പെരിങ്ങമല, തിരുവനന്തപുരം- കേരളത്തിലെ സിവില്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന ഭൂമി തര്‍ക്ക കേസുകളെ പറ്റി അറിയുമ്പോള്‍ ആരും ഞെട്ടും. കാല്‍ നൂറ്റാണ്ടും അര നൂറ്റാണ്ടുമായിട്ടും തീര്‍പ്പാകാതെ ഭൂമി തര്‍ക്കം മുന്നോട്ടു പോവുന്നു. തഞ്ചം കിട്ടിയാല്‍ ആരാന്റെ അര സെന്റ് കയ്യേറാനുള്ള വ്യഗ്രതയാണ് എല്ലായിടത്തും. ഇത്തരക്കാര്‍ക്കിടയില്‍
സ്വന്തം സ്ഥലം ദാനം ചെയ്ത ജമീല മഹത്തായ മാതൃകയാണ്.
ഭര്‍ത്താവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മൂന്ന് നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമി ദാനം ചെയ്താണ് വാവരമ്പലം സ്വദേശിയായ ജമീലാബീവിയും മക്കളും മാതൃകയായത്. കഴിഞ്ഞ ഫെബ്രുവരി 19നാണ് വാവറയമ്പലം സജീദ് മന്‍സിലില്‍ കബീര്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് മരണപ്പെട്ടത്.
പോത്തന്‍കോട് പഞ്ചായത്തിലെ കല്ലുവെട്ടി വാര്‍ഡില്‍ കബീറിന്റെ പേരിലുള്ള 20 സെന്റ് ഭൂമിയാണ് ദാനം നല്‍കിയത്. ചാല സ്വദേശിയായ റീനു സുരേന്ദ്രന് 8 സെന്റും പോത്തന്‍കോട് സ്വദേശി ഷൈനിക്ക് 4 സെന്റും, പേരൂര്‍ക്കട സ്വദേശി ജെ.സബീനക്ക് മൂന്ന് സെന്റ് ഭൂമിയുമാണ് പതിച്ചു നല്‍കിയത്. ഭൂമിക്ക് പുറമേ വീട് പണിക്കായി ഓരോ ലക്ഷം രൂപയും നല്‍കുമെന്ന് കുടുംബം വാഗ്ദാനം ചെയ്തു. ഇതെല്ലാം പുതിയ കാര്യങ്ങളല്ല. കബീര്‍ ജീവിച്ചിരുന്നപ്പോള്‍ മഞ്ഞമല സ്വദേശി നൂറുദ്ദീന് 5 സെന്റ് ഭൂമി ദാനം ചെയ്തിരുന്നു.