കൊച്ചി-ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയം പണം, ഭരണ സ്വാധീനം, സമുദായം എന്നിവ ഉപയോഗിച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. പിറവത്തും അരുവിക്കരയിലും ഉമ്മൻചാണ്ടി ആവിഷ്‌കരിച്ചു നടപ്പാക്കിയ പണം, ഭരണ സ്വാധീനം, സമുദായം എന്ന തന്ത്രമാണ് ചെങ്ങന്നൂരിൽ സി.പി.എം പയറ്റി വിജയിച്ചതെന്നും ജയശങ്കർ വ്യക്തമാക്കി.
ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി വിജയിച്ചു. സജി ചെറിയാന്റെ ഭൂരിപക്ഷം 20,956. മലപ്പുറത്തും വേങ്ങരയിലും മുസ്ലീംലീഗ് നേടിയതു പോലെ തിളക്കമാർന്ന വിജയം.
പതിനൊന്ന് 11കൊല്ലത്തെ ഇടവേളയ്ക്കു ശേഷമാണ് എൽഡിഎഫ് ഒരു ഉപതെരഞ്ഞെടുപ്പ് ജയിക്കുന്നത്. 2007ലെ തിരുവമ്പാടി ഉപതെരഞ്ഞെടുപ്പാണ് ഇടതുമുന്നണി ഇതിനുമുമ്പ് ഏറ്റവും ഒടുവിൽ ജയിച്ചത്.
പിറവത്തും അരുവിക്കരയിലും ഉമ്മൻചാണ്ടി ആവിഷ്‌കരിച്ചു നടപ്പാക്കിയ അതേ തന്ത്രമാണ് ചെങ്ങന്നൂരിൽ സിപിഎം പയറ്റി വിജയിച്ചത് പണം, ഭരണ സ്വാധീനം, സമുദായം. ഇടതുപക്ഷ സർക്കാരിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ ജനക്ഷേമ നടപടികൾക്കു ലഭിച്ച അംഗീകാരമാണ് എന്നാണ് സഖാക്കൾ മദാറടിക്കുന്നത്. കസ്റ്റഡി മരണവും പോലീസിന്റെ വീഴ്ചകളുമൊക്കെ ഇതോടെ ലാപ്‌സായി പോലും.
ചരിത്രം ആവർത്തിക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ബാർകോഴയും സോളാറും ജനം നിരാകരിച്ചു എന്നാണ് ഉമ്മൻചാണ്ടി അവകാശപ്പെട്ടത്.
കേരള കോൺഗ്രസ് ഇല്ലാതെ ഇടതുപക്ഷ മുന്നണിക്കു ജയിക്കാൻ കഴിയും എന്നാണ് കാനം രാജേന്ദ്രന്റെ അവകാശ വാദം. ചെങ്ങന്നൂരെ മാണി ഗ്രൂപ്പുകാർ ഒന്നടങ്കം സജി ചെറിയാനാണ് വോട്ട് ചെയ്തത് എന്നത് അരമന രഹസ്യം.
എസ്എൻഡിപി യോഗത്തിന്റെ പിന്തുണ ഇടതു സ്ഥാനാർഥിക്കായിരുന്നു എന്ന് വെളളാപ്പളളി നടേശൻ വ്യക്തമാക്കി. എൻഎസ്എസ് സമദൂരം വെടിഞ്ഞു ശരിദൂരമായെന്ന് സുകുമാരൻ നായരും അവകാശപ്പെടും.
യാതൊരു അവകാശ വാദവും ഉന്നയിക്കാത്തത് ദേവലോകം കാതോലിക്കാ ബാവയും മാർത്തോമ്മാ, സിഎസ്‌ഐ വൈദികരും പെന്തക്കോസ്ത് ഉപദേശികളുമാണ്. അവരുടെ വിനയത്തിനും ആത്മ പരിത്യാഗത്തിനും കൂപ്പുകൈ.