ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലെത്തിയപ്പോൾ ഉണ്ടായ രണ്ട് സുപ്രധാന സംഭവങ്ങൾ കേരള രാഷ്ട്രീയത്തിൽനിന്ന് രണ്ട് അതികായരുടെ നാടുകടത്തലാണ്. പാർട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറാമിൽ ഗവർണറാക്കിക്കൊണ്ട് ബി.ജെ.പിയാണ് ആദ്യ നടപടി സ്വീകരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ മുൻ മുഖ്യമന്ത്രിയും കേരളത്തിലെ കോൺഗ്രസിൽ ഏറ്റവും ജനകീയനായ നേതാവുമായ ഉമ്മൻ ചാണ്ടിയെ പാർട്ടി ഹൈക്കമാന്റും അങ്ങ് 'മേലേക്കെടുത്തു'. എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കിയ ഉമ്മൻ ചാണ്ടിക്ക് ആന്ധ്രാ പ്രദേശിന്റെ ചുമതല നൽകിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
ഇതൊരു പ്രൊമോഷനല്ല, പണിഷ്‌മെന്റാണെന്ന് നല്ല നിശ്ചയമുള്ളതുകൊണ്ടാവാം കുമ്മനം രാജശേഖരന് പോകാൻ മടിയായിരുന്നു. ഗവർണർ നിയമനം സംബന്ധിച്ച് രാഷ്ട്രപതി ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചതായി വാർത്ത പുറത്തു വന്നപ്പോൾ, 'എവിടെ, എപ്പ...' എന്നിങ്ങനെയുള്ള പ്രതികരണം അദ്ദേഹം നടത്തിയത് അതുകൊണ്ടാണ്. യാഥാർഥ്യ ബോധം വന്നപ്പോൾ, അതോ മറ്റുള്ളവർ കാര്യം പറഞ്ഞുമനസ്സിലാക്കിയപ്പോഴോ, പെട്ടിയുമെടുത്ത് മിസോറാം രാജ്ഭവനിലേക്ക് വണ്ടികയറാൻ അദ്ദേഹം തീരുമാനിച്ചു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞയും കഴിഞ്ഞു. അദ്ദേഹത്തിനായി രാജ്ഭവനിൽ വെജിറ്റേറിയൻ മെനു ഒരുക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.
എന്നാൽ രാജ്ഭവനും പത്രാസുമൊന്നും ഇല്ലെങ്കിലും ഉമ്മൻ ചാണ്ടി സന്തുഷ്ടനാണ്. അല്ലെങ്കിൽ അങ്ങനെ അദ്ദേഹം ഭാവിക്കുന്നു. വെല്ലുവിളി ഏറ്റെടുക്കുന്നതായി പറഞ്ഞ ഉമ്മൻ ചാണ്ടി, തനിക്ക് 'പുതിയ ദൗത്യം' ഏൽപിച്ച രാഹുൽ ഗാന്ധിക്ക് നന്ദി പറയുകയും ചെയ്യുന്നു. മാധ്യമങ്ങളും പൊതുജനവും കരുതുന്നതു പോലെ തന്നെ ഒതുക്കിയതല്ലെന്ന് വരുത്താനുള്ള ശരീര ഭാഷയാണ് അദ്ദേഹത്തിന്റേത്.
നാടുകടത്തൽ ഇന്ത്യയിൽ പുതുമയുള്ള കാര്യമൊന്നുമല്ല. നാട്ടുരാജാക്കന്മാരുടെ കാലത്തേ അതുണ്ട്. ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ കുറ്റവാളികളെയും തങ്ങളെ എതിർക്കുന്നവരെയും ആന്തമാനിലേക്കും മറ്റുമായിരുന്നു നാടുകടത്തിയിരുന്നത്. സ്വാതന്ത്ര്യം കിട്ടിയപ്പോൾ അത്തരം നാടുകടത്തിൽ ഇല്ലാതായി. പകരം പല തരത്തിലുള്ള ഒതുക്കൽ നാടുകടത്തലുകൾ രംഗപ്രവേശം ചെയ്തു. അതിന്റെ ഉപജ്ഞാതാക്കളും പ്രധാന പ്രയോക്താക്കളും സ്വാഭാവികമായും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണകക്ഷിയായ കോൺഗ്രസ് തന്നെയായിരുന്നു. സംസ്ഥാനങ്ങളിലെ പാർട്ടിക്കുള്ളിൽ ഗ്രൂപ്പു വടംവലികൾ പരിധി വിടുമ്പോൾ കേന്ദ്ര നേതൃത്വം ഇടപെട്ട് നടത്തുന്ന പരിപാടിയാണ് കുഴപ്പക്കാരിൽ ചിലരെ അവിടെനിന്ന് ഓടിക്കുക എന്നത്. അധികാരമുണ്ടായിരുന്നതുകൊണ്ട് കേന്ദ്ര മന്ത്രി, ഗവർണർ, അംബാസഡർ തുടങ്ങിയ പദവികൾ നൽകിയായിരുന്നു പലരെയും നാടുകടത്തിയിരുന്നത്.
സ്വന്തം പാർട്ടിക്കാരെ മാത്രമല്ല, ഇതര പാർട്ടിക്കാരെയും സഖ്യകക്ഷി നേതാക്കളെയും, ചിലപ്പോൾ ഭാവിയിൽ പ്രശ്‌നക്കാരാവുമെന്ന് തോന്നുന്നവരെയുമെല്ലാം ഇങ്ങനെ നാടുകടത്തിയിട്ടുണ്ട്. കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണറായി നിയമിക്കുമ്പോൾ പോകാൻ അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നില്ല. പല തരത്തിൽ സമ്മർദം ചെലുത്തിയും സ്വാധീനിച്ചുമാണ് അന്ന് കോൺഗ്രസുകാർ അദ്ദേഹത്തെ പറഞ്ഞുവിട്ടത്. നെഹ്‌റുവാണ് അന്ന് പ്രധാനമന്ത്രി. പിന്നീട് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ, എസ്.എൻ.ഡി.പി ഭാരവാഹി കൂടിയായ കോൺഗ്രസ് നേതാവ് കെ.കെ. വിശ്വനാഥനെ ഗുജറാത്ത് ഗവർണറാക്കിയതും ഏതാണ്ടൊരു നാടുകടത്തലായിരുന്നു. ഇതിനെയെല്ലാം കടത്തിവെട്ടുന്ന നാടുകടത്തൽ എൻ.എസ്.എസ് നേതാവ് കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയോട് ചെയ്തതായിരുന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി എന്നതിനു പുറമെ എൺപതുകളുടെ തുടക്കത്തിൽ എൻ.ഡി.പി എന്നൊരു രാഷ്ട്രീയ കക്ഷി രൂപീകരിക്കുകയും യു.ഡി.എഫിന്റെ ഭാഗമായി നിന്ന് വിലപേശൽ നടത്തുകയും ചെയ്തുവരികയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ശുപാർശ പ്രകാരം അന്നത്തെ കേന്ദ്ര സർക്കാർ കിടങ്ങൂരിനെ സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. രണ്ട് വർഷത്തെ നയതന്ത്ര ജീവിതം കഴിഞ്ഞുവന്ന അദ്ദേഹം ഒരു വലിയ വട്ടപ്പൂജ്യമാകുന്നതാണ് പിന്നീട് കണ്ടത്. എൻ.എസ്.എസിലെ സ്ഥാനവും പോയി, എൻ.ഡി.പി എന്ന പാർട്ടി നാമാവശേഷമാവുകയും ചെയ്തു.
ഒരിക്കലും കേരള രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാൻ താൽപര്യമില്ലാതിരുന്ന സാക്ഷാൽ കരുണാകരനെ ഇവിടെനിന്ന് പറഞ്ഞുവിട്ടത് കേന്ദ്ര മന്ത്രി സ്ഥാനം നൽകിയാണ്. പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ മൂർധന്യത്തിൽ 1996 ൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്ന കരുണാകരൻ അടങ്ങിയിരിക്കില്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവർക്കെല്ലാം അറിയാമായിരുന്നു. ശല്യം ഒഴിവാക്കാനാണ് പെട്ടെന്നു തന്നെ അദ്ദേഹത്തെ കേന്ദ്ര സർക്കാരിൽ വ്യവസായ മന്ത്രിയാക്കുന്നത്. രാജ്യസഭാംഗവുമാക്കി. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവും പുതിയ എ.കെ. ആന്റണിയും അദ്ദേഹത്തിന്റെ ഗ്രൂപ്പും ചേർന്നായിരുന്നു കരുണാകരനെ ഓടിച്ചുവിട്ടത്. അപ്പോഴും എന്നെങ്കിലും തിരികെ വരുമെന്നും മുഖ്യമന്ത്രി സ്ഥാനം വീണ്ടും ലഭിക്കുമെന്നും കരുണാകരന് പ്രതീക്ഷയുണ്ടായിരുന്നു. പലപ്പോഴും അതദ്ദേഹം തുറന്നുപറയുകയും ചെയ്തു. പക്ഷേ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവന്ന വേളയിൽ പോലും കരുണാകരന് പിന്നീട് മുഖ്യമന്ത്രിയാകാൻ ഭാഗ്യമുണ്ടായില്ല. അതാണ് നാടുകടത്തലിന്റെ ഗുണം.
ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഇപ്പോഴത്തെ നാടുകടത്തലിനെയും കാണാൻ. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നണിയിലും പാർട്ടിയിലും ഒരു സ്ഥാനവും വേണ്ടെന്ന് പറഞ്ഞ് നടക്കുകയായിരുന്നു അദ്ദേഹം. തന്നെപ്പോലെ ഉത്തരവാദിത്തമുള്ള രമേശ് ചെന്നിത്തലയും വി.എം. സുധീരനുമെല്ലാം സ്ഥാനങ്ങൾ ഏറ്റെടുക്കാതിരിക്കുകയോ ഒഴിയുകയോ ചെയ്യുന്നെങ്കിൽ ആയിക്കോട്ടെ എന്ന് കണക്കുകൂട്ടിയാവും ഒരുമുഴം മുമ്പേ എറിഞ്ഞത്. പക്ഷേ രമേശ് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തു. ഇനി യു.ഡി.എഫ് അധികാരത്തിലെത്തുന്ന പക്ഷം മുഖ്യമന്ത്രി പദത്തിനുള്ള സ്വാഭാവിക അവകാശവാദം അദ്ദേഹത്തിനാണ്. സുധീരൻ കുറേക്കാലം പിടിച്ചുനിന്നെങ്കിലും പാർട്ടിക്കുള്ളിൽനിന്നുള്ള നിസ്സഹകരണം കൊണ്ട് മടുത്ത് അദ്ദേഹം ഒഴിഞ്ഞുപോയി. എന്നാലും ഉമ്മൻ ചാണ്ടി അടങ്ങിയിരുന്നില്ല. സോളാർ അന്വേഷണ റിപ്പോർട്ടും സരിതയുടെ കത്തും മൂലം വ്യക്തിപരമായി സംഭവിച്ച കനത്ത മാനഹാനിയിൽ കുറേക്കാലം ചെറിയ നിശ്ശബ്ദതയിലായിരുന്നു അദ്ദേഹം. ഈ ഘട്ടത്തിൽ രമേശ് തന്റെ സ്ഥാനം ഉറപ്പിക്കുന്നതു മനസ്സിലാക്കി, ഉമ്മൻ ചാണ്ടി തന്റേതായ പ്രവർത്തനങ്ങൾ ആരംഭിച്ചു. കേരളത്തിലെ പാർട്ടിയിൽ ഇപ്പോഴും ഏറ്റവും ശക്തൻ താൻ തന്നെയാണെന്നുള്ള സന്ദേശം അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും ഹൈക്കമാൻഡിന് നൽകിക്കൊണ്ടിരുന്നു. ഇത് കുറിക്കുകൊള്ളുകയും ചെയ്തു. ചെങ്ങന്നൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അവസാന വാക്ക് അദ്ദേഹത്തിന് നൽകിയത് അങ്ങനെയാണ്. എന്നാൽ ആരോപണ വിധേയനായ ഉമ്മൻ ചാണ്ടിയെ ഇനി കേരളത്തിൽ പാർട്ടിയുടെ മുഖമായി ഉയർത്തിക്കാണിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഒട്ടും താൽപര്യമില്ല. രമേശ് അടക്കമുള്ള പാർട്ടിയിലെ മറ്റ് ഗ്രൂപ്പ് നേതാക്കളാവട്ടെ, എങ്ങനെയെങ്കിലും ഈ ശല്യം ഒന്ന് പോയിക്കിട്ടിയെങ്കിൽ എന്ന നിലപാടുകാരാണ്. അങ്ങനെയാണ് കരുണാകരനെ പോലെ കേരളം വിട്ട് എങ്ങോട്ടുമില്ലെന്ന് പറഞ്ഞുനടന്ന ഉമ്മൻ ചാണ്ടിയെയും നാടുകടത്തുന്നത്. കേന്ദ്രത്തിൽ അധികാരമില്ലാത്തതിനാൽ കേന്ദ്ര മന്ത്രിപദമോ, ഗവർണർ പദവിയോ, അംബാസഡർ സ്ഥാനമോ ഒന്നും നൽകാൻ ഹൈക്കമാൻഡിന് കഴിയില്ലല്ലോ. അതുകൊണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കി. മുമ്പ് ഹൈക്കമാന്റ് തന്നെ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന പോലെ പാർട്ടി ഇല്ലാതായ ആന്ധ്രയുടെ പ്രത്യേക ചുമതലയും നൽകി. ആന്ധ്രയിൽ കോൺഗ്രസിനെ ഇനി ശക്തിപ്പെടുത്തണമെങ്കിൽ അലാവുദ്ദീന്റെ അദ്ഭുത വിളക്കിൽനിന്ന് വരുന്ന ഭൂതത്തിനു പോലും കഴിയുമെന്ന് തോന്നുന്നില്ല, പിന്നല്ലേ ഉമ്മൻ ചാണ്ടി. അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിൽ എ.ഐ.സി.സി പദവിയൊക്കെ ഒരു മുപ്പത് വർഷം മുമ്പേ കിട്ടിയേനേ.
ഏതായാലും പുതിയ സ്ഥാനം നൽകിയതിന് രാഹുലിന് നന്ദി പറഞ്ഞ ഉമ്മൻ ചാണ്ടി വെല്ലുവിളി ഏറ്റെടുക്കുന്നതായും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനി ആന്ധ്രയിൽ പോയി പാർട്ടിയെ ശക്തിപ്പെടുത്താനോ, അതോ അവിടെയിരുന്ന് കേരളത്തിലെ ചരടുകൾ വലിക്കാനോ എന്ന് കാത്തിരുന്ന് കാണാം.
ബി.ജെ.പി ഇക്കാലത്തിനിടക്ക് കേരളത്തിൽനിന്ന് നടത്തുന്ന ഏറ്റവും വലിയ നാടുകടത്തലാണ് കുമ്മനത്തെ വടക്കുകിഴക്കോട്ട് അയച്ചതെന്നതിൽ സംശയമില്ല. കേരളത്തിൽ അധികാരത്തിൽ എത്താൻ സമീപ ഭാവിയിലൊന്നും ഒരു സാധ്യതയുമില്ലാത്ത പാർട്ടിയാണെങ്കിലും ബി.ജെ.പി സംസ്ഥാന ഘടകത്തിൽ തമ്മിലടിക്ക് ഒരു കുറവുമില്ല. നേതാക്കളെല്ലാം പല കൊമ്പത്താണ്. ഇവരുടെ തമ്മിലടി കാരണമാണ്, ഇന്നലെ വന്ന സുരേഷ് ഗോപിക്ക് എം.പി സ്ഥാനവും അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്ര മന്ത്രി സ്ഥാനവും പാർട്ടി നേതൃത്വം നൽകിയത്. പാർട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാനാണ് ബി.ജെ.പി അംഗത്വമില്ലാതിരുന്ന കുമ്മനത്തെ, അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ നേരിട്ട് സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്.
രണ്ട് വർഷത്തെ കുമ്മനത്തിന്റെ പ്രവർത്തനം കൊണ്ട് അദ്ദേഹം ട്രോളർമാരുടെ ഇഷ്ടപാത്രമായി എന്നതല്ലാതെ പാർട്ടിയിലെ തമ്മിലടി കുറഞ്ഞില്ല. ഇതിനിടെ അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കി ഉയർന്ന മെഡിക്കൽ കോഴ വിവാദം, ആരോപണമുന്നയിച്ചവരുടെ വായ പൊത്തിയാണ് ഒരുവിധം ഒതുക്കിയത്. ഇങ്ങനെ പോയാൽ പാർട്ടി ഒരിക്കലും മേൽപോട്ട് ഉയരില്ലെന്ന് മനസ്സിലാക്കിയാവും സംസ്ഥാന പ്രസിഡന്റിനെ തന്നെ അമിത് ഷാ മേൽപോട്ടെടുത്തത്. പോകാൻ താൽപര്യമില്ലാതിരുന്ന അദ്ദേഹത്തെ നിർബന്ധിച്ച് പറഞ്ഞുവിടുകയും ചെയ്തു. അങ്ങനെ ഓടിച്ചുവിട്ടതുകൊണ്ടാവും പാർട്ടി പദവി രാജിവെയ്ക്കാൻ കുമ്മനം മറന്നു. ബി.ജെ.പി കേരള അധ്യക്ഷനായിരിക്കേ തന്നെ അദ്ദേഹം മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. അതുണ്ടാക്കിയ ഭരണഘടനാ പ്രശ്‌നങ്ങൾ വേറെ.
ഏതായാലും മിസോറാമിലിരുന്ന് കേരള രാഷ്ട്രീയത്തിൽ ഇടപെടാൻ കുമ്മനത്തിന് കഴിയുമെന്ന് തോന്നുന്നില്ല. അതു തന്നെയാണ് പാർട്ടിയിലെ അദ്ദേഹത്തിന്റെ ശത്രുക്കൾ ആഗ്രഹിച്ചതും. ഈ നാടുകടത്തലും അതിനുവേണ്ടിയാണല്ലോ.