കൊച്ചി- ആദ്യമായി ലാഭത്തിലെത്തിയ കെഎസ്ഇബി, ഇക്കാര്യം മറച്ചുവയ്ക്കുന്ന റിപ്പോര്‍ട്ടുമായി നിരക്കുവര്‍ധന ആവശ്യപ്പെട്ടു വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. പുറത്തുനിന്നുള്ള ഏജന്‍സി ഓഡിറ്റ് ചെയ്ത കണക്കില്‍ 2021-22ല്‍ വൈദ്യുതി ബോര്‍ഡിന്റെ ചെലവ് 16,249.35 കോടി രൂപയാണ്. വരുമാനം 16,985.62 കോടി രൂപ. ലാഭം 736.27 കോടി രൂപ. സാമ്പത്തികവര്‍ഷം തുടങ്ങും മുന്‍പുള്ള കണക്കെടുപ്പില്‍ 998.53 കോടി കമ്മി കണക്കാക്കിയിടത്താണ് 736.27 കോടി ലാഭമുണ്ടാക്കിയത്.
എന്നാല്‍ ഈ ലാഭം മറച്ചുവയ്ക്കാന്‍ ചെലവ് അധികരിച്ചു കാണിച്ച്, ബോര്‍ഡ് റഗുലേറ്ററി കമ്മിഷനു മുന്നില്‍ ട്രൂയിങ് അപ് പെറ്റിഷന്‍ നല്‍കി. ഇതില്‍ വരവും ചെലവും 16,635.94 കോടി എന്ന ഒരേ തുകയിലെത്തിച്ചു. 4 വര്‍ഷം തുടര്‍ച്ചയായി വൈദ്യുതി നിരക്കു വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷം മാത്രം നിരക്കുവര്‍ധനയിലൂടെ 1044.43 കോടി രൂപ ലഭിക്കണമെന്നാണ് ആവശ്യം. യഥാര്‍ഥ വരവുചെലവു കണക്കുകള്‍ പുറം ഓഡിറ്റിങ്ങിനു ശേഷം സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ റഗുലേറ്ററി കമ്മിഷനു നല്‍കുന്നതാണ് ട്രൂയിങ് അപ് പെറ്റിഷന്‍.
2021-22ല്‍ ലാഭം കൈവരിച്ച ബോര്‍ഡ് തുടര്‍ന്ന് 2022 ജൂണില്‍ നിരക്കു കൂട്ടുകയും ചെയ്തു. ഇതിലൂടെ വര്‍ഷം 1000 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളൂ.ബോര്‍ഡിന്റെ 3 വിഭാഗങ്ങളും ലാഭത്തിലാണ്. ജനറേഷന്‍ യൂണിറ്റ് 116.38 കോടി രൂപയും ട്രാന്‍സ്മിഷന്‍ യൂണിറ്റ് 119.99 കോടിയും ഡിസ്ട്രിബ്യൂഷന്‍ യൂണിറ്റ് 253.50 കോടിയും ലാഭമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെല്ലാം മറച്ചാണ് ചാര്‍ജ് വര്‍ധനവിന് നീക്കം.