മുലപ്പാൽ ശരീരത്തിന് ആവശ്യമില്ലാത്ത ഒരു ജെൻഡർ ആയി ഈ കുഞ്ഞ് സ്വയം ഐഡന്റിഫൈ ചെയ്യുന്നതുവരെ മിൽക്ക് ബാങ്കിലേക്ക് നെട്ടോട്ടമോടുന്ന പ്രസവിച്ച അച്ഛന്റെയും പ്രസവിപ്പിച്ച അമ്മയുടെയും ദിനചര്യ നമുക്ക് ഊഹിക്കാവുന്നതാണല്ലോ. മുറിച്ചിട്ട മുലകളിൽ നിന്ന് പാൽ വരുത്തുവാൻ ശാസ്ത്രം വളരും വരെയെങ്കിലും തോന്നുമ്പോഴേക്ക് കത്തിയെടുക്കുന്ന പുരോഗമനം നാം പൂട്ടിവെക്കണമായിരുന്നു. താന്താങ്ങളെക്കുറിച്ചുള്ള സംശയങ്ങളുടെ, അനിശ്ചിതത്വത്തിന്റെ ഒരു പുതിയ കാലനിർമിതിയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
മുറിച്ച മാർവിടങ്ങൾ
നിരത്തിവെച്ചു നമ്മൾ-
ക്കുറഞ്ഞിടാം ഇതാണ് പുതിയ ലോക നിർമിതി
വരണ്ട ചുണ്ടു കോട്ടി
കരഞ്ഞിടുന്ന കുഞ്ഞോ-
ടുരഞ്ഞിടാമീ വിപ്ലവത്തിൻ പൈതലാണ് നീ..
അച്ഛൻ 'പ്രസവിച്ചതിന്റെ' ആഘോഷത്തിലാണ് നാം. അമ്മ ലേബർ റൂമിനു പുറത്ത് ആനന്ദക്കണ്ണീരിലാറാടി അച്ഛനും കുഞ്ഞിനും വേണ്ടതെല്ലാം എത്തിക്കാൻ ഓടിത്തളരുന്നു. പല തരത്തിലും നമുക്ക് സന്തോഷിക്കാൻ വകയുണ്ട്. ഒന്നാമതായി, 'എന്തും' ചെയ്യാനാവും വിധം ശാസ്ത്രം വളർന്നിരിക്കുന്നു എന്ന തോന്നൽ ഉൽപാദിപ്പിക്കപ്പെട്ടിരിക്കുന്നു. രണ്ടാമതായി, പെണ്ണ് പ്രസവിക്കാനും പ്രസവിപ്പിക്കാനും എന്ന 'സാമ്പ്രദായിക വികല' ധാരണകളുടെ മുരടറുക്കപ്പെട്ടിരിക്കുന്നു. മൂന്നാമതായി, മനുഷ്യനുണ്ടായ കാലം മുതലേ പെണ്ണിനെ മാത്രം പരിക്ഷീണിതയാക്കിയ ഗർഭാവസ്ഥ 'ഒരാണിനെ' അനുഭവിപ്പിച്ചിരിക്കുന്നു. നാലാമതായി, പെണ്ണ് ലേബർ റൂമിനകത്ത് പ്രസവവേദനയിൽ പുളയുമ്പോൾ കസേരയിൽ ചാരിയിരുന്നും മരുന്നിനും രക്തത്തിനും മൂന്നാലു പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും ഓടിയും തളർന്നെന്ന് വരുത്തുന്ന അച്ഛൻമാരോട് ആ പരിപ്പ് ഇനിയിവിടെ വേവില്ലെന്ന് പറയാനായിരിക്കുന്നു. അഞ്ചാമതായി, വേണമെങ്കിൽ പ്രസവിപ്പിക്കാനും ഗർഭാവസ്ഥയിലും പ്രസവ ശേഷവും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ആണിനെ പോറ്റാനും ഒരു പെണ്ണ് മതിയെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ആറാമതായി, പ്രസവിച്ചാലും പോരാ, ജീവിതത്തിലെ വിലയേറിയ എഴുന്നൂറിലേറെ ദിവസങ്ങൾ പാലൂട്ടിത്തീർക്കുകയും വേണോ എന്നു ചോദിക്കുന്നവരോട് മുലയാദ്യം മുറിച്ചുകളയുക, ഗർഭം ധരിക്കുക, മിൽക്ക് ബാങ്കിൽ നിന്ന് കുഞ്ഞിന് പാൽ വാങ്ങുക എന്ന ലളിത മാർഗം തെളിവു സഹിതം ഉപദേശിക്കാം എന്നു വന്നിരിക്കുന്നു. ഏഴാമതായി, കുഞ്ഞുങ്ങളെ തോന്നിയ പോലെ വളർത്തുകയും തോന്നുന്ന പോലെയാവാൻ അവരെ അനുവദിക്കുകയും ചെയ്യുകയാണ് സന്തോഷവും ആത്മവിശ്വാസവും എല്ലാ വ്യക്തികൾക്കും ഉറപ്പാക്കാൻ ചെയ്യേണ്ടതെന്ന ധാരണ വളർത്താനായിരിക്കുന്നു.
എട്ടാമതായി, സ്വന്തം കുഞ്ഞിനെ ആൺകുഞ്ഞെന്നോ പെൺകുഞ്ഞെന്നോ പറഞ്ഞു വളർത്തുന്നത് അവരുടെ സ്വാഭാവിക വളർച്ചയെ മുരടിപ്പിക്കുന്ന പാതകമാണെന്ന ബോധത്തിന്റെ വിത്തു വിതയ്ക്കാൻ കുറച്ചുകൂടി നല്ല മണ്ണ് പരുവപ്പെട്ടിരിക്കുന്നു. എണ്ണിയാലുമെണ്ണിയാലും തീരാത്ത സാധ്യതകളുടെ മുഹൂർത്തമാണ് വന്നണഞ്ഞിരിക്കുന്നത്.
അച്ഛൻ ഗർഭം ധരിച്ചുവെന്നറിഞ്ഞപ്പോൾ നമുക്ക് കൈവന്ന പ്രതീക്ഷകൾ, അച്ഛൻ പ്രസവിച്ചപ്പോൾ നാം അനുഭവിച്ച നിർവൃതി, അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അമ്മ പറഞ്ഞത് കേട്ടപ്പോൾ തോന്നിയ ആശ്വാസം... നമ്മെ മൂടിയ ഇരുട്ടിന്റെ കനമല്ലാതെ മറ്റൊന്നും പുറത്തു കാണുന്നില്ല.
പെണ്ണിന്റേതെന്ന് 'സാമ്പ്രദായികമായി' പറഞ്ഞു വരുന്ന തരത്തിലുള്ള ശരീരവുമായി ജനിച്ച 'ഒരുവൾക്ക്' ആണിന്റേതെന്ന് 'സാമ്പ്രദായികമായി' പറഞ്ഞു വരുന്ന തരത്തിലുള്ള ശരീരവുമായി ജനിച്ചവന് തോന്നുന്ന രീതിയിലുള്ള തോന്നലുകളാണ് തനിക്കെന്ന് തോന്നുകയും 'ആൺ' തോന്നലുകൾക്ക് പാകമാവാത്ത തന്റെ പെൺശരീരം ഒരു ഭാരമായി അനുഭവപ്പെടുകയും ചെയ്യുന്നു. തന്റെ തോന്നലുകളെ സംതൃപ്തമാക്കുംവിധം തന്റെ ശരീരത്തെ പരുവപ്പെടുത്തുന്നതിനായി അവൾ പരിശ്രമം ആരംഭിക്കുന്നു. ഇരുമാറിടങ്ങളും ഛേദിക്കുകയും പുരുഷ ഹോർമോൺ കുത്തിവെപ്പിന്റെ ഫലമായി പൊടിമീശ കിളിർക്കുകയും ശബ്ദം സ്വൽപം കനപ്പെടുകയും ചെയ്തതോടു കൂടി, ആണായെന്ന് അവനും ഒപ്പമുള്ളവർക്കും തോന്നുന്നു. ഇതുപോലെ, ആൺശരീരവുമായി ജനിക്കുകയും പെൺതോന്നലുകൾ ഉണ്ടാവുകയും ചെയ്തതിനാൽ ചർമരോമങ്ങൾ നീക്കം ചെയ്തും ഹോർമോൺ ചികിത്സയിലൂടെ ശബ്ദം മൃദുവാക്കിയും മാറിടം വളർത്തിയും പെൺശരീരത്തിലേക്ക് പ്രയാണം തുടങ്ങിയ, എന്നാൽ പെണ്ണായി പരിഗണിച്ചു തുടങ്ങപ്പെട്ട ഒരാളുമായി ആൺശരീരത്തിലേക്ക് യാത്ര തുടങ്ങിയവന്റെ വിവാഹം നടക്കുന്നു. അവർക്കിരുവർക്കും ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം ജനിക്കുന്നു. ദമ്പതികളിൽ ഒരാൾ പേരിലും കാഴ്ചയിലും ഒരു ആണിനോട് അനുരൂപപ്പെട്ടിരുന്നെങ്കിലും ഗർഭപാത്രം നീക്കം ചെയ്യാതിരുന്നത്, മറ്റെയാൾ പ്രത്യക്ഷത്തിൽ പെണ്ണായി മാറിയിട്ടും ലിംഗവും ബീജോൽപാദനവും പഴയപടി തന്നെയായിരുന്നത്, അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു കുഞ്ഞുണ്ടാകാൻ അവരെ സഹായിച്ചു.
'ഗർഭപാത്രമുള്ള 'ഒരച്ഛനെ' ആഘോഷിക്കുന്നതിലൂടെ നാം എന്താണ് ലക്ഷ്യം വെക്കുന്നത്? ഒരാണിനെ ഗർഭപാത്രത്തിന്റെ ഭാരം ചുമപ്പിക്കാനായതിന്റെ ആഘോഷമാണ് നമ്മുടേതെങ്കിൽ, നമ്മോട് ഗർഭാവസ്ഥയിലെ ശാരീരിക പ്രയാസങ്ങൾ വളരെ നിഷ്‌കളങ്കമായി പങ്കുവെച്ച ആ അച്ഛനോട് ഇനിയും വൈകാതെ നാം തുറന്നു പറയേണ്ടതുണ്ട്, നിന്റെ വേദനയാണ് ഞങ്ങളെ സുഖിപ്പിച്ചതെന്ന്.
അതല്ല, സ്വന്തം തോന്നലുകളോട് താദാത്മ്യപ്പെടാൻ ശരീരത്തിൽ സ്ഥായിയായ ചില മാറ്റങ്ങൾ വരുത്താൻ ധൈര്യം കാണിച്ച ഒരു വ്യക്തിയോടുള്ള ബഹുമാനം കാരണമാണോ അവരുടെ സന്തോഷത്തിൽ നാം ആഹ്ലാദ ചിത്തരാകുന്നത്? എങ്കിൽ ഈ സംഭവത്തിന്റെ കുറച്ചുകൂടി വ്യക്തമായ ചിത്രം നാം കണ്ടെത്തേണ്ടതുണ്ടെന്നതാണ് സത്യം. ആ വ്യക്തിയുടെ ഒരു കുഞ്ഞുണ്ടാവുക എന്ന മോഹം സഫലമാക്കപ്പെട്ടത് സ്വന്തം തോന്നലുകൾക്കനുസരിച്ച് ശരീരം മാറ്റിമറിക്കുന്ന പ്രക്രിയ പൂർണമായിട്ടില്ലാത്തതുകൊണ്ടാണ്. ബ്രെസ്റ്റ് റിമൂവ് ചെയ്തില്ലായിരുന്നെങ്കിൽ വാവക്ക് മിൽക്ക് കൊടുക്കാമായിരുന്നു, വിധിയായിരിക്കാം എന്ന് പരിതപിക്കുന്ന ഒരച്ഛനെയാണ് നാം കാണുന്നത്. തോന്നലുകൾക്കനുസരിച്ച് പറിച്ചെറിഞ്ഞതൊന്നും മറുതോന്നലുണ്ടാകുമ്പോൾ തിരിച്ചുവെച്ചു തരാൻ മാത്രം വളർച്ച ഇന്നു ശാസ്ത്രം കൈവരിച്ചിട്ടില്ലെന്ന ബോധ്യം നമുക്ക് നല്ലതാണ്. നാളെ, ആണായി ജനിച്ച ഒരു വ്യക്തിയിൽ ഗർഭപാത്രം വളർത്തിയെടുക്കാനും പ്രസവിപ്പിക്കാനുമൊക്കെ ശാസ്ത്രം വളർന്നുവെന്നു തന്നെയിരിക്കട്ടെ. അതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? ലക്ഷക്കണക്കിന് വർഷങ്ങളായി മനുഷ്യരെ അത്ഭുതപ്പെടുത്തിയ സ്ത്രീശരീരത്തിലെ ഗർഭപാത്രത്തെ സ്രഷ്ടാവൊരുക്കിയ മാതൃക നോക്കി ഗവേഷണം ചെയ്ത് പുനർനിർമിക്കാനുള്ള മാർഗം നാളെ മനുഷ്യന്റെ തലച്ചോറിൽ തെളിഞ്ഞാൽ, തലച്ചോറുണ്ടാക്കിയത് മനുഷ്യനല്ലെന്നിരിക്കേ അഹങ്കരിക്കാൻ പോയിട്ട് അത്യാഹ്ലാദിക്കാൻ നമുക്കെന്തുണ്ട് വക?
പുരുഷൻ എന്നതാണ് തന്റെ ജെൻഡർ എന്ന് പ്രഖ്യാപിച്ച, താൻ തിരിച്ചറിഞ്ഞ തന്റെ ജെൻഡറിന് മുലകൾ ഒരു ഭാരമാണെന്ന് തോന്നി മുറിച്ചു കളഞ്ഞ അതേ വ്യക്തിക്ക് ബ്രെസ്റ്റ് റിമൂവ് ചെയ്യാതിരുന്നെങ്കിൽ എന്ന തോന്നൽ ഏറെ വൈകാതെ ഉണ്ടായെങ്കിൽ, മുലകൾ ഭാരമാണ് എന്നു വിശ്വസിച്ച ഒരു പുരുഷ ജെൻഡറിൽ നിന്ന് മുലകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന വേറൊരു തരം പുരുഷ ജെൻഡറിലേക്ക് ഇപ്പോൾ കുഞ്ഞിനു ജന്മം നൽകിയ അച്ഛൻ മാറിയിരിക്കുന്നു എന്നാണോ ഇതൊക്കെ കേൾക്കുന്നയാൾ വിശ്വസിക്കേണ്ടത്? അതോ, ഈ തോന്നൽ ഈ പ്രത്യേക സാഹചര്യത്തിൽ മാത്രം തോന്നിയ തോന്നൽ ആണെന്നാണോ?
മുലപ്പാൽ ശരീരത്തിന് ആവശ്യമില്ലാത്ത ഒരു ജെൻഡർ ആയി ഈ കുഞ്ഞ് സ്വയം ഐഡന്റിഫൈ ചെയ്യുന്നതുവരെ മിൽക്ക് ബാങ്കിലേക്ക് നെട്ടോട്ടമോടുന്ന പ്രസവിച്ച അച്ഛന്റെയും പ്രസവിപ്പിച്ച അമ്മയുടെയും ദിനചര്യ നമുക്ക് ഊഹിക്കാവുന്നതാണല്ലോ. മുറിച്ചിട്ട മുലകളിൽ നിന്ന് പാൽ വരുത്തുവാൻ ശാസ്ത്രം വളരും വരെയെങ്കിലും തോന്നുമ്പോഴേക്ക് കത്തിയെടുക്കുന്ന പുരോഗമനം നാം പൂട്ടിവെക്കണമായിരുന്നു.
താന്താങ്ങളെക്കുറിച്ചുള്ള സംശയങ്ങളുടെ, അനിശ്ചിതത്വത്തിന്റെ ഒരു പുതിയകാല നിർമിതിയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. താൻ മാത്രം തന്റെ ശരി തീരുമാനിക്കുന്ന ജീവിത പദ്ധതിയാണ് പുതിയ തലമുറയ്ക്കു പകർന്നു കൊടുക്കപ്പെടുന്നത്. മനുഷ്യരുടെ നൈമിഷികമായ തോന്നലുകൾക്ക് അപ്രമാദിത്തം തീറെഴുതിക്കൊടുക്കുന്ന നില! നമുക്കു മുന്നിൽ വിളമ്പിവെച്ചിരിക്കുന്ന പുതിയ വാർത്തകൾക്കടിയിൽ ആശങ്കകളുടെ ശരീരത്തിനു മേൽ ആനന്ദത്തിന്റെ കുപ്പായമിട്ട് അഭിനയിക്കേണ്ടിവരുന്ന പച്ചമനുഷ്യരാണെന്ന് കിട്ടുന്നതെല്ലാം വാരി വിഴുങ്ങി ഏമ്പക്കമിടുന്നതിനിടയിൽ നാം മറക്കാതിരുന്നാൽ നന്ന്.