മലപ്പുറം-ഉത്തർപ്രദേശുകാരി റസിയയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ഒറ്റപ്പാലം സ്വദേശിനി ആയിഷാ ബീവിയുടെ കരളലിയിപ്പിച്ചു. സ്വന്തം മകന്റെ ഘാതകന്റെ ഭാര്യ മുന്നിൽ നിന്ന് തേങ്ങി മാപ്പിരന്നപ്പോൾ ആ മാതൃഹൃദയത്തിൽ കരുണയുടെ തെളിനീരു കിനിഞ്ഞു.
എന്റെ മകനെ അല്ലാഹു നേരത്തെ വിളിച്ചു. മറ്റൊരു ജീവൻ അതിന് പകരമാവില്ലല്ലോ. ഈ പുണ്യമാസത്തിൽ ഞങ്ങൾ മാപ്പുതരുന്നു- ആയിഷാ ബീവി ഇത്രയും പറഞ്ഞപ്പോഴേക്കും നഷ്ടപ്പെട്ട മകൻ ആസിഫിന്റെ ഓർമകൾ കവിളിലൂടെ കണ്ണീർച്ചാലായി പരന്നു.
ആറു വർഷം മുമ്പ് സൗദി അറേബ്യയിലെ അൽഹസയിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ ഘാതകൻ ഉത്തർപ്രദേശുകാരന് വധശിക്ഷയിൽനിന്നുള്ള രക്ഷാകവചമായി മാറുന്നതായിരുന്നു ആയിഷാ ബീവിയുടെ വാക്കുകൾ. കൊല്ലപ്പെട്ടയാളുടെയും കൊലപ്പെടുത്തിയാളുടെയും കുടുംബാംഗങ്ങൾ കണ്ടുമുട്ടിയപ്പോൾ തിരയടിച്ച വൈകാരിക നിമിഷങ്ങൾക്ക് പാണക്കാട്ടെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഭവനം സാക്ഷിയായി.
അൽഹസയിലെ പെട്രോൾ പമ്പിൽ സൂപ്പർവൈസറായിരുന്ന ഒറ്റപ്പാലം സ്വദേശി ആസിഫിനെ (24) ഇതേ പമ്പിലെ ജീവനക്കാരനായിരുന്ന ഉത്തർപ്രദേശ് ഗോണ്ട ജില്ലയിലെ ഗുഹന്ത സ്വദേശി അലി ഷഫീഉല്ല(38) കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നെങ്കിലും രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ആസിഫിനെ കത്തികൊണ്ട് കഴിത്തറുത്താണ് ഷഫീഉല്ല കൊലപ്പെടുത്തിയത്.
ഇയാളെ അന്നു തന്നെ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് അൽഹസ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ആസിഫിന് നീതി ലഭിക്കാനായി നിയമ പോരാട്ടം നടത്തി. ഇതിനിടെ ജയിലിൽ കഴിയുകയായിരുന്ന പ്രതിയുടെ മാനസിക നില തെറ്റി. ഇയാളെ ജയിലിൽനിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ അന്തിമ വിധി പുറപ്പെടുവിച്ച കോടതി 2017 നവംബറിൽ ഷഫീഉല്ലക്ക് വധശിക്ഷ വിധിച്ചു. എന്നാൽ ഇയാൾ മനോരോഗ ചികിത്സയിലായതിനാൽ വധശിക്ഷ നടപ്പാക്കാനായില്ല.
അൽഹസ പോലീസ് ഇതിനിടെ കെ.എം.സി.സി ഭാരവാഹികളെ വിളിച്ച് ഒരു നിർദേശം വച്ചതോടെയാണ് ഷഫീഉല്ലക്ക് വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കാനുള്ള വഴികൾ തുറന്നത്. മരിച്ചയാളുടെ ഭാര്യയോ ബന്ധുക്കളോ മാപ്പു നൽകിയാൽ വധശിക്ഷ ഒഴിവാകുമെന്ന സൗദി നിയമമനുസരിച്ച് ശ്രമം നടത്തണമെന്നായിരുന്നു പോലീസിന്റെ നിർദേശം. കെ.എം.സി.സി അൽഹസ ഭാരവാഹികൾ പ്രതിയുടെ വിലാസം കണ്ടെത്തി ഉത്തർപ്രദേശിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു. പാണക്കാട് കുടുംബവുമായി ബന്ധപ്പെട്ടതോടെയാണ് ഇരുകുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയത്. ആസിഫിന്റെ ഉമ്മ ആയിഷാ ബീവി, സഹോദരങ്ങളായ ഇബ്രാഹിം, അബ്ദുൽലത്തീഫ്, അമ്മാവൻ സൈതലവി, ഷൗക്കത്തലി, മിസ്‌രിയ എന്നിവരും ഇന്നലെ രാവിലെ പാണക്കാടെത്തി. ആസിഫിന്റെ ഉമ്മയെ കണ്ടതും റസിയ കരഞ്ഞു കാലിലേക്കു വീണു. ആയിഷാ ബീവിയും നിയന്ത്രണം വിട്ടുപൊട്ടി കരഞ്ഞു.
മാപ്പ് എഴുതിയ പേപ്പറിൽ ഒപ്പ് വെച്ച് കെ.എം.സി.സി ഭാരവാഹികൾക്ക് കൈമാറി. പാണക്കാട് സദിഖലി തങ്ങളോട് നന്ദി പറഞ്ഞ് ഇരു വീട്ടുകാരും തിരിച്ചിറങ്ങി. റസിയയുടെ കൂടെ ബന്ധുക്കളായ അബ്ദുൽ ഹസ്സൻ, അസ്ഫാഖ് ഷൈഖ്, ആരിഫ്, ഷഹാബുദ്ധീ്ൻ എന്നിവരുമുണ്ടായിരുന്നു. മാപ്പ് നൽകിയ രേഖ എത്രയും പെട്ടെന്ന് സൗദിയിലെ കോടതിയിൽ ഹാജരാക്കി ഷഫീല്ലയെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അൽഹസ കെ.എം.സി.സി ഭാരവാഹികളായ ഇബ്രാഹിം മുഹമ്മദ്, ടികെ കുഞ്ഞാലസ്സൻ, മജീദ് കൊടശ്ശേരി, സി എം കുഞ്ഞിപ്പഹാജി, സി.പി ഗഫൂർ എന്നിവർ അറിയിച്ചു.