Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗിലെ വർധിച്ചുവരുന്ന  സ്ത്രീപ്രാതിനിധ്യം മാതൃകാപരം പി.എം.എ സലാം

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം മുസ്‌ലിം ലീഗിൽ വർധിച്ചു വരുന്ന സ്ത്രീപ്രാതിനിധ്യം പാർട്ടിയുടെ സാമൂഹികാംഗീകാരത്തിന്റെ പ്രതിഫലനമാണെന്നും രാഷ്ട്രീയ രംഗത്ത് മാതൃകാപരമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന തലത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ ഡിജിറ്റലായി നടത്തി വിജയിപ്പിച്ചെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞു.പാർട്ടി അംഗങ്ങളിൽ 51 ശതമാനം സ്ത്രീകളാണെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജയങ്ങളെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിക്കുന്ന ഇടത് സർക്കാറും ജനങ്ങളുടെ വിശ്വാസ പ്രമാണങ്ങളിൽ തട്ടിക്കയറുന്ന കേന്ദ്ര സർക്കാറും രാജ്യത്തെ ജനങ്ങളെ ദ്രോഹിക്കുകയാണ്‌സലാം ആരോപിച്ചു. വീടിന് മുതൽ വെള്ളത്തിനും വൈദ്യുതിക്കും നികുതി കൂട്ടി. കുടുംബ ബജറ്റ് താളം തെറ്റിച്ചു. ഇനി ശ്വസിക്കുന്ന വായുവിന് മാത്രമാണ് നികുതി കൂട്ടാത്തത്. അധികം വൈകാതെ മൂക്കിന് താഴെ യന്ത്രം ഘടിപ്പിച്ച് ശ്വസിക്കുന്ന വായുവിനും നികുതി ഈടാക്കും അദ്ദേഹം പറഞ്ഞു.മതേതരത്വത്തെ ദുർബലമാക്കുന്ന പ്രവണതയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സമൂഹത്തിന്റെയും സമുദായത്തിന്റെയും അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങൾക്ക് ശക്തികൂട്ടേണ്ടതുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.
ചടങ്ങിൽ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.പി ജൽസീമിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുഹറാ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബഷ്‌റ ഷബീർ, കുറുക്കോളി മൊയ്തിൻ എം.എൽ.എ, ഡോ. ഖമറുന്നിസ അൻവർ, അഡ്വ. കെ.പി മറിയുമ്മ, എം.എ ഖാദർ, ഷിബു മീരാൻ, റംല വാക്കിയത്ത്, എം.കെ റഫീഖ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിലായി അബ്ദുറഹിമാൻ രണ്ടത്താണി, ഡോ. ആബിദ ഫാറൂഖി ക്ലാസെടുത്തു. സംസ്ഥാന ഭാരവാഹികളായ സറീന ഹസീബ്, ഷാഹിന നിയാസി, ജില്ലാ ഭാരവാഹികളായ ഹാജറുമ്മ ടീച്ചർ, കെ.പി വഹീദ, ജമീല അബൂബക്കർ, വി.കെ സുബൈദ, അഡ്വ .റജീന മുസ്തഫ, ശ്രീദേവി പ്രാക്കുന്ന്, ആസിയ ടീച്ചർ, സുലൈഖ താനൂർ, പി.എ നസീറ സന്നിഹിതരായിരുന്നു.
സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ വിദ്യാർഥി സമ്മേളനം നടക്കും. വൈകീട്ട് ഏഴിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ (മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരം) നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.പ്രമുഖ നേതാക്കൾ പങ്കെടുക്കും. 

Latest News