Sorry, you need to enable JavaScript to visit this website.

കേരള സർക്കാർ ഔദ്യോഗികമായി മനുഷ്യക്കടത്ത് നടത്തുന്നു, നാണക്കേടെന്ന് സന്ദീപ് വാര്യർ

കൊച്ചി- വ്യാജ കർഷകനെ ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തുകയായിരുന്നു കേരള സർക്കാർ എന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഇക്കാര്യത്തിലും കേരളം നമ്പർ വൺ ആണെന്ന് സന്ദീപ് വാര്യർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. 
ചില അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ മുങ്ങുന്ന വാർത്ത കേട്ടിട്ടുണ്ട്. പക്ഷെ ഇതാദ്യമായി ഇവിടെ കർഷകനല്ലാത്ത ഒരാളെ പാർട്ടി ബന്ധം വച്ച് ലിസ്റ്റിൽ തിരുകി കയറ്റുകയാണ് കേരളം ചെയ്തത്. മന്ത്രിയെ ഇസ്രായേലിൽ പോകാൻ രാഷ്ട്രീയ കാരണത്താൽ അനുവദിച്ചതുമില്ല. 
കേരളത്തിൽ നിന്ന് ഇനി ഒരു പഠന സംഘത്തിന് അനുമതി കൊടുക്കും മുമ്പ് വിദേശ രാഷ്ട്രങ്ങൾ പല തവണ ചിന്തിക്കുമെന്നും ഇത് നാണക്കേടാണെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. 

ആധുനിക കൃഷി രീതികളെക്കുറിച്ച് പഠിക്കാനായി കൃഷി വകുപ്പ് സംഘത്തിനൊപ്പം കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക പോയ കർഷകൻ അവിടെനിന്ന് മുങ്ങിയിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് മുങ്ങിയത്. എന്നാൽ താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടതില്ലെന്നും ഇയാൾ കുടുംബത്തെ ഫോണിൽ വിളിച്ചു വ്യക്തമാക്കി. മന:പൂർവ്വം മാറി നിൽക്കുകയാണെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇപ്പോൾ ബിജുവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും സഹോദരൻ ബെന്നി പറഞ്ഞു.
ഇസ്രയേലിലെ ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നു 17ന് രാത്രിയാണ് കാണാതായത്. രാത്രി ഭക്ഷണം സൗകര്യപ്പെടുത്തിയിരുന്ന മറ്റൊരു ഹോട്ടലിലേക്കു പോകാനായി കാത്തുനിന്ന ബസിന് സമീപത്തെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറാതെ അപ്രത്യക്ഷനായതായാണ് പറയുന്നത്.
ഇസ്രായേൽ പോലീസെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പരിശോധിച്ചെങ്കിലും അന്വേഷണത്തിൽ ഇതുവരെയും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. പാസ്‌പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കർഷകന്റെ കൈവശം ഉള്ളതായാണ് കൂടെയുള്ളവർ സംശയിക്കുന്നത്. സംഭവത്തിൽ പോലീസും ഇന്ത്യൻ എംബസി വൃത്തങ്ങളും അന്വേഷണം നടത്തി വരികയായിരുന്നു.
കാണാതായ വിവരം സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് അന്നുതന്നെ രാത്രി കേരള സർക്കാറിനെയും കേന്ദ്രത്തെയും അറിയിച്ചിട്ടുണ്ട്. എംബസി തലങ്ങളിലും മറ്റും ഊർജിതമായ ഇടപെടലുകൾ നടക്കുകയും ചെയ്യുന്നതിനിടയിലാണ് ബിജു കുടുംബത്തെ ബന്ധപ്പെട്ടത്. ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്നും എംബസിയിലും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.
 

Latest News