തിരുവനന്തപുരം- മൃഗശാലയില്‍ നിന്ന് കുരങ്ങന്‍ പുറത്തുചാടിയത് ആശങ്കയ്ക്കിടയാക്കി. ബ്രൗണ്‍ നിറത്തിലുള്ള ബംഗാള്‍ കുരങ്ങനാണ് ഇന്നലെ വൈകിട്ട് 3.30ന് കൂടുവിട്ട് പുറത്തുചാടിയത്. കീപ്പര്‍മാര്‍ കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു പത്ത് വയസുള്ള ആണ്‍കുരങ്ങ് ഇവരുടെ കണ്ണുവെട്ടിച്ച് കൂടിന് പുറത്തെത്തിയത്. കുരങ്ങ് മൃഗശാല വളപ്പിലെ മരത്തില്‍ കയറി ഇരിപ്പായി. മൃഗശാല ഡോക്ടര്‍ ഗണ്‍ ഉപയോഗിച്ച് കുരങ്ങിനെ മയക്കുവെടിവച്ചെങ്കിലും ഗണ്ണിനുണ്ടായ തകരാര്‍ കാരണം അത് കൊണ്ടില്ല. ഇതോടെ അധികൃതരും ആശങ്കയിലായി. ആക്രമണ സ്വഭാവമുള്ള വര്‍ഗത്തില്‍പ്പെട്ടതാണ് ഈ കുരങ്ങ്. കൂടുതല്‍ ജീവനക്കാരെത്തി കല്ലെറിഞ്ഞും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി വിരട്ടിയുമാണ് കുരങ്ങിനെ താഴെയിറക്കിയത്. താഴെ എത്തിയുടനെ കുരങ്ങിനെ തുറന്ന കൂട്ടലേക്ക് കയറ്റി. അടച്ച കൂട്ടലേക്ക് മാറ്റുമ്പോള്‍ അതിന് വിസമ്മതിച്ച കുരങ്ങിനെ നിരീക്ഷിക്കാന്‍ ഇന്നലെ രാത്രി പ്രത്യേകം ജീവനക്കാരനെയും നയോഗിച്ചു. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെങ്കിലും മൃഗശാല അധികൃതര്‍ പ്രതികരിക്കാന്‍ തയാറായില്ല.