തില്ലങ്കേരി, കണ്ണൂര്‍- ഒന്ന്, രണ്ട് പിണറായി സര്‍ക്കാരിന്റെ ഏക നേട്ടം വടക്കേ മലബാറിലെ പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ സമാധാനത്തിലേക്ക് തിരികെ എത്തിയെന്നതാണ്. ഇതിനായി അവലംബിച്ച മാര്‍ഗമെന്തോ ആയ്‌ക്കോട്ടെ മയ്യഴിപ്പുഴക്കപ്പുറം നാദാപുരവും പരിസര ഗ്രാമങ്ങളും, മനുഷ്യന്റെ തലയ്ക്ക് ഒരു വിലയുമില്ലാതിരുന്ന തലശ്ശേരിയും പ്രാന്ത പ്രദേശങ്ങളും ഇപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ലാതെ കടന്നു പോവുകയാണ്. തലശ്ശേരി പട്ടണത്തെ പോലീസ് ക്യാമ്പാക്കി മാറ്റുന്ന കാഴ്ച ഇപ്പോഴില്ല. കര്‍ഫ്യൂവും നിരോധനാജ്ഞയും ഓര്‍മയായി. മുഖ്യമന്ത്രിയുടെ സുരക്ഷയും അതുണ്ടാക്കുന്ന സ്തംഭനവുമാണ് തിരുവനന്തപുരത്തും പാലക്കാട്ടുമെങ്കില്‍ സി.പി.എം ശക്തി കേന്ദ്രമായ മട്ടന്നൂരിലും സമീപ സ്ഥലങ്ങളിലും സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുകയാണ്. കേരളത്തിലെ ഏറ്റവും പ്രധാന വിമാനത്താവളമായി മാറുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്ന നഗരമാണ് മട്ടന്നൂര്‍. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണ് പ്രദേശത്തിപ്പോള്‍. തലശ്ശേരി-കൂട്ടുപുഴ റോഡില്‍ നിന്ന് തില്ലങ്കേരിയിലേക്ക് തിരിഞ്ഞു പോകുന്നതിന് തൊട്ടു മുമ്പുള്ള പട്ടണം. സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഒരു തെരഞ്ഞെടുപ്പു കാലത്തെന്ന പോലെയാണ് മട്ടന്നൂരിലും പരിസര ഗ്രാമങ്ങളിലും നിത്യേന വിശദീകരണ യോഗങ്ങള്‍ നടക്കുന്നത്. മട്ടന്നൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് സായുധ പോലീസിന്റെ ബസ് ക്യാമ്പ് ചെയ്യുന്നു. ശനിയാഴ്ച സന്ധ്യയോടെയാണ് സി.പി.എം വിശദീകരണ യോഗം ഇവിടെ നടന്നത്. പ്രാദേശിക നേതാക്കളായിരുന്നു പ്രഭാഷകരെങ്കിലും പ്രസംഗങ്ങള്‍ പലതും അവസാനിച്ചത് വെല്ലുവിളിയോടെയായിരുന്നു. പാര്‍ട്ടിയെ ഭീഷണിപ്പെടുത്താന്‍ ഒരു സ്വര്‍ണ കള്ളക്കടത്തുകാരനും മുതിര്‍ന്നിട്ടില്ലെന്ന മുന്നറിയിപ്പില്‍ പല സൂചനകളുമുണ്ട്. വൈകുന്നേരം നാല് വരെ ശാന്തമായിരുന്നു പഴശിയുടെ നഗരം. പൊതുയോഗം തുടങ്ങിയതോടെ പോലീസ് വാഹനങ്ങള്‍ പലേടത്തു നിന്നും കുതിച്ചെത്തി. കേരളത്തില്‍ ഇപ്പോള്‍ മറ്റൊരിടത്തും കാണാനാവാത്ത കാഴ്ചയാണല്ലോ പാര്‍ട്ടി യോഗത്തിന് ശ്രോതാക്കളായി ധാരാളം ആളുകളെത്തുകയെന്നത്. ബസ് സ്റ്റാന്റിന്റെ പാതി സ്ഥലവുമെടുത്ത് പാര്‍ട്ടി യോഗം പുരോഗമിച്ചപ്പോള്‍ കേള്‍ക്കാനെത്തിയവരുടെ ഇരട്ടി പോലീസ് സ്ഥലത്തുണ്ടായിരുന്നു. യൂനിഫോമിലും അല്ലാതെയും. അടുത്ത ദിവസം തില്ലങ്കേരിയില്‍ യോഗമുണ്ട്. വിശദീകരണ യോഗങ്ങളുടെ പരമ്പരയും പ്രതീക്ഷിക്കാം. ലീഗ്, കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളുമുണ്ട് അടുത്തടുത്ത്. യു.ഡി.എഫ് രക്തസാക്ഷി ദിനാചരണം നടത്തിയത് കഴിഞ്ഞ ദിവസമാണ്. അശാന്തിയുടെ സാഹചര്യം വീണ്ടും രൂപപ്പെടുന്നത് സര്‍വത്ര ആശങ്ക പരത്തിയിട്ടുണ്ട്.