കൊച്ചി- കൊച്ചിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ കൂടിയ അളവില്‍ മാലിന്യം കലര്‍ന്നു. നഗരത്തില്‍ പലയിടത്തും കുടിവെള്ള ടാങ്കര്‍ വെള്ളം കുടിച്ച നിരവധി പേര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടി. ഫോര്‍ട്ട് കൊച്ചി മുണ്ടംവേലി പ്രദേശത്ത് കുടിവെള്ള ടാങ്കറുകളില്‍ വിതരണം ചെയ്ത വെള്ളം കുടിച്ചവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വയറിളക്കം ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകളാണ് അനുഭവപ്പെടുന്നത്. പൊതുടാങ്കില്‍ നിന്ന് പൈപ്പ് വെള്ളം കുടിച്ചവര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി.
കൊച്ചിയില്‍ വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തിലും ടാങ്കര്‍ വെള്ളത്തിലും കൂടിയ അളവില്‍ കോളിഫോം ബാക്ടീരിയ ഉള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയ കുടിവെള്ളത്തില്‍ കലരാന്‍ കാരണം ഓടകളിലൂടെയും മറ്റും പോകുന്ന പൈപ്പ്‌ലൈനുകളിലെ ചോര്‍ച്ചയും കുടിവെള്ള സ്രോതസുകളിലെ മലിനീകരണവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോളിഫോം ബാക്ടീരിയയുടെ അമിതസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ കര്‍ശന പരിശോധനകള്‍ നടന്നിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാം വീണ്ടും പഴയപടിയാണ്. കുടിവെള്ളക്ഷാമത്തില്‍ പശ്ചിമകൊച്ചിയടക്കം വലയുന്നതിനിടയിലാണ് ഉപയോഗിക്കാന്‍ കഴിയാത്ത വെള്ളമാണ് ടാങ്കറുകളിലും മറ്റും എത്തിക്കുന്നതെന്ന ആക്ഷേപം ഉയരുന്നത്. മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ടാങ്കറുകള്‍ ശരിയിയ രീതിയില്‍ വൃത്തിയാക്കാതെ കുടിവെള്ള വിതരണത്തിന് കരാറെടുത്തവര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം പ്രബലമാണ്.
ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം വ്യാപകമായ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് തകരാറിലായതിനെ തുടര്‍ന്നാണ് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ യുദ്ധാകാലാടിസ്ഥാനത്തില്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണം ഊര്‍ജിതമാക്കാനും ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു മുതല്‍ സാംപിളുകള്‍ പരിശോധിക്കും. പൊതുജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അനുവദനീയമായ സ്രോതസുകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം മാത്രമേ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം. അനധികൃതമായതോ ഗുണനിലവാരമില്ലാത്തതോ ആയ സ്രോതസുകളില്‍ നിന്നുള്ള ജലം വിതരണം ചെയ്യരുത്. വാട്ടര്‍ അതോറിറ്റിയും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റിയുടെ വെന്‍ഡിംഗ് പോയിന്റുകളില്‍ ഓരോ മണിക്കൂറും പരിശോധിച്ച് റെസിഡ്യുവല്‍ ക്ലോറിന്റെ അളവ് നിരീക്ഷിക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വെള്ളം ശേഖരിക്കുന്ന ടാങ്കറുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും നിര്‍ദേശിച്ചു. ഓരോ ദിവസവും വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ് നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അവലോകന യോഗം ചേരും.