Sorry, you need to enable JavaScript to visit this website.

ചെങ്കോട്ടയായി ചെങ്ങന്നൂർ, പ്രതിസന്ധിക്ക് മുന്നിൽ യു.ഡി.എഫ്

ണ്ടാം വാർഷികം ആഘോഷിക്കുന്ന കേരള സർക്കാറിന്റെ തൊപ്പിയിലെ പൊൻതൂവലായി ചെങ്ങന്നൂരിലെ ജയം. ഇടതുമുന്നണിക്ക് ചരിത്രവിജയം സമ്മാനിച്ചാണ് സജി ചെറിയാൻ നിയമസഭയിലേക്ക് യാത്രയാകുന്നത്. രണ്ടു വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മൂന്നിരട്ടിയോളം വർധിപ്പിച്ച വിജയം ഇടതുമുന്നണിക്ക് നൽകുന്ന മധുരം ചെറുതല്ല. നിരവധി വിവാദങ്ങളുടെ ഇടയിലും സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിച്ചെടുക്കാൻ സാധിച്ചതിലെ ആശ്വാസം തുടർപ്രവർത്തനങ്ങൾക്കുള്ള ആത്മവിശ്വാസം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. വിജയം തങ്ങളെ വിനയാന്വിതരാക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ആദ്യപ്രതികരണം. ചെങ്ങന്നൂരിൽ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടാതെയാണ് ഇടതുമുന്നണി പ്രവർത്തിച്ചത്. യു.ഡി.എഫിനെയും ബി.ജെ.പിയെയും ഒരു പോലെ പ്രതിരോധിച്ചാണ് മുന്നോട്ടുനീങ്ങിയത്. യു.ഡി.എഫിനും ബി.ജെ.പിയെ പ്രതിരോധിക്കേണ്ട കാര്യമുണ്ടായിരുന്നു. രണ്ടാം സ്ഥാനത്ത് ബി.ജെ.പി എത്തുമോ എന്ന് പോലും ഒരു ഘട്ടത്തിൽ തോന്നലുണ്ടാക്കിയേടത്തുനിന്നാണ് യു.ഡി.എഫ് പൊരുതിയതും. ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ പതിനായിരം വോട്ടിന്റെ മാത്രം വ്യത്യാസമാണ് ചെങ്ങന്നൂരിലുള്ളത്. എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ മുപ്പതിനായിരത്തിന്റെ വ്യത്യാസവും. കഴിഞ്ഞ തവണ നേടിയ വോട്ടിൽനിന്ന് യു.ഡി.എഫിന് കാര്യമായ ചോർച്ചയുണ്ടായില്ലെങ്കിലും ബി.ജെ.പിക്ക് ഏഴായിരത്തോളം വോട്ടുകളുടെ കുറവാണ് സംഭവിച്ചത്. 
എൽ.ഡി.എഫ് വിജയം ആഘോഷിക്കുമ്പോൾ തന്നെ, യു.ഡി.എഫിന് മുന്നിൽ ഒട്ടേറെ ചോദ്യങ്ങളാണ് ചെങ്ങന്നൂർ ഉയർത്തുന്നത്. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വം ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. കോൺഗ്രസിലെ യുവനേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. വി.ടി ബെൽറാം അടക്കമുള്ളവർ തിരുത്തൽ വേണമെന്ന് ആവശ്യപ്പെടുന്നത് രമേശ് ചെന്നിത്തലയെയും ഹസനെയും ലക്ഷ്യമിട്ടാണ്. രമേശ് ചെന്നിത്തലയുടെ സ്വന്തം നാടാണ് ചെങ്ങന്നൂർ എന്നത് യു.ഡി.എഫിന്റെ നാണക്കേടിനെ ഇരട്ടിയാക്കുന്നുണ്ട്. 
മാണിയുടെ സാന്നിധ്യം യു.ഡി.എഫിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലിനും കോൺഗ്രസിൽ പടരുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ കുറച്ചുദിവസം മുമ്പ് മാത്രം യു.ഡി.എഫിലെത്തിയ മാണിയുടെ സാന്നിധ്യം വോട്ടർമാരിൽ നെഗറ്റീവ് അഭിപ്രായമാണ് ഉണ്ടാക്കിയതെന്ന് കോൺഗ്രസിലെ ഒരുവിഭാഗം കരുതുന്നു. മാണിയോടുള്ള വിരോധം കൂടിയാകണം തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കേ, നിരവധി ചോദ്യങ്ങളാണ് യു.ഡി.എഫിന് മുന്നിൽ ചെങ്ങന്നൂർ ഉയർത്തുന്നത്. ഇതിൽനിന്ന് കരകയറുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമാകുകയും ചെയ്യും. 
 

Latest News