കാസർകോട് - മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സമവായ ചർച്ചകളൊന്നും ഫലപ്രദമാവാതെ വന്നതോടെ വോട്ടെടുപ്പ് ഏതാണ്ട് ഉറപ്പായി.
നിലവിലെ ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽറ ഹമാന്റെ നേതൃത്വത്തിലുള്ള വിഭാഗവും നിലവിലെ ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിൽ മത്സരം വന്നേക്കും. കല്ലട്ര മാഹിൻ ഹാജിയെ പ്രസിഡന്റും എ. അബ്ദുൽ റഹ്‍മാനെ ജനറൽ സെക്രട്ടറിയും പി.എം മുനീർ ഹാജിയെ ഖജാഞ്ചിയുമാക്കിയുള്ള സമവായ നീക്കങ്ങൾ നടന്നുവെങ്കിലും അത് ഫലം കണ്ടില്ലെന്നാണറിയുന്നത്.
എ. അബ്ദുൽറഹ്‍മാനെ പ്രസിഡന്റും പി.എം മുനീർ ഹാജിയെ ജനറൽ സെക്രട്ടറിയുമാക്കിയുള്ള സമവായനീക്കവും തീരംതൊട്ടില്ല. ഇനി സംസ്ഥാന നേതാക്കളുടെ നീക്കങ്ങൾ എന്താണെന്ന് അറിയണം. വലിയ തർക്കങ്ങൾക്കൊന്നും ഇടവരുത്താതെ സമവായത്തിലൂടെ കാസർകോട് ജില്ലാ കമ്മിറ്റിയെ കണ്ടെത്തണമെന്ന് സംസ്ഥാന നേതാക്കളിൽ ചിലർ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം.
ഇതുസംബന്ധിച്ച് വ്യക്തമായ ഒരു അഭിപ്രായം ഇന്നുണ്ടായേക്കും. ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കുമെന്ന് കരുതിയ എ .ജി .സി ബഷീറിന് നാട്ടിലെ സാമ്പത്തിക ഇടപാടുകളും ജുവല്ലറി തർക്കങ്ങളും കുരുക്കായി മാറുമെന്നാണ് പറയുന്നത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാതെ കിടക്കുന്നതാണ് പുലിവാലാവുക. ഇതേ തുടർന്ന് ശക്തമായ വിഭാഗം ബഷീറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സമവായം ഉണ്ടാകുന്നതിന് തിങ്കളാഴ്ച മുസ് ലിംലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റിയോഗം കോഴിക്കോട് നടന്നിരുന്നു. സി.ടി. അഹമ്മദലിയും എ. അബ്ദുൽറഹ് മാനും എ.എൽ.എമാരായ എൻ.എ നെല്ലിക്കുന്നും എ.കെ.എം അഷ്റഫും യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലാ പ്രസിഡണ്ടിന്റെ ചാർജ്ജുള്ള ആളെന്ന നിലയിൽ വി.കെ.പി ഹമീദലിയെയും യോഗത്തിൽ വിളിച്ചിരുന്നു.
നാളെയാണ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കൗൺസിൽ യോഗം ചേരുന്നത്. രാവിലെ പത്ത് മണിമുതൽ പുലിക്കുന്നിലെ മുനിസിപ്പൽ ടൗൺ ഹാളിലാണ് യോഗം. 490ഓളം കൗൺസിലർമാരാണുള്ളത്.
സമവായ നീക്കങ്ങൾ ഫലപ്രദമാകാതെ വന്നതോടെ വോട്ടെടുപ്പിനുള്ള സാധ്യത ഉറപ്പായിക്കഴിഞ്ഞു. വലിയ തോതിൽ വോട്ട്പിടിത്തം നടക്കുന്നതായാണ് വിവരം.
കാസർകോട് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിൽ മാഹിൻ കേളോട്ട് വിഭാഗം നേടിയ വിജയം കല്ലട്ര മാഹിൻ ഹാജി വിഭാഗത്തിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ അബ്ദുൽറഹ്‍മാൻ വിഭാഗവും ശക്തമായിതന്നെ രംഗത്തുണ്ട്.