- 70 വർഷത്തിനിടെ 9,500 കോടിയിലേറെ ഡോളറിന്റെ സഹായം നൽകി
റിയാദ് - ഒരു വർഷത്തിനിടെ ലോക രാജ്യങ്ങൾക്ക് 700 കോടിയിലേറെ ഡോളറിന്റെ മാനുഷിക സഹായങ്ങൾ സൗദി അറേബ്യ നൽകിയതായി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ വഴി 2021 ലാണ് അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയൻ എയിഡ്, റിലീഫ് സംഘടനകൾക്ക് സൗദി അറേബ്യ ഇത്രയും സഹായങ്ങൾ നൽകിയതെന്ന് മൂന്നാമത് റിയാദ് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ഫോറത്തിൽ അദ്ദേഹം പറഞ്ഞു. കിംഗ് സൽമാൻ റിലീഫ് സെന്റർ 82 ലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ആവശ്യമുള്ള ഏറ്റവുമധികം ആളുകളിൽ സഹായങ്ങൾ എത്തിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. സഹായം ആവശ്യമായ പ്രദേശങ്ങളുടെ മുൻഗണനകൾ ഓരോ സമയത്തും വ്യത്യസ്തമായിരിക്കും. ലോക രാജ്യങ്ങളെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പ്രകൃതി ദുരന്തങ്ങൾ എന്നിവ സൗദി അറേബ്യ കണക്കിലെടുക്കുന്നു.
ദീർഘകാലമായി ഐക്യരാഷ്ട്രസഭയെയും ഹ്യുമാനിറ്റേറിയൻ സംഘടനകളെയും സൗദി അറേബ്യ സഹായിച്ചുവരുന്നുണ്ട്. സമൂഹത്തിൽ വനിതകൾക്ക് അർഹമായ സ്ഥാനം നൽകേണ്ടത് പ്രധാനമാണ്. സമൂഹത്തിലെ പകുതി പേർ അടുക്കളയിൽ മാത്രം ജോലി ചെയ്യുന്ന ഒരു രാജ്യത്തിന് പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കാൻ സാധിക്കില്ല. നിരവധി മേഖലകളിൽ വനിതാ ശാക്തീകരണത്തിന് സൗദി അറേബ്യ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. വനിതകൾക്ക് സൗദി അറേബ്യ പ്രോത്സാഹനങ്ങൾ നൽകുന്നു.
യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിൽനിന്ന് സ്ത്രീകളെ തടഞ്ഞ താലിബാൻ തീരുമാനം അപലപനീയമാണ്. ഇത് ഇസ്‌ലാമികാധ്യാപനങ്ങൾക്ക് വിരുദ്ധവുമാണ്. വെല്ലുവിളികൾ നേരിടാൻ ലോക രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണമുണ്ടാകണമെന്നാണ് പ്രത്യാശിക്കുന്നതെന്നും ആദിൽ അൽജുബൈർ പറഞ്ഞു.
സൗദി അറേബ്യയുടെ സ്ഥാപനകാലം മുതൽ സൗദി രാജാക്കന്മാർ പ്രകൃതി ദുരന്തങ്ങൾക്കും മറ്റു കെടുതികൾക്കും ഇരയാകുന്നവരെ സഹായിക്കാൻ രാജ്യത്തിന്റെ ശേഷികൾ പ്രയോജനപ്പെടുത്തുന്നതായി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. 70 വർഷത്തിനിടെ സൗദി അറേബ്യ ലോക രാജ്യങ്ങൾക്ക് 9,500 കോടിയിലേറെ ഡോളറിന്റെ സഹായങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം 160 രാജ്യങ്ങൾക്ക് ലഭിച്ചതായും വിദേശ മന്ത്രി പറഞ്ഞു.
റിലീഫ് പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ അധികമൂല്യം നൽകിയതായി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. സംഘർഷങ്ങളെല്ലാം മാറ്റിവെച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനകൾ വർധിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. റിലീഫ് മേഖലയിൽ ഡിജിറ്റൽവൽക്കരണം ശക്തമാക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുകയും ഡാറ്റകൾ ശേഖരിക്കുകയും മുൻഗണനകൾ നിർണയിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലും തുർക്കിയിലും ഭൂകമ്പ കെടുതികൾക്കിരയായവർക്കു വേണ്ടി റിലീഫ് പദ്ധതികൾ നടപ്പാക്കാൻ 18.3 കോടിയിലേറെ റിയാലിന്റെ കരാറുകൾ ഫോറത്തിനിടെ സൗദി അറേബ്യ ഒപ്പുവെച്ചു. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ഫോറം ഉദ്ഘാടനം ചെയ്തു. യു.എന്നുമായും ഹ്യുമാനിറ്റേറിയൻ സംഘടനകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ഫോറത്തിൽ രാഷ്ട്ര നേതാക്കളും ഡോണർമാരും റിലീഫ് മേഖലാ ജീവനക്കാരും വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.