അജ്മാന്‍- അജ്മാനില്‍ വീണ്ടും തീപിടിത്തം. ഇന്ന് രാവിലെ തീപ്പിടിത്തമുണ്ടായതിന് പിന്നാലെയാണ് വീണ്ടും തീപ്പിടിത്തമുണ്ടായത്. അല്‍ റാഷിദിയ 1 ലെ ലൂലോവ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ റസിഡന്‍ഷ്യല്‍ ടവറിലാണ് അഗ്‌നിബാധ. 9 പേര്‍ക്ക് പരുക്കേറ്റു. അജ്മാന്‍ പോലീസിന്റെ സഹകരണത്തോടെ സിവില്‍ ഡിഫന്‍സ് ടീമുകള്‍ തീ നിയന്ത്രണ വിധേയമാക്കി.
പട്രോളിംഗും സിവില്‍ ഡിഫന്‍സ് സ്‌ക്വാഡുകളും ടവറിലെ വാടകക്കാരെ ഒഴിപ്പിച്ച ശേഷം തീ പൂര്‍ണമായും അണച്ചതായും തുടര്‍ന്ന് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ഇതിന് മേല്‍നോട്ടം വഹിച്ച അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.
തീപ്പിടിത്തത്തില്‍ അപാര്‍ട്‌മെന്റുകള്‍ക്കും ടവറിന്റെ പുറംഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചു. ഒരു വശത്തുണ്ടായ അഗ്‌നിബാധ പെട്ടെന്ന് നിരവധി അപാര്‍ട്ട്‌മെന്റുകളിലേക്ക് വ്യാപിക്കുകയായിരുന്നു. കനത്ത പുക ശ്വസിച്ചാണ് 9 പേര്‍ക്ക് ശ്വാസംമുട്ടല്‍ ഉണ്ടായത്.