റിയാദ് - രണ്ടായിരം വർഷത്തിന് ശേഷം ഹിനാത്ത് എന്ന ആ നബാത്തിയൻ വനിതയുടെ മുഖം ഒരിക്കൽ കൂടി ലോകം കണ്ടു. ഏഴ് വർഷം മുമ്പ് മദായിൻ സ്വാലിഹ് എന്നറിയപ്പെടുന്ന അൽഉല ഹിജ്‌റിലെ ശവകുടീരത്തിൽനിന്ന് ലഭിച്ച തലയോട്ടിയിൽനിന്നാണ് ചരിത്രകാരന്മാരും ലോകോത്തര പുരാവസ്തു ഗവേഷകരും ഹിനാത്തിന്റെ മുഖം രൂപപ്പെടുത്തിയത്. ഇനി അവിടെയെത്തുന്ന സന്ദർശകർക്ക് നൂറ്റാണ്ടുകളുടെ കഥ പറയുന്ന, ഗൗരവം പൂണ്ടുനിൽക്കുന്ന ഹിനാത്ത് എന്ന് പേരുള്ള ആ വനിതയെ കാണാം.
2015 ലാണ് നബാത്തിയൻ വംശത്തിൽപെട്ട വനിതയുടെ തലയോട്ടി സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാർ ഭാഗത്തെ പുരാതന അൽഉലാ നഗരത്തിലെ പൈതൃക പ്രദേശത്തെ ശവകുടീരത്തിൽനിന്ന് ലഭിച്ചത്. വളരെ നല്ല നിലയിലായിരുന്നു അവരുടെ ശരീരാവശിഷ്ടങ്ങൾ. അതിനാലാണ് അൽഉല റോയൽ കമ്മീഷൻ അവരുടെ മുഖം പുനർനിർമിക്കാൻ തീരുമാനിച്ചത്.
2019 ൽ തലയോട്ടി അൽഉല റോയൽ കമ്മീഷൻ യു.കെയിലേക്ക് അയച്ചു. അസ്ഥി ശകലങ്ങളിൽനിന്ന് നരവംശ ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും ഫോറൻസിക് വിദഗ്ധരും ചേർന്ന് മുഖത്തിന്റെ അന്തിമ രൂപം തയാറാക്കി. ശിൽപികൾ ത്രീഡി പ്രിന്റർ സംവിധാനം ഉപയോഗിച്ച് അവരുടെ മുഖം ജീവസ്സുറ്റതാക്കി. അക്കാലത്ത് ധരിച്ചിരിക്കാൻ സാധ്യതയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അവരുടെ മുടിയും രൂപപ്പെടുത്തി തട്ടമിട്ട ഹിനാത്തിനെ സൗദിയിലേക്ക് തിരിച്ചയച്ചു. ശേഷം അത് ഹിജ്‌റിന്റെ സ്വീകരണ കേന്ദ്രത്തിൽ പുനഃസ്ഥാപിച്ചു. ഇതാദ്യമായാണ് ചരിത്രത്തിൽ ഇത്തരമൊരു ഉദ്യമമെന്നും നബാത്തികളുടെ ചരിത്രവും അൽഉലയുടെ സാംസ്‌കാരിക പൈതൃകവും ഇതുവഴി ലോകത്തിന് പരിചയപ്പെടുത്താനാകുമെന്നും അൽഉല റോയൽ കമ്മീഷൻ അറിയിച്ചു. യുെനസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയ ഹിജ്‌റ് 2020ലാണ് ടൂറിസ്റ്റ് സൈറ്റായി തുറന്നുകൊടുത്തത്.
രണ്ടായിരത്തിലധികം വർഷം മുമ്പ് സിറിയൻ നാടുകളിലും അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് ഭാഗത്തും താമസിച്ചിരുന്ന പുരാതന അറബ് നാഗരികതയാണ് നബാത്തിയക്കാർ. ജോർദാനിലെ പെട്രാ നഗരമായിരുന്നു അവരുടെ തലസ്ഥാനം. സുഗന്ധദ്രവ്യങ്ങൾ, മരുന്നുകൾ, തുണിത്തരങ്ങൾ എന്നിവയുടെ വ്യാപാരം വഴി അഭിവൃദ്ധി പ്രാപിച്ച അന്താരാഷ്ട്ര വ്യാപാര കേന്ദ്രമായിരുന്നു പെട്രാ നഗരം. നബാത്തിയക്കാരെ കുറിച്ച് കാര്യമായ ചരിത്ര ഗ്രന്ഥങ്ങൾ ലഭ്യമല്ല. മിഡിൽ ഈസ്റ്റിലുടനീളമുള്ള ശവകുടീരങ്ങളിലും പാറകളിലും കണ്ടെത്തിയ ലിഖിതങ്ങളിൽനിന്നോ പുരാവസ്തു ഗവേഷണങ്ങളിൽനിന്നോ ആണ് അവരെ കുറിച്ച് ചരിത്രകാരന്മാർ മനസ്സിലാക്കിയത്.
നബാത്തിയന്മാരെ കുറിച്ച് ഗ്രന്ഥങ്ങളോ രേഖകളോ ലഭ്യമല്ലെന്നും ശവകുടീര ഖനനം വഴി അവരെ കുറിച്ച് കൂടുതൽ പഠിക്കാൻ സാധിച്ചെന്നും മരണാനന്തര ജീവിതത്തെ കുറിച്ച് അവർ വിശ്വസിച്ചിരുന്നതായും ഹിജ്‌റ് പദ്ധതി ഡയറക്ടറും ലബനോൻ ഫ്രഞ്ച് പുരാവസ്തു ഗവേഷകയുമായ ലൈല നജ്മ പറഞ്ഞു. അവരുടെ അക്ഷരമാലയാണ് പിന്നീട് അറബി ഭാഷയായി രൂപാന്തരം പ്രാപിച്ചത്. ഈ ശവകുടീരത്തിന് മുന്നിൽ വളരെ മനോഹരമായ ഒരു ലിഖിതം കൊത്തിവെച്ചിട്ടുണ്ടായിരുന്നുവെന്നും അത് ഹിനാത്ത് എന്ന വനിതയുടെ പേരായിരുന്നുവെന്നും ബിസി ഒന്നാം നൂറ്റാണ്ടിൽ സമൂഹത്തിൽ ഏറെ സ്ഥാനമുള്ള വനിതകളിലൊരാളായിരിക്കാം ഇവരെന്നതാണ് അവരുടെ പേർ കൊത്തിവെച്ചതിലൂടെ സൂചിപ്പിക്കുന്നതെന്നും ലൈല വ്യക്തമാക്കി.