Sorry, you need to enable JavaScript to visit this website.

റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി

കാസർകോട്- പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ പൂർത്തിയായി. 
ഇനി പ്രതിഭാഗം വാദമാണ് നടക്കേണ്ടത്. ഇതിനായി കേസ് ഫെബ്രുവരി 27 ലേക്ക് മാറ്റി. റിയാസ് മൗലവി വധക്കേസിലെ വിചാരണ പൂർത്തിയായതിന് ശേഷം രണ്ടുമാസം മുമ്പാണ് അന്തിമവാദം ആരംഭിച്ചത്. ഘട്ടം ഘട്ടമായി നടന്നതിനാൽ പ്രോസിക്യൂഷൻ വാദം ആഴ്ചകളോളം നീണ്ടുനിന്നു. പ്രതിഭാഗം വാദം കൂടി പൂർത്തിയായാൽ കേസിൽ വിധി പറയുന്നതിനുള്ള തീയതി കോടതി പ്രഖ്യാപിക്കും.
2017 മാർച്ച് 21 ന് അർധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസിലെ പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് എന്ന അപ്പു (26), കേളുഗുഡ്ഡെയിലെ നിധിൻ (25), കേളുഗുഡ്ഡെയിലെ അഖിലേഷ് (30) എന്നിവരാണ് വിചാരണ നേരിട്ടത്. 
അന്നത്തെ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി 2017 ജൂണിൽ കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
1000 പേജുള്ള കുറ്റപത്രത്തിൽ 100 സാക്ഷികളെയും ഉൾപ്പെടുത്തിയിരുന്നു. കൊലപാതകം, വർഗീയ കലാപശ്രമം, അതിക്രമിച്ചുകടക്കൽ, അക്രമിക്കാനായി സംഘം ചേരൽ, കുറ്റം മറച്ചുവെക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു. പിന്നീട് വിചാരണക്കായി കേസ് ഫയലുകൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു.

Latest News