പാലക്കാട്- അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നതിന്റെ അഞ്ചാം വാർഷികം നാളെ, നാളെ നടക്കുന്ന മധു അനുസ്മരണത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പങ്കെടുക്കും. ആൾക്കൂട്ടക്കൊലപാതകം നടന്ന അട്ടപ്പാടി മുക്കാലിയിൽ രാവിലെ പതിനൊന്ന് മനുഷ്യാവകാശപ്രവർത്തകരാണ് അനുസ്മരണസമ്മേളനം സംഘടിപ്പിക്കുന്നത്. പ്രതിപക്ഷനേതാവിനു പുറമേ മുൻദേശീയ വനിതാ കമ്മീഷൻ അംഗം ഡോ.പ്രമീളാദേവി, തമിഴ്‌നാട്ടിലെ പ്രശസ്ത മനുഷ്യാവകാശപ്രവർത്തക വാസന്തി നാഗരാജ്, വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ പെൺകുട്ടികളുടെ മാതാവ് എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മധുവധക്കേസിലെ പ്രതികളുടെ വിചാരണ ഇന്ന് മണ്ണാർക്കാട് പട്ടികജാതി- പട്ടികവർഗ പ്രത്യേകകോടതിയിൽ ആരംഭിക്കാനിരിക്കേയാണ് ഇന്നത്തെ അനുസ്മരണപരിപാടി.
2018 ഫെബ്രുവരി 22ന് വൈകുന്നേരമാണ് മോഷണക്കുറ്റമാരോപിച്ച് മുക്കാലിയിൽ വെച്ച് ആൾക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു യുവാവ്. കേസിൽ പതിനാറ് പ്രതികളാണ് ആകെയുള്ളത്. കേസിന്റെ സാക്ഷിവിസ്താരം പത്തു ദിവസം മുമ്പ് പൂർത്തിയായിരുന്നു.
മധുവധക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടക്കുന്നതായുള്ള ആരോപണം നിലനിൽക്കുകയാണ്. ആ ആശങ്ക സാധൂകരിക്കും വിധമായിരുന്നു കോടതിയിൽ നടന്ന സാക്ഷിവിസ്താരം. പ്രോസിക്യൂഷൻ ഹാജരാക്കിയ 27 നിർണ്ണായകസാക്ഷികളാണ് വിചാരണക്കിടെ പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്. കേസ് തണുപ്പിക്കാൻ പ്രോസിക്യൂഷൻ അഭിഭാഷകർക്കു മേലും സമ്മർദ്ദങ്ങളുണ്ടായി. പല തവണ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റേണ്ടി വന്നു. തങ്ങൾക്ക് ഭീഷണിയുണ്ടെന്നാരോപിച്ച് മധുവിന്റെ അമ്മ മല്ലി ഉൾപ്പെടെയുള്ള ബന്ധുക്കൾ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
പ്രതികളിൽ പലരും സി.പി.എമ്മിന്റെ പ്രാദേശികനേതാക്കളാണ്. ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും കേസിലുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ മധുവിന്റെ ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.