നേരത്തേ എത്തേണ്ടതാണ്. സംഭവിക്കുന്നത് നേരെമറിച്ചും. കോഴിക്കോട്-കണ്ണൂർ റോഡ് യാത്ര സ്വന്തം വാഹനത്തിലായാൽ പോലും നാല് മണിക്കൂർ വേണ്ടി വരുമെന്നായപ്പോൾ പലരും റോഡ് യാത്ര ഉപേക്ഷിക്കുന്നതായാണ് കണ്ടുവരുന്നത്. ഇതിന്റെ ഫലമായി ട്രെയിനുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. കോഴിക്കോട്-കണ്ണൂർ നോൺ സ്‌റ്റോപ്പ് ട്രെയിനിന് ദൂരം താണ്ടാൻ ഒരു മണിക്കൂർ തന്നെ ആവശ്യമില്ല. കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് കൊങ്കൺ പാത വഴി പോകുന്ന ട്രെയിനുകൾ 50-55 മിനിറ്റുകൾ കൊണ്ടെത്തും. വടകരയും തലശ്ശേരിയും സ്റ്റോപ്പുണ്ടെങ്കിൽ ഒന്നേ കാൽ മണിക്കൂർ. കൊയിലാണ്ടി, പയ്യോളി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിൽ നിർത്തി പോകുന്ന ട്രെയിനിന് ഏറിയാൽ ഒന്നര മണിക്കൂർ യാത്ര. ഇക്കാരണത്താൽ തന്നെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും തീവണ്ടി യാത്രക്ക് ആവശ്യക്കാരേറി. മുമ്പൊക്കെ ആഘോഷ വേളകളിലും സ്‌കൂൾ-കോളേജ് അവധിക്കാലത്തും അനുഭവപ്പെട്ടിരുന്ന തിരക്ക് ഇപ്പോൾ എല്ലാ ദിവസങ്ങളിലുമായി. കഴിഞ്ഞ നാല് വർഷത്തിനിടെ പുതുതായി ട്രെയിൻ സർവീസുകളൊന്നും കേരളത്തിൽ ആരംഭിച്ചിട്ടില്ല. ഇതും തീവണ്ടി മുറികളെ വാഗൺ ട്രാജഡികളാക്കാൻ കാരണമായി.
രണ്ടോ മൂന്നോ ജനറൽ കംപാർട്ടുമെന്റുകളുള്ള ദീർഘദൂര ട്രെയിനുകളിൽ കയറാൻ കായികാഭ്യാസം പഠിച്ചു വരുന്നത് നല്ലതാണ്. കേരളത്തിലുടനീളം ട്രെയിൻ യാത്രക്ക് ആവശ്യക്കാരേറിയതായി റിസർവേഷൻ അവയ്‌ലബിലിറ്റി ചാർട്ടുകൾ വ്യക്തമാക്കുന്നു.
എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം പോലുള്ള കേരളീയ നഗരങ്ങളിലേക്ക് അതത് ദിവസം ശ്രമിച്ചാൽ ബെർത്ത് ലഭിക്കില്ല. അത്യാവശ്യക്കാരന് പണ്ടൊക്കെ തൽക്കാൽ റിസർവേഷൻ ലഭിക്കുമായിരുന്നു. അതിന് മുന്നൂറ് രൂപ വരെ അധികം കൊടുത്താൽ മതി. റെയിൽവേയുടെ മാനുഷിക മുഖം നഷ്ടപ്പെട്ടതോടെ ഇതും പണം വാരാനുള്ള വഴിയായി. ചെന്നൈക്കോ, തിരുവനന്തപുരത്തേക്കോ യാത്ര ചെയ്യണമെങ്കിൽ തൽക്കാൽ പ്രീമിയം എന്ന ക്ലാസിൽ രണ്ടായിരവും മൂവായിരവുമൊക്കെ അധികം കൊടുക്കണം. മംഗലാപുരത്തിനടുത്തും തൃശൂരിനടുത്തും റെയിലിൽ അറ്റകുറ്റപ്പണി എന്ന പേരിൽ കേരളത്തിലോടുന്ന നിരവധി ദീർഘദൂര ട്രെയിൻ സർവീസുകളാണ് ഇപ്പോൾ റദ്ദാക്കിയിട്ടുള്ളത്. പോപ്പുലർ സർവീസായ തിരുവനന്തപുരം ജനശതാബ്ദിയും മാർച്ച് ആദ്യവാരം വരെ നിർത്താലക്കിയവയിലുൾപ്പെടും. കൊച്ചുവേളി-ചണ്ഡീഗഢ്, എറണാകുളം അജ്മീർ ട്രെയിൻ സർവീസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ നമുക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ വേണമെന്ന് വാദിക്കാൻ കെൽപുള്ള എം.പിമാർ ഏറെയില്ല. അവരിനി വാതുറന്ന് വല്ലതും പറയാമെന്ന് വെച്ചാൽ റെയിൽവേ ബജറ്റ് എന്ന ഏർപ്പാട് തന്നെ നിർത്തിക്കളഞ്ഞിരിക്കുകയാണല്ലോ.