Sorry, you need to enable JavaScript to visit this website.

വൈദ്യുതി ഉപഭോക്താക്കൾക്ക് ഗാരണ്ടി ഏർപ്പെടുത്താൻ സാധ്യത

റിയാദ്- വൈദ്യുതി ഉപഭോക്താക്കൾക്ക് ഗാരണ്ടി നിർബന്ധമാക്കുന്നതിന് സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് നീക്കം. ഉപഭോക്താക്കളുടെ വിഭാഗത്തിനും മീറ്ററിന്റെ ശേഷിക്കും അനുസരിച്ച് ഗാരണ്ടി തുകയിൽ ഏറ്റക്കുറച്ചിലുണ്ടാകും. 
വൈദ്യുതി മീറ്ററുകൾ യഥാർഥ ഉപഭോക്താക്കളായ വാടകക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന് കമ്പനിക്ക് നീക്കമുണ്ട്. നിലവിൽ കെട്ടിട ഉടമകളുടെ പേരിലാണ് മീറ്ററുകൾ രജിസ്റ്റർ ചെയ്യുന്നത്. മീറ്ററുകൾ യഥാർഥ ഉപഭോക്താക്കളുടെ പേരിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഉപഭോക്താക്കൾ ഗാരണ്ടി കെട്ടിവെക്കേണ്ടിവരും. ഏതാണ്ട് അഞ്ഞൂറു റിയാൽ മുതലുള്ള തുകയാകും ഉപഭോക്താക്കളിൽ നിന്ന് കമ്പനി ഗാരണ്ടിയായി ഈടാക്കുക. ബിൽ ഒടുക്കുന്നതിന് വൈകുന്ന പക്ഷം ഗാരണ്ടിയിൽ നിന്ന് ബിൽ തുക കമ്പനി പിടിക്കും. 
ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കുന്നതിനുള്ള കാമ്പയിന് അടുത്തയാഴ്ച സൗദി ഇലക്ട്രിസിറ്റി കമ്പനി തുടക്കം കുറിക്കും. ഇതോടൊപ്പം തന്നെ ഗാരണ്ടി തുക പിടിക്കുന്ന പദ്ധതിയും കമ്പനി ആരംഭിക്കുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കെട്ടിട ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് യഥാർഥ ഉപഭോക്താക്കളിൽ നിന്ന് ഗാരണ്ടി പിടിക്കുന്നത്. വൈദ്യുതി ബില്ലുകൾ അടയ്ക്കാതെ വാടകക്കാർ ഒഴിഞ്ഞുപോകുന്നതു മൂലം കെട്ടിട ഉടമകൾക്ക് കോടിക്കണക്കിന് റിയാലിന്റെ നഷ്ടം നേരിടുന്നുണ്ട്. വൈദ്യുതി ബിൽ അടയ്ക്കാതെ മുങ്ങുന്ന വാടകക്കാർക്കു പകരം ബില്ലുകൾ അടയ്ക്കുന്നതിന് ഉടമകൾ നിർബന്ധിതരാവുകയാണ്. 
വിവരങ്ങൾ പുതുക്കുമ്പോൾ യഥാർഥ ഉപഭോക്താവ് താനല്ല എന്ന കാര്യം കെട്ടിട ഉടമകൾക്ക് രേഖപ്പെടുത്തുന്നതിന് കഴിയും. ഇതോടെ വൈദ്യുതി ബില്ലിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കെട്ടിട ഉടമക്ക് ഒഴിവാകുന്നതിന് സാധിക്കും. ഇതോടെ യഥാർഥ ഉപഭോക്താവിന്റെ പേരിൽ കമ്പനി ബില്ലുകൾ ഇഷ്യൂ ചെയ്യും. സൗദികളും വിദേശികളും ഗൾഫ് പൗരന്മാരും സന്ദർശന വിസയിലുള്ളവരും അടക്കം മുഴുവൻ ഉപഭോക്താക്കളുടെയും വിവരങ്ങൾ പുതുക്കൽ നിർബന്ധമായിരിക്കും. സൗദി ഇലക്ട്രിസിറ്റി കമ്പനി വെബ്‌സൈറ്റ് മുഖേനയാണ് വിവരങ്ങൾ പുതുക്കേണ്ടത്. വിവരങ്ങൾ പുതുക്കുന്നതിന് ആറു മാസത്തെ സാവകാശം നൽകും. ഇതിനകം വിവരങ്ങൾ പുതുക്കാത്തവർക്കെതിരെ അടുത്ത വർഷാദ്യം മുതൽ കണക്ഷൻ വിഛേദിക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കും. നാഷണൽ അഡ്രസ്, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ സഹിതമാണ് വിവരങ്ങൾ പുതുക്കേണ്ടത്. കെട്ടിട ഉടമകൾ പ്രമാണത്തിന്റെ കോപ്പിയും വാടകക്കാർ വാടക കരാർ കോപ്പിയും ഇതോടൊപ്പം സമർപ്പിക്കേണ്ടിവരുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 


 

Latest News