പാലക്കാട്- ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാതലത്തില്‍ യു.ഡി.എഫില്‍ തിരുത്തലുകള്‍ വേണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. അനുകൂല സഹചര്യമുണ്ടായിട്ടും മികച്ച സ്ഥാനാര്‍ത്ഥിയുണ്ടായിട്ടും വിജയിക്കാനാകാതെ പോയത് തിരിച്ചറിയണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
സംഘടനാപരമായും രാഷ്ട്രീയമായും പല തിരുത്തലുകളും വരുത്തേണ്ടതുണ്ടെന്നും ഈ ജനവിധി ഓർമ്മപ്പെടുത്തുന്നു. എത്രമാത്രം ഗൗരവത്തോടെ ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു എന്നത് കോൺഗ്രസിനേ സംബന്ധിച്ച് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍നിന്ന്.
വോട്ടുകളുടെ എണ്ണത്തിൽ പ്രതീക്ഷിച്ച വർദ്ധനവ് നേടാൻ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ വോട്ട് യുഡിഎഫിന് നേടാൻ സാധിച്ചു എന്നതിൽ ഡി.വിജയകുമാറിനും ആശ്വസിക്കാം. ബിജെപിയുടെ വോട്ടിൽ ഗണ്യമായ കുറവുണ്ടായതിൽ സന്തോഷം.
രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലുമുണ്ടായ ഉപതെരഞ്ഞെടുപ്പുകളിൽ സംഘ് പരിവാറിന് കനത്ത തിരിച്ചടി നൽകി കോൺഗ്രസും മതേതര കക്ഷികളും മുന്നേറുന്നു എന്നത് പ്രത്യാശാജനകമായ കാഴ്ചയാണ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇത് ശുഭസൂചകമാണ്.
രാഷ്ട്രീയ സാഹചര്യങ്ങൾ പലതും അനുകൂലമായിട്ടും മെച്ചപ്പെട്ട സ്ഥാനാർത്ഥിയുടെ സാന്നിധ്യമുണ്ടായിട്ടും ചെങ്ങന്നൂർ പോലുള്ള ഒരു മണ്ഡലത്തിലുണ്ടായ ഈ കനത്ത തോൽവിയിൽ നിന്ന് കോൺഗ്രസിനും യുഡിഎഫിനും പല പാഠങ്ങളും സ്വാഭാവികമായിത്തന്നെ ഉൾക്കൊള്ളാനുണ്ട്.
ഈ വിജയത്തിലൂടെ സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടികളേയും അടിക്കടി ഉണ്ടാകുന്ന വീഴ്ചകളേയുമെല്ലാം ജനങ്ങൾ കണ്ണുമടച്ച് അംഗീകരിക്കുന്നു എന്ന വിലയിരുത്തലിലേക്ക് ഭരണക്കാരും മാറില്ലെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയുണ്ടാവുകയാണെങ്കിൽ അവരേയും തിരുത്താൻ വേണ്ടി ജനങ്ങൾ ഇവിടെത്തന്നെയുണ്ടാകുമെന്നതാണ് ജനാധിപത്യം മുന്നോട്ടുവക്കുന്ന പ്രതീക്ഷ.