കോഴിക്കോട് - മുസ്‌ലിം സംഘടനകളും ആർ.എസ്.എസ്സും നടത്തിയ ചർച്ചയെ ജമാഅത്തെ ഇസ്‌ലാമി ആർ.എസ്.എസ് ചർച്ചയാക്കി ചിത്രീകരിച്ച് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന ആക്രമണത്തിന്റെ പിന്നിലെ രാഷ്ട്രീയം ജമാഅത്തെ ഇസ്‌ലാമിക്ക് നന്നായി മനസ്സിലാകുന്നുന്നുണ്ടെന്നും എന്നാൽ മത സംഘടനകളോട് കലഹിക്കാനില്ലെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മുജീബ് റഹ്മാൻ സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.
ഒരു മതസംഘടനയോടും യാതൊരു വിരോധവുമില്ല. ഈ വിഷയത്തിൽ മതസംഘടനകളോട് കലഹിക്കാനില്ല. കാരണം, മുസ്‌ലിം മത സംഘടനകൾ പരസ്പരം യുദ്ധം ചെയ്യേണ്ട സമയമല്ലിതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു -കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ രൂപം:
മുസ്‌ലിം സംഘടനകളും ആർ.എസ്.എസ്സും നടത്തിയ ചർച്ചയെ ജമാഅത്തെ ഇസ്‌ലാമി ആർ.എസ്.എസ് ചർച്ചയാക്കി ചിത്രീകരിച്ച് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ചില മീഡിയകളും ഏതാനും ചില മത സംഘടനാ നേതാക്കളും ഒറ്റക്കെട്ടായി നടത്തുന്ന ആക്രമണത്തിന്റെ പിന്നിലെ രാഷ്ട്രീയം ജമാഅത്തെ ഇസ്‌ലാമിക്ക് നന്നായി മനസ്സിലാകുന്നുണ്ട്.
ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണ്,
നിഗൂഢ പ്രസ്ഥാനമാണ്,
സമുദായ വഞ്ചകരാണ്,
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കടലാസ് സംഘടനയാണ്,
ജമാഅത്തെ ഇസ്‌ലാമി പിരിച്ചു വിടണം തുടങ്ങിയ തീർപ്പുകളാണ് വിചാരണക്ക് ശേഷം ചില മത സംഘടനാ നേതാക്കളുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്.
ഡൽഹിയിൽ നടന്നതെന്തെന്ന് കൃത്യമായി വിശദീകരിക്കപ്പെട്ടതിന് ശേഷവും ഈ കടന്നാക്രമണം തുടരുക തന്നെയാണ്.
ഞങ്ങൾക്കതിൽ ഒരു മതസംഘടനയോടും യാതൊരു വിരോധവുമില്ല.
ഇതിനെല്ലാം അതേ നാണയത്തിൽ ഇതിനേക്കാൾ നന്നായി പ്രതികരിക്കാനുള്ള ശേഷിയും സംവിധാനങ്ങളും ജമാഅത്തെ ഇസ്‌ലാമിക്കുണ്ടെന്ന് എല്ലാവർക്കുമറിയാം.
പക്ഷെ, ഞങ്ങളീ വിഷയത്തിൽ മതസംഘടനകളോട് കലഹിക്കാനില്ല. കാരണം, മുസ്‌ലിം മത സംഘടനകൾ പരസ്പരം യുദ്ധം ചെയ്യേണ്ട സമയമല്ലിതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
അതുപോലെ കോഴിക്കോട് കേന്ദ്രീകരിച്ച് ചില തൽപരകക്ഷികൾ രൂപപ്പെടുത്തിയ തിരക്കഥയുടെ ഭാഗമാകേണ്ടതില്ലായെന്നും.