പാരീസ്- സമനിലയുടെ വക്കിൽനിന്ന് പി.എസ്.ജിയെ അവസാന നിമിഷം സൂപ്പർ താരം ലിയണൽ മെസ്സി ഫ്രീ കിക്കിലൂടെ വിജയത്തിലെത്തിച്ചു. അവസാനത്തെ ഇൻജുറി ടൈമിലാണ് ഫ്രീ കിക്കിലൂടെ മെസി ഗോൾ നേടിയത്. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ലോസ്‌ക് ലില്ലെയ്‌ക്കെതിരെ പി.എസ്.ജി വിജയം നേടിയത്. കിലിയൻ എംബപ്പെ ഇരട്ട ഗോളും നെയ്മാർ ഒരു ഗോളും നേടി. പക്ഷേ കളിക്കിടെ കണങ്കാലിന് പരിക്കേറ്റ നെയ്മറിനെ സ്‌ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. തുടക്കത്തിൽ രണ്ടു ഗോളിന് മുന്നിൽനിന്ന പി.എസ്.ജി പിന്നീട് ഒരു ഗോളിന് പിറകിലായി. പതിനൊന്നാം മിനിറ്റിൽ എംബപ്പെയും പതിനേഴാം മിനിറ്റിൽ നെയ്മാറും ഗോൾ നേടി. എന്നാൽ 24-ാം മിനിറ്റിൽ ബഫോഡെ ഡിയെക്ടെ ഒരു ഗോൾ തിരിച്ചടിച്ചു. 58-ാം മിനിറ്റിൽ ജൊന്നാഥൻ ഡേവിഡ് പെനാൽറ്റിയിലൂടെ ലോസ്‌ക് ലില്ലേയുടെ രണ്ടാമത്തെ ഗോൾ നേടി. 69-ാം മിനിറ്റിൽ ജൊന്നാഥൻ ബാംബ പി.എസ്.ജിക്ക് മുകളിൽ മറ്റൊരു പ്രഹരം കൂടി നൽകി മൂന്നാം ഗോൾ നേടി. ഒരു ഗോളിന് പിറകിലായ പി.എസ്.ജിക്ക് വേണ്ടി 87-ാം മിനിറ്റിൽ എംബപ്പെ സമനില ഗോൾ നേടി. കഴിഞ്ഞ മത്സരത്തിലും തോറ്റ പി.എസ്.ജി വീണ്ടും തിരിച്ചടി നേരിടും എന്ന ഘട്ടത്തിൽ നിൽക്കെ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ മെസി ഫ്രീ കിക്കിലൂടെ ഗോൾ സ്വന്തമാക്കി ടീമിനെ വിജയത്തിലെത്തിച്ചു.