Sorry, you need to enable JavaScript to visit this website.

ടൂറിസ്റ്റ് നൗകകളുടെ പ്രവേശനവും സഞ്ചാരവും സുഗമമാക്കാൻ പ്ലാറ്റ്‌ഫോം

ടൂറിസ്റ്റ് നൗകകളുടെ സൗദിയിലേക്കുള്ള പ്രവേശനവും സൗദി ജലാതിർത്തിയിലെ സഞ്ചാരവും സുഗമമാക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോം ആയ 'ഇബ്ഹാറി'ന്റെ ഉദ്ഘാടന ചടങ്ങിൽ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ എൻജിനീയർ സ്വാലിഹ് അൽജാസിറും മുതിർന്ന ഉദ്യോഗസ്ഥരും.

ജിദ്ദ - ടൂറിസ്റ്റ് നൗകകളുടെ സൗദിയിലേക്കുള്ള പ്രവേശനവും സൗദി ജലാതിർത്തിയിലെ സഞ്ചാരവും സുഗമമാക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോം ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ എൻജിനീയർ സ്വാലിഹ് അൽജാസിർ ഉദ്ഘാടനം ചെയ്തു. 
ജിദ്ദ യാച്ച് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിലാണ് 'ഇബ്ഹാർ' എന്ന് പേരിട്ട പുതിയ പ്ലാറ്റ്‌ഫോം മന്ത്രി ഉദ്ഘാടനം ചെയ്തത്. ഉല്ലാസ ബോട്ടുകളുടെ സൗദിയിലേക്കുള്ള പ്രവേശനവും സഞ്ചാരവുമായും ബന്ധപ്പെട്ട എല്ലാ അനുബന്ധ സേവനങ്ങളും വേഗത്തിലും സുഗമമായും പൂർത്തിയാക്കാൻ പുതിയ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. 
ദേശീയ വിനോദ സഞ്ചാരം വികസിപ്പിക്കലും, സമുദ്ര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കലും അടക്കമുള്ള ദേശീയ തന്ത്രങ്ങളെ പിന്തുണക്കാനും പ്രാപ്തമാക്കാനും മാസങ്ങൾക്കു മുമ്പ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ദേശീയ ഗതാഗത, ലോജിസ്റ്റിക് സർവീസ് തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നതായി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. സമുദ്ര വിനോദ സഞ്ചാര വ്യവസായ മേഖലയിൽ ലാഭകരമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഈ മേഖലയുടെ സംഭാവന വർധിപ്പിക്കാനും സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും വൈവിധ്യമാർന്ന സമുദ്ര ലക്ഷ്യസ്ഥാനങ്ങളും പ്രയോജപ്പെടുത്താനുമാണ് ഇതിലൂടെ ഉന്നമിടുന്നത്. 
വിഷൻ 2030 പദ്ധതിക്കനുസരിച്ച് സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണക്കുന്നതിന് നിയോം, അമാലാ, ചെങ്കടൽ പദ്ധതി തുടങ്ങിയ പുതിയതും ആവേശകരവുമായ ഡെസ്റ്റിനേഷനുകൾ സ്ഥാപിക്കുന്നതടക്കം തീരദേശ, സമുദ്ര ആസ്തികളുടെ വലിയ തോതിലുള്ള വിപുലീകരണത്തിന് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നു. ഉല്ലാസ ബോട്ടുകളുടെയും നൗകകളുടെയും വിപണിയിൽ മികച്ച വളർച്ചക്ക് അവസരങ്ങളുണ്ട്. 2028 വരെയുള്ള കാലത്ത് ഈ മേഖലയിൽ 19.4 ശതമാനം വാർഷിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 'ഇബ്ഹാർ' ഡിജിറ്റൽ പ്ലാറ്റ്‌ഫോം എല്ലാ സർക്കാർ നടപടിക്രമങ്ങൾക്കുമുള്ള ഏകീകൃത ഇലക്‌ട്രോണിക് പോർട്ടലാണ്. 
ഏഴു സർക്കാർ ഏജൻസികളുമായുള്ള ഇടപാടുകൾ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്ലാറ്റ്‌ഫോമിലൂടെ സേവനം നൽകുന്ന ഒറ്റ ഏജൻസിയിലേക്ക് മാറുകയാണ് ഇതിലൂടെ ചെയ്യുന്നത്. 
നൂതന നിലവാരവും ലോജിസ്റ്റിക്കൽ സേവനങ്ങളും അനുസരിച്ച് സൗദി പ്രാദേശിക ജലാതിർത്തിയിൽ യാച്ചുകളുടെ പ്രവേശനത്തിനും സഞ്ചാരത്തിനുമുള്ള നടപടിക്രമങ്ങൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസൃതമായി പ്ലാറ്റ്‌ഫോമിന്റെ നടപടിക്രമങ്ങൾ രൂപകൽപന ചെയ്തിട്ടുണ്ടെന്നും ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി പറഞ്ഞു.
പൊതുഗതാഗത അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള 'ഇബ്ഹാർ' പ്ലാറ്റ്‌ഫോം 20 ലേറെ സർക്കാർ ഏജൻസികളുമായി സംയോജിപ്പിക്കുന്നു. ഉല്ലാസനൗക രജിസ്‌ട്രേഷൻ സേവനങ്ങൾ, മറീനകളിലെ അവയുടെ സാന്നിധ്യം, സൗദി പ്രവേശന, സന്ദർശന നടപടികൾ, സൗദിയിൽനിന്ന് പുറത്തുപോകൽ, നാവിഗേഷൻ ലൈസൻസ്, യാച്ചുകൾ സൗദി പതാകക്കു കീഴിൽ രജിസ്റ്റർ ചെയ്യൽ, സമുദ്ര യാത്രാ ലൈസൻസ്, കാലാവസ്ഥാ അപ്‌ഡേറ്റുകൾ അടക്കം നിരവധി സേവനങ്ങളും വിവരങ്ങളും പ്ലാറ്റ്‌ഫോം ഉല്ലാസബോട്ട് ഉടമകൾക്ക് നൽകുന്നു. 

Latest News