Sorry, you need to enable JavaScript to visit this website.

എന്തിനാണ് മുസ്‌ലിംകളെ മാത്രം ഭീകരരായി ചിത്രീകരിക്കുന്നത്?

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പോലീസിനോട് ചോദിച്ച ഒരു ചോദ്യമുണ്ട്. എന്തിനാണ് മുസ്‌ലിംകളെ മാത്രം ഭീകരരായി ചിത്രീകരിക്കുന്നത്? ഒരു മത വിഭാഗത്തിൽ മാത്രമാണോ ഭീകരരുള്ളത്? അതിനുള്ള മറുപടി പോലീസിന് നൽകാൻ കഴിഞ്ഞില്ല. കഴിയുകയുമില്ല, കാരണം അത് സംഘപരിവാർ ഭരണകൂടം അടിച്ചേൽപിച്ച അലിഖിത തത്വമാണ്. 
ഭീകരൻ എന്ന പദം കേൾക്കുമ്പോൾ തന്നെ ഒരു മുസ്‌ലിം നാമധാരിയുടെയോ അല്ലെങ്കിൽ മുസ്‌ലിം വേഷധാരിയുടെയോ മുഖം മനസ്സിൽ വരണമെന്ന രീതിയിലേക്ക് ഇന്ത്യൻ വ്യവസ്ഥയെ ഹൈന്ദവ ശക്തികൾ മാറ്റി മറിച്ചുകഴിഞ്ഞു. മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കേണ്ടത് നരേന്ദ്ര മോഡി ഭരണകൂടത്തിന്റെ മുഖ്യ അജണ്ടകളിലൊന്നായി മാറുമ്പോൾ കാര്യങ്ങളെ വളരെ നിഷ്പക്ഷതയോടെ നോക്കിക്കാണുന്ന ജഡ്ജിമാർക്കും അവർ പ്രതിനിധീകരിക്കുന്ന കോടതികൾക്കും ഈ ചോദ്യങ്ങൾ ഇനിയും ആവർത്തിക്കേണ്ടി വരും. കാരണം ഇന്ത്യയിൽ കൊട്ടിഘോഷിക്കപ്പെട്ട മതേതരത്വം അത്രമേൽ മലീമസമാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഒരു പൊതുതാൽപര്യ ഹരജിയിൽ വാദം കേട്ടുകൊണ്ടാണ് മുസ്‌ലിംകളെ മാത്രം ഭീകരരായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണെന്ന വാദം കോടതി ഉയർത്തിയത്. സുരക്ഷ സംവിധാനങ്ങളെ മുൻനിർത്തി പോലീസ് സംഘടിപ്പിച്ച ഒരു മോക്ക് ഡ്രില്ലാണ് പരാതിക്ക് ആധാരമായ കാര്യം. മോക് ഡ്രില്ലിൽ ഒരാൾ മുസ്‌ലിംകളുടെ വേഷമാണ് ധരിച്ചത്.
 ഒരു ഭീകരനായിട്ടാണ് അദ്ദേഹത്തെ പോലീസ് അവതരിപ്പിച്ചത്. മോക് ഡ്രില്ലിൽ ഈ ഭീകരവാദിയെ അറസ്റ്റ് ചെയ്യുമ്പോൾ അയാൾ പോലീസ് വാഹനത്തിലേക്ക് കയറുന്നതിനിടെ അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിക്കുകയാണ്. അതായത് മോക് ഡ്രില്ലിൽ മുസ്‌ലിം വേഷധാരി മാത്രം ഭീകരനും മറ്റുള്ളവരെല്ലാം രാജ്യസ്‌നേഹിയുമായി മാറുന്നു. രാജ്യത്തെങ്ങും പടർന്നു കഴിഞ്ഞ ഈ മനോഭാവത്തിന് നേരെയാണ് ബോംബെ ഹൈക്കോടതി ചോദ്യ ശരങ്ങളെയ്തത്. പോലീസിന്റെ ഈ പ്രവണത ഭരണഘടന വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്നും മുസ്‌ലിം സമുദായത്തെ കരിതേച്ചു കാണിക്കുക മാത്രമാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിക്കപ്പെട്ടത്. ഹരജിയിലെ വാദങ്ങൾ അംഗീകരിച്ചുകൊണ്ട് ഇത്തരം വിവേചനപരമായ രീതികൾ പോലീസിന്റെ മോക് ഡ്രില്ലിൽ ഉൾപ്പെടുത്തുന്നത് കോടതി തടഞ്ഞു. ഇത് മുംബൈ പോലീസിന്റെ മാത്രം പ്രശ്‌നമല്ല, മുസ്‌ലിംകൾ ഭീകരവാദികളാണെന്ന വിഷ ചിന്ത വലിയൊരു വിഭാഗം ജനങ്ങളുടെ മനസ്സിലേക്ക് കുത്തിവെക്കുന്നതിൽ ഹിന്ദുത്വ വർഗീയതയെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘപരിവാർ വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. 
അതിന്റെ പ്രതിഫലനം എല്ലാ രംഗത്തും കാണാൻ കഴിയും. കോഴിക്കോട്ട് നടന്ന ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലെ സ്വാഗത ഗാനത്തിൽ പോലും മുസ്‌ലിം വേഷധാരി ഭീകരനാക്കപ്പെട്ടത് കേവലം യാദൃഛികമായല്ല, മറിച്ച് ഈ ഗാന ശിൽപം രൂപപ്പെടുത്തിയവരുടെ മനസ്സുകളിൽ പാറ പോലെ ഉറച്ചുപോയ വർഗീയതയുടെ കൊടുംവിഷത്തിന്റെയും മുസ്‌ലിം വിരോധത്തിന്റെയും  ബഹിർസ്ഫുരണമാണത്. 
മതത്തിന്റെ, വേഷത്തിന്റെ, ഭാഷയുടെ, ഭക്ഷണത്തിന്റെ പേരിൽ മുസ്‌ലിം മതവിഭാഗങ്ങൾ ഇന്ത്യയിൽ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം ആക്രമണങ്ങൾക്ക് അടിത്തറയിടുന്നത് മുസ്‌ലിംകളെല്ലാം ഭീകരവാദികളാണെന്ന സംഘപരിവാർ പ്രചാരണങ്ങളാണ്. മുസ്‌ലിംകളെ ആക്രമിക്കാൻ ഏറ്റവും എളുപ്പത്തിൽ നിരത്തുന്ന ന്യായമാണ് അവർ ഭീകരവാദികളാണെന്നത്. മുസ്‌ലിം സമുദായത്തിൽ അതിതീവ്രമായി ചിന്തിക്കുന്നവരും ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും തീരെയില്ലെന്ന വാദം ആ സമുദായത്തിൽ ഉള്ളവർ പോലും ഉന്നയിക്കില്ല. വളരെ ചെറിയ ഒരു ന്യൂനപക്ഷം പലവിധ സാഹചര്യങ്ങൾകൊണ്ട് ഭീകര പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടു പോയിട്ടുണ്ടാകാം. 
മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന മുഴുവൻ മുസ്‌ലിംകളും മുസ്‌ലിം സംഘടനകളുമെല്ലാം അവരെ അതിശക്തമായി തള്ളിപ്പറയുകയും സമുദായത്തിൽ നിന്ന് കൂടുതൽ പേർ ഇത്തരം പ്രവർത്തനങ്ങളിലേക്ക് പോകാതിരിക്കാനുള്ള നിരന്തര ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. മറ്റു മതങ്ങളിലും സമുദായങ്ങളിലും പെട്ടവരും ഇത്തരത്തിൽ ഭീകര പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരായി പോയിട്ടുണ്ട്. ഇപ്പോഴും പോകുകയും ചെയ്യുന്നുണ്ട്. പക്ഷേ മുസ്‌ലിംകൾ മാത്രം ഭീകരരായി മുദ്ര കുത്തപ്പെടുന്നു. 
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ന്യൂനപക്ഷങ്ങളെ വംശഹത്യ ചെയ്യാൻ ആർ.എസ്.എസും മറ്റു സംഘപരിവാർ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഭീകരതയുടെ പട്ടികയിൽ പെടാതെ വിദഗ്ധമായി മറച്ചു പിടിക്കുന്നുവെന്നത് പച്ചയായ യാഥാർത്ഥ്യമാണ്. 
ഏത് അളവുകോലെടുത്താലും സംഘപരിവാറിന്റെ ഭീകരത ഒരു മുഴം മുന്നിൽ നിൽക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സംഘപരിവാറിനെതിരെയുള്ള ചെറുത്തുനിൽപിന്റെ ഭാഗമായാണ് ന്യൂനപക്ഷ ഭീകരത വളരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ, പ്രത്യേകിച്ച് മുസ്‌ലിം-ദളിത് വിഭാഗങ്ങളിൽ പെട്ട ആയിരങ്ങളെ കൊന്നൊടുക്കിയിട്ടും സംഘപരിവാറിന്റെ ഭീകരത ഇപ്പോഴും മുഖംമൂടിക്കുള്ളിൽ മറഞ്ഞിരിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. 
ഏത് ഭീകരതയെയും ആളും അർത്ഥവും മതവും ജാതിയും ഉപയോഗിച്ച് പ്രതിരോധിക്കാനും അതിനെ ചെറുത്തുനിൽപുകൾ മാത്രമാക്കി മാറ്റുന്നതിനുമുള്ള സംവിധാനങ്ങൾ സംഘപരിവാർ സംഘടനകൾക്കുണ്ട്. ഈ സംഘടിത അജണ്ടയെ ഭേദിക്കുകയെന്നത് എളുപ്പമല്ല. അതുകൊണ്ടാണ് ബാബ്‌രി മസ്ജിദിന്റെ തകർച്ചയും ഗുജറാത്തിലെ വംശഹത്യയും ഭീമ കൊറേഗാവും കണ്ഡമാലും ഉനയും ഉന്നാവും ഹാഥ്‌റസുമെല്ലാം ഭൂരിപക്ഷ ഭീകരതയുടെ കൊടിപിടിച്ച അടയാളങ്ങളായിട്ടും അത് മായ്ച്ചുകളഞ്ഞത്. തോക്കിനിരയായ കൽബുർഗിയും ധബോൽക്കറും പൻസാരെയും അടക്കമുള്ളവർ ഭൂരിപക്ഷ ഭീകരതയുടെ ഇരകളാണ്. ഗ്രഹാം സ്റ്റെയിൻ എന്ന സുവിഷേശ പ്രവർത്തകനെയും പിഞ്ചുമക്കളെയും ചുട്ടുകൊന്നത് മതഭീകരതയുടെ നടുക്കുന്ന ഓർമകളാണ്. എന്നിട്ടും ആട്ടിൻകുട്ടിയുടെ മുഖം മൂടിയണിയുകയാണ് സംഘപരിവാർ. 
1992 ഡിസംബർ ആറിന് ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം ഭൂരിപക്ഷ ഭീകരത ഇന്ത്യയിൽ ഏത് രീതിയിലാണ് ശക്തിപ്പെട്ടതെന്നതിന് ഇനിയും നിരവധി ഉദാഹരണങ്ങളുണ്ട്. പശുവിന്റെ പേരിൽ മുസ്‌ലിം വിഭാഗത്തിൽ പെട്ട എത്ര പേരെയാണ് ദിനംപ്രതിയെന്നോണം കൊലക്കത്തിക്കിരയാക്കുന്നത്. ഇതെല്ലാം മറി കടക്കാനായി സംഘപരിവാർ എടുത്തണിഞ്ഞ പടച്ചട്ടയാണ് മുസ്‌ലിംകളെ മുഴുവൻ തീവ്രവാദികളാക്കി മാറ്റുകയെന്നത്. ജുഡീഷ്യറിക്ക് പോലും വിലക്ക് വീഴുന്ന കാലത്ത് ഈ യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയാൻ ചില ന്യായാധിപൻമാരെങ്കിലും ഉണ്ടെന്നതാണ് പ്രതീക്ഷ.

Latest News