റിയാദ്- പെരുന്നാൾ അവധിക്കാലത്ത് തെക്കു, വടക്കു പാതയിൽ അധിക ട്രെയിൻ സർവീസുകളുണ്ടാകുമെന്ന് സൗദി റെയിൽവേ കമ്പനി അറിയിച്ചു. ജൂൺ പന്ത്രണ്ടു മുതൽ പതിനെട്ടു വരെയുള്ള ദിവസങ്ങളിലാണ് അധിക സർവീസുകളുണ്ടാവുക. റമദാൻ അവസാനത്തിൽ റിയാദിൽ നിന്ന് വൈകീട്ട് 4.30 നും അൽഖസീമിൽ നിന്ന് രാത്രി എട്ടിനും അധിക സർവീസുകളുണ്ടാകും.
പെരുന്നാളിന് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും അധിക സർവീസുകളുണ്ടാകും. ശനിയാഴ്ച വൈകീട്ട് 6.30 നും ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകീട്ട് 5.30 നും ആണ് റിയാദ് സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുക.
പെരുന്നാൾ അവധിക്കാലത്ത് യാത്രക്കാരിൽ നിന്നുള്ള വർധിച്ച ആവശ്യം കണക്കിലെടുത്താണ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നതെന്ന് സൗദി റെയിൽവെ കമ്പനി മാർക്കറ്റിംഗ് ആന്റ് കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ അമ്മാർ അൽ നഹ്ദി പറഞ്ഞു. ട്രെയിൻ യാത്ര ആഗ്രഹിക്കുന്നവർക്ക് സൗദി റെയിൽവെ കമ്പനി വെബ്‌സൈറ്റും ആപ്ലിക്കേഷനും റെയിൽവെ സ്റ്റേഷനുകളിലെ ടിക്കറ്റ് വിൽപന ഓഫീസുകളും വഴി സീറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് അമ്മാർ അൽ നഹ്ദി പറഞ്ഞു.