ഈയിടെയായി പാർട്ടി ക്ലാസുകൾക്കൊന്നും പോകാറില്ല, അല്ലെ ഉത്തമാ എന്ന ശങ്കരാടി ഡയലോഗിനും ഇന്ന് പ്രസക്തിയില്ല. ഗോവിന്ദൻ മാസ്റ്ററുടെ ക്ലാസുകൾ സമൂഹ മാധ്യമങ്ങൾ വഴിയും പാർട്ടിക്കാരിലെത്തും. അതു മാത്രം മതിയാകുമോ പ്രതിരോധത്തിന് എന്നതാണ് സി.പി.എമ്മും സർക്കാരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കമ്യണിസ്റ്റുകാരുടെ 'താത്വിക അവലോകന'ത്തെ ആളുകൾ കളിയാക്കി, കളിയാക്കി പരുവമായതാണ്. ഇതൊക്കെയാണെങ്കിലും ശരിയായാലും തെറ്റായാലും വിശ്വസിക്കാൻ ഒരു പ്രത്യയ ശാസ്ത്രവും അതു പഠിച്ചു പറയാനുള്ള കഴിവുമുണ്ടെങ്കിൽ ഇന്നത്തെ കാലത്തും ചെറുത്തു നിൽക്കാനാകുമെന്ന് സി.പി.എമ്മും അതിന്റെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. വിവിധ കമ്യൂണിസ്റ്റ് പാർട്ടികളിലെ നേതാക്കളുമായി കാലാകാലം ഇടപെട്ട മാധ്യമ പ്രവർത്തകർക്ക് ബോധ്യമുള്ള ഒരു സംഗതിയുണ്ട്- കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിലെ വരികളും വാചകങ്ങളും കാണാപ്പാഠം അറിയാവുന്നതുകൊണ്ടു മാത്രം തർക്കങ്ങളിൽ ചെറുത്തു നിന്ന എത്രയോ പേർ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത എം.വി. രാഘവൻ അത്തരത്തിലൊരാളായിരുന്നു. ഇ.എം.എസ്, കെ. വേണു എന്നിവരെ പോലുള്ള കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്ര പണ്ഡിതന്മാരുടെ കാര്യമല്ല പറയുന്നത് . എം.വി.ആറിനെ പോലെയും ഗോവിന്ദൻ മാസ്റ്ററെയും പോലെയുമുള്ള സാധാരണ നിലവാരത്തിലുള്ള പാർട്ടി നേതാക്കളെ കുറിച്ചാണ്. കേരളത്തിലെ സി.പി.ഐ യെ എടുത്താൽ കാനം രാജന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവരെ മേൽപറഞ്ഞ സാധാരണ നിരക്കാരിൽ പെടുത്താം. എൻ.ഇ. ബലറാമിനെ പോലുള്ളവർ മറ്റൊരു തലത്തിലുള്ളവരായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി ഇപ്പോൾ കേരളത്തിൽ നിർവഹിച്ചുകൊണ്ടിരിക്കുന്ന പാർട്ടി ദൗത്യം കാണുമ്പോൾ ഈ പറഞ്ഞതിന്റെ കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെടും. ഗോവിന്ദൻ മാസ്റ്റർ യാത്ര തീരുമാനിക്കുമ്പോൾ കേരളത്തിന്റെ അവസ്ഥ ഇങ്ങനെയിരുന്നില്ല.
'ജനകീയ പ്രതിരോധ ജാഥ' എന്ന് യാത്രക്ക് പേരിടുമ്പോൾ പിണറായി വിജയനെയും സർക്കാർ സംവിധാനത്തെയും ഇന്നത്തെ രീതിയിൽ പ്രതിരോധിക്കേണ്ടി വരുമെന്ന് ആരും കരുതിയിരുന്നില്ല. സ്വർണക്കടത്തിലും വിവാദങ്ങളിലും പെട്ട എം. ശിവശങ്കർ എന്ന 'വലയും വണ്ടിയും' ഇക്കഴിഞ്ഞ ജനുവരി 31 ന് സർവീസിൽ നിന്ന് പിരിയുന്നതോടെ എല്ലാം തീർന്നു എന്നായിരുന്നു ശിവശങ്കർ പോലും കരുതിയത്. അതുകൊണ്ടായിരിക്കാം സെക്രട്ടറിയേറ്റിലെ മാമൂൽ യാത്രയപ്പിനു പോലും അദ്ദേഹം നിൽക്കാതിരുന്നത്. വിവാദങ്ങൾക്ക് വിട; ശിവശങ്കർ പടിയിറങ്ങി എന്നായിരുന്നു വിരമിക്കലുമായി ബന്ധപ്പെട്ട മാധ്യമ നിലപാട്. അതിലിടക്ക് വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ അഴിമതി കേസിൽ ശിവശങ്കർ ഹാജരാകണമെന്ന ഇ.ഡി നോട്ടീസ് പോയി. ആ ദിനവും ശിവശങ്കറിന്റെ വിരമിക്കൽ ദിനവും ഒന്നായിരുന്നു- ജനുവരി -31. സോറി, വിരമിക്കൽ ദിനം കഴിഞ്ഞ് വരാം എന്ന ശിവശങ്കറിന്റെ ആവശ്യം ഇ.ഡി അംഗീകരിച്ചു. റിട്ടയർ ചെയ്ത ശേഷം ഹാജരായ ശിവശങ്കർ ഈ കേസിൽ വീണ്ടും അറസ്റ്റിലാകുമെന്നൊന്നും ആരും കരുതിയിരുന്നില്ല. 1963 ഏപ്രിൽ 24 ന് തിരുവനന്തപുരത്തെ വെള്ളനാട്ട് ജനിച്ച ശിവശങ്കർ നേരിട്ട് ഐ.എ.എസ് നേടിയയാളല്ല. ഐ.എ.എസ് ലഭിച്ച വ്യക്തി. പുത്തൻ ഐഡിയകളുടെ പൊന്നു തമ്പുരാൻ. നിർമിത ബുദ്ധിയുടെ വഴിയെ പോലും കേരളത്തെ വഴി നടത്തിയ പ്രതിഭ. അക്കാലത്ത് ശിവശങ്കർ എന്നാൽ പിണറായി തന്നെയായിരുന്നു. ആശ്രിത വാത്സല്യത്തിൽ മറ്റൊരു കരുണാകരനാണ് പിണറായി എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കറിയാം. ഒന്നാം പിണറായി സർക്കാരിന്റെ എല്ലാം എല്ലാം ആയി മാറിയ ശിവശങ്കർ ജയിലിലിൽ കിടക്കുമ്പോൾ നടത്തുന്ന ജാഥ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്ക് എന്തു മാത്രം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ആലോചിച്ചു നോക്കിയാൽ പുറത്ത് നിൽക്കുന്നവർക്ക് ഒരെത്തും പിടിയും കിട്ടില്ല. ജാഥ തുടങ്ങുന്നതിന്റെ തലേ ദിവസമായ ഞായറാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ഇതിന്റെയൊന്നും ചെറുസൂചന പോലും ഗോവിന്ദൻ മാസ്റ്ററുടെ നിലപാടുകളിലുണ്ടായിരുന്നില്ല. ഇന്നു മുതൽ മാർച്ച് 18 വരെയാണ് എം.വി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ ജാഥ. കാസർകോട്ട് കുമ്പളയിൽ നിന്ന് തുടങ്ങി തിരുവനന്തപുരത്ത് സമാപനം. സി.എസ്. സുജാത, പി.കെ. ബിജു, എം. സ്വരാജ്, കെ.ടി. ജലീൽ എന്നിവരാണ് ജാഥ അംഗങ്ങൾ.
കേന്ദ്ര സർക്കാരിന്റെയും ആർ.എസ്.എസിന്റെയും വർഗീയ നിലപാടുകൾക്കെതിരെ ജനമുന്നേറ്റം വേണമെന്നാണ് ശിവശങ്കർ സംഭവം ഇടിത്തീയായി ഇറങ്ങും മുമ്പ് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിരുന്നത്. ആലപ്പുഴയിലും മറ്റുമുള്ള സി.പി.എമ്മിലെ പ്രശ്‌നങ്ങളും അന്ന് ഉന്നയിക്കപ്പെട്ടിരുന്നു. അതൊക്കെ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് അന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പതിവ് പോലെ മാധ്യമങ്ങൾക്ക് മുന്നിൽ ശുഭാപ്തി പ്രകടിപ്പിച്ചതാണ്. തെറ്റായ ഒരു പ്രവണതക്കും പാർട്ടി കൂട്ടുനിൽക്കില്ല. ആലപ്പുഴയല്ല, എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങൾക്ക് അന്യമായ ഒന്നും പാർട്ടി അംഗീകരിക്കില്ലെന്നും എല്ലാം തിരുത്തിക്കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും എം. വി. ഗോവിന്ദൻ അന്ന് വ്യക്തമാക്കി.
ഇന്നലെ നടത്തിയ അഭിമുഖങ്ങളിൽ ഉടനീളം ലൈഫ് മിഷൻ കോഴ ഇടപാട്, സ്വപ്നയുടെ ജോലിയുമായി ബന്ധപ്പെട്ടു വന്ന വാട്‌സ് ആപ് തെളിവുകൾ എന്നിവയൊക്കെയായിരുന്നു മാധ്യമങ്ങളുടെ വിഷയം. മുഖ്യമന്ത്രി സ്വപ്നയ്ക്ക് ജോലി നൽകാൻ ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് വരെ ഇന്നലെ അദ്ദേഹത്തിന് പറയേണ്ടി വന്നു.
കേരളത്തിൽ വർധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് പറയാനും സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്നലെ ധൈര്യം കാണിച്ചു. കാരണം സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകാൻ നികുതി വേണം എന്ന യാഥാർഥ്യം തന്നെ എന്നദ്ദേഹം ഉറച്ച നിലപാടെടുക്കുന്നു. കേരളത്തിൽ ഇന്ധന വില രണ്ടു രൂപ കൂടുമ്പോൾ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി കൂട്ടുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവരെന്നോർക്കണം.
മുഖ്യമന്ത്രിക്കു നേരെ കോൺഗ്രസ് ആത്മഹത്യ സ്‌ക്വാഡിനെ ഇറക്കിയിരിക്കുകയാണെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയുടെ നിലപാട് സമരത്തെ നേരിടാൻ സർക്കാരിന് ശക്തി പകരും. പാർട്ടിയെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് മുന്നറിയിപ്പ് നൽകാനും പാർട്ടി സെക്രട്ടറി തയാറായി. ഇനി പാർട്ടി ലേബലിൽ ഇറങ്ങിയാൽ അപ്പോൾ കാണാം എന്നാണ് പാർട്ടി സെക്രട്ടറി മയലേശമില്ലാതെ തില്ലങ്കേരിയെയും സംഘത്തെയും ഓർമിപ്പിച്ചത്. ക്രിമിനലായ ആകാശ് തില്ലങ്കേരി ശുദ്ധ അസംബന്ധങ്ങൾ പറയുകയാണ്. ലീഗിനെ ഇടതു ബദലിലേക്ക് ക്ഷണിക്കാനും ഗോവിന്ദൻ തയാറായി. ലീഗിന് ഇന്ത്യയിലെ വിശാല ഇടതുപക്ഷത്തിന്റെ ഭാഗമാകാം. ന്യൂനപക്ഷങ്ങളും തൊഴിലാളികളും ചേരുന്ന ഇടതു ബദലിലേക്ക് ലീഗിന് വരാം. കോൺഗ്രസിന് ബി.ജെ.പിയെ നേരിടാൻ കരുത്തില്ലെന്നും എം.വി ഗോവിന്ദൻ സമർഥിക്കുന്നത് കേട്ടവർക്കാർക്കും സി.പി.എം എന്ന പാർട്ടിയുടെ ഇന്ത്യയിലെ പരിതാപകരമായ അവസ്ഥ ബോധ്യപ്പെടില്ല. അതാണ് പാർട്ടി പാഠങ്ങൾ ചേർത്തുള്ള വാക്കുകളുടെ പ്രത്യേകത. രാവിനെ പകലാക്കും- മറിച്ചും. പാർട്ടിക്കാർ ഇതുവെച്ച് എല്ലാറ്റിനും ന്യായങ്ങൾ നിരത്തും. ഈയിടെയായി പാർട്ടി ക്ലാസുകൾക്കൊന്നും പോകാറില്ല, അല്ലെ ഉത്തമാ എന്ന ശങ്കരാടി ഡയലോഗിനും ഇന്ന് പ്രസക്തിയില്ല. ഗോവിന്ദൻ മാസ്റ്ററുടെ ക്ലാസുകൾ സമൂഹ മാധ്യമങ്ങൾ വഴിയും പാർട്ടിക്കാരിലെത്തും. അതു മാത്രം മതിയാകുമോ പ്രതിരോധത്തിന് എന്നതാണ് സി.പി.എമ്മും സർക്കാരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.