കോഴിക്കോട്- നിപ്പാ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മരിച്ചു. നടുവണ്ണൂര്‍ സ്വദേശി റസിന്‍ (25) ആണു മരിച്ചത്. ഇതോടെ നിപ്പാ വൈറസ് ബാധയേറ്റു മരിച്ചവരുടെ എണ്ണം 16 ആയി. ആദ്യം മരിച്ച സാബിത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചിട്ടില്ലാത്തതിനാല്‍ നിപ്പാ ബാധ സ്ഥിരീകരിച്ചിരുന്നില്ല. സാബിത്തുള്‍പ്പെടെ മരണം 17 ആണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 18 പേരില്‍ 17 പേരും മരിച്ചു. ഒരാള്‍ മെഡിക്കല് കോളെജില്‍ ചികിത്സയിലാണ്. രോഗം സംശയിച്ച് ഇന്നലെ രണ്ടു പേരെ കൂടി ആശുപത്രിയിലെത്തിച്ചിരുന്നു. ഇവരടക്കം ഒമ്പതു പേര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ ലഭിച്ച 12 പേരുടെ പരിശോധനാ ഫലത്തില്‍ 11 പേര്‍ക്കു നിപ്പാ ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്ട് 1353 പേരാണ് നിപ്പാ ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണ പട്ടികയിലുള്ളത്. മലപ്പുറം ജില്ലയില്‍ 400ഓളം പേരുമുണ്ട്. അതിനിടെ വൈറസ് ബാധ തടയാന്‍ ഫലപ്രദമെന്ന് കണ്ടെത്തിയ ഓസ്‌ട്രേലിയയില്‍ നിന്നുള്ള പുതിയ മരുന്നെത്താന്‍ രണ്ടു മൂന്ന് ദിവസം കൂടി എടുക്കുമെന്ന് മെഡിക്കല്‍ കോളെജ് അധികൃതര്‍ പറഞ്ഞു.