Sorry, you need to enable JavaScript to visit this website.

ആ കുഞ്ഞിനെ വേണ്ടെന്ന് അമ്മ, ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ സൂപ്രണ്ടിന് പങ്കില്ല

കൊച്ചി- കളമശേരി മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതതില്‍ സൂപ്രണ്ട് ഗണേഷ് മോഹനന് പങ്കില്ലെന്ന് വ്യക്തമായതായി പോലീസ്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റിന്റെ സൂത്രധാരന്‍ മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായ അനില്‍കുമാറാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെ അനില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നും ഇക്കാര്യം അനില്‍ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. സാമ്പത്തിക ലാഭത്തിനാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും ഇയാള്‍ മുക്കാല്‍ ലക്ഷത്തോളം രൂപ ഇതിനായി കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തനിക്ക് നേരെ ആരോപണം ഉയര്‍ന്നതോടെ താത്കാലികമായി രക്ഷപ്പെടാന്‍ വേണ്ടിയാണ് ഡോ.ഗണേഷ് മോഹന് നേരെ ആരോപണം ഉന്നയിച്ചത് എന്നാണ് അനില്‍ കുമാര്‍ ഇപ്പോള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ലേബര്‍ റൂമില്‍നിന്ന് അപേക്ഷ ഫോം വാങ്ങിയത് ശിവന്‍ എന്ന ജീവനക്കാരനെ ഉപയോഗിച്ചാണെന്നും ഇയാള്‍ ഫോം വാങ്ങിയെടുത്തത് സൂപ്രണ്ട് ഓഫീസിലേക്ക് എന്ന് പറഞ്ഞുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.
അതേസമയം വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിന്റെ അമ്മ ശിശു ക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയതെന്ന് അമ്മ അറിയിച്ചു. നിലവില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍ കഴിയില്ലെന്നും അമ്മ മൊഴി നല്‍കി. കുഞ്ഞ് തല്‍ക്കാലം ശിശുക്ഷേമസമിതിയുടെ സംരക്ഷണയില്‍ തുടരും. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളര്‍ത്താന്‍ പ്രയാസമുള്ളത് കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയതെന്നും കുഞ്ഞിന്റെ പിതാവ് കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.

 

Latest News