മഞ്ചേരി- കശ്മീരില്‍ എട്ടു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നു അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തുകയും ഗതാഗത തടസം സൃഷ്ടിക്കുകയും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മൊറയൂര്‍ സ്വദേശികളായ ബുഷ്‌റ മന്‍സിലില്‍ ഷമീര്‍ ബാബു (37), കണ്ണിത്തൊടി കാളങ്ങാടന്‍ നിസാര്‍ ബാബു (31), തൃപ്പനച്ചി പാലക്കാട് സ്വദേശി വിളക്കാട്ടുകുണ്ടില്‍ മുജീബ് (36) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ്‌കുമാര്‍പോള്‍ തള്ളിയത്. 2018 ഏപ്രില്‍ 16ന് വൈകുന്നേരം 5.30ന് കൊണ്ടോട്ടി കുറുപ്പത്ത് ജംഗ്ഷനിലാണ് സംഭവം. ഈ കേസിലെ ആറു പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി ബസ്് അക്രമിച്ചുവെന്ന കേസില്‍ ഒരു പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതേ കോടതി തള്ളി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂര്‍കുന്ന് പൈക്കാരത്തൊടി നവരിക്കുത്ത് പി.ടി റിയാസി (36)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. രാവിലെ 10.30ന് ദേശീയപാത 213ലെ കൊട്ടപ്പുറം പള്ളിക്ക് സമീപമാണ് സംഭവം. ചിറ്റൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന ആര്‍എസ്‌കെ 75 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുവച്ച് ടയറുകള്‍ നശിപ്പിക്കുകയും 35000 രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്. കണ്ടക്ടറുടെ പരാതിയില്‍ നൂറോളം പേര്‍ക്കെതിരെയാണ് കേസ്. കൊണ്ടോട്ടി എസ്‌ഐ കെ.ആര്‍ രഞ്ജിത്താണ് കേസന്വേഷിക്കുന്നത്.