കോഴിക്കോട്- നിപ്പ വൈറസിന്റെ വ്യാപനം രണ്ടാം ഘട്ടത്തിലേക്കെന്ന് സൂചന നൽകി റസിലിന്റെ മരണം. രോഗം സ്ഥിരീകരിച്ചവരുടെ നേരത്തെയുള്ളവരുടെ ലിസ്റ്റിൽ റസിൽ ഉണ്ടായിരുന്നില്ല. ഇന്നലെയാണ് റസിലിന് രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന. ഉടനെ മരണവുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇത് വൈറസിന്റെ രണ്ടാം ഘട്ട വ്യാപനമെന്ന് ആരോഗ്യവകുപ്പ് അധികൃതർ കരുതുന്നത്. രണ്ടാം ഘട്ട വ്യാപനത്തിന് നേരത്തെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും റസിലിന്റെ മരണത്തോടെ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത പാലിക്കുകയാണ്. ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിതിൽ നിന്ന് രോഗം പകർന്ന 16 പേരും മരിച്ചതായും എന്നാൽ ഈ 16 പേരുമായി ബന്ധപ്പെട്ടവരിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യതയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ഇതിനായി ഇവരുമായി ബന്ധപ്പെട്ടവരെയും മെയ് അഞ്ച് മുതൽ കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റി, വിശ്രമമുറി, സി ടി സ്‌കാൻ പരിസരം, ബാലുശ്ശേരി ഗവ. ആശുപത്രി എന്നിവിടങ്ങളിൽ വന്നു പോയവരെയും ഉൾപ്പെടുത്തി ലിസ്റ്റ് വിപുലീകരിക്കാനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്. നിലവിൽ 1407 പേർ രോഗികളുമായി അടുത്തിടപഴകിയ സമ്പർക്ക ലിസ്റ്റിലുണ്ട്. ഇതാണ് വിപുലീകരിക്കുന്നത്. നിർമാണ തൊഴിലാളിയായ റസിൽ നേരത്തെ പനിയെ തുടർന്ന് ബാലുശ്ശേരി മുക്കിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതേസമയത്ത് നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച കോട്ടൂർ സ്വദേശി ഇസ്മാഈലും ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് നിപ്പ വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. റസിൽ പനി മാറി വീട്ടിലെത്തിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 27നാണ് രോഗലക്ഷണങ്ങളോടെ റസിലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലെ സാബിത്തിൽ നിന്നാണ് രോഗം പകർന്നതെങ്കിൽ റസിലിന് ഇസ്മാഈലിൽ
നിന്നാണ് പകർന്നതെന്നത് വൈറസ് രോഗബാധയുടെ രണ്ടാം ഘട്ടമെന്നാണ് സൂചിപ്പിക്കുന്നത്. ഈ ഘട്ടത്തിൽ രോഗ പ്രതിരോധത്തിന് ജനങ്ങൾ ജാഗ്രത വർധിപ്പിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. അതേസമയം
ആസ്‌ത്രേലിയയിൽ നിന്നുള്ള മരുന്നെത്താൻ രണ്ട് മൂന്ന് ദിവസം കൂടിയെടുക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രനും സൂപ്രണ്ട് കെ ജി സജിത് കുമാറും പറഞ്ഞു. കേരളത്തിൽ രോഗമുണ്ടാക്കിയ നിപ്പ വൈറസിന് മലേഷ്യയിലുണ്ടായതിനെക്കാൾ ബംഗ്ലാദേശിലുണ്ടായതിനോടാണ് ജനിതക സാമ്യമെന്ന് മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ച് മേധാവി ഡോ. ജി അരുൺകുമാർ വ്യക്തമാക്കി. ജനിതക വിശകലനം പൂർണമാകാൻ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിപ്പ വൈറസ് ബാധയേറ്റ് ബുധനാഴ്ച കോഴിക്കോട് രണ്ടുപേർ മരണമടഞ്ഞിരുന്നു, കോഴിക്കോട് നെല്ലിക്കോട് ഡിവൈൻ വീട്ടിൽ മധുസൂദനൻ(55), കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശി അഖിൽ (28) എന്നിവരാണ് മരിച്ചത്. ഇന്നലെ നാലുപേരെ പുതുതായി നിപ്പ രോഗബാധ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.