ദുബായ്- പ്രണയ വിവാഹത്തെ തുടര്‍ന്ന് വരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സ്യാനു ചാക്കോക്ക് ദുബായിലെ ജോലി നഷ്ടമാകും. കെവിന്‍ കൊലക്കേസില്‍ സ്യാനുവും പിതാവ് ചാക്കോയും പോലീസില്‍ കീഴടങ്ങുകയായിരുന്നു.
ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഇയാളെ പുറത്താക്കാന്‍ കമ്പനി തീരുമാനിച്ചു. സ്യാനു ചാക്കോ ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലുടമ വ്യക്തമാക്കി.
അടുത്ത വര്‍ഷം ജൂലൈ വരെ സ്യാനു ചാക്കോയ്ക്ക് വിസാ കാലാവധിയുണ്ട്. എമര്‍ജന്‍സി ലീവിലാണ് സ്യാനു നാട്ടിലേക്ക് പോയത്.
സഹോദരിയുമായി ബന്ധപ്പെട്ട വിഷയം ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യുമെന്നാണ് കരുതിയിരുന്നതെന്നും എമര്‍ജന്‍സി ലീവ് അനുവദിച്ചതില്‍ ഖേദിക്കുന്നുവെന്നും തൊഴിലുടമ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
ഉടനെയൊന്നും സ്യാനുവിന് തിരിച്ചെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ആറുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ വിസ ക്യാന്‍സലാകും. ഇനി തിരിച്ചെത്തിയാലും ജോലി റദ്ദാക്കി തിരിച്ചയക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സഹോദരി ചാടിപ്പോയെന്നും പിതാവിനു സുഖമില്ലെന്നും പറഞ്ഞ് കരഞ്ഞതിനെ തുടര്‍ന്നാണ് എമര്‍ജന്‍സി ലീവ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.