ചോദിക്കൂ; പറയാം
ചോദ്യം: ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നതിന് ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണോ? അങ്ങനെയെങ്കിൽ മിനിമം എത്ര ദിവസം കാലാവധി ഉണ്ടായിരിക്കണം?
ഉത്തരം: ഫൈനൽ എക്‌സിറ്റ് ലഭിക്കാൻ ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണ്. മിനിമം കാലാവധി ഇത്ര ദിവസം വേണമെന്ന നിബന്ധനയൊന്നും ഇല്ല. ഫൈനൽ എക്‌സിറ്റ് അടിക്കുന്ന സമയത്ത് ഇഖാമ കാലാവധിയുള്ളതായിരിക്കണം എന്നു മാത്രമാണ് നിബന്ധന. രണ്ടാഴ്ചയിൽ കുറവ് കാലാവധിയേ ഇഖാമക്ക് ഉള്ളൂവെങ്കിലും ഫൈനൽ എക്‌സിറ്റ് ലഭിക്കും.
ഫൈനൽ എക്‌സിറ്റ് ലഭിച്ച ശേഷം 60 ദിവസം കൂടി രാജ്യത്തു തങ്ങാം. 60 ദിവസം ആകുന്നതിന്റെ തലേ ദിവസം രാജ്യം വിട്ടിരിക്കണം. അതല്ലെങ്കിൽ ഫൈനൽ എക്‌സിറ്റ് കാലാവധി കഴിഞ്ഞ ശേഷമാണ് പോകുന്നതെങ്കിൽ ആയിരം റിയാൽ പിഴ നൽകേണ്ടി വരും. മാത്രമല്ല, പിന്നീട് ഫൈനൽ എക്‌സിറ്റ് ലഭിക്കണമെങ്കിൽ ഇഖാമക്കു കാലാവധി ഉണ്ടാകുകയും വേണം. അതായത് പിന്നീട് ഇഖാമ പുതുക്കിയ ശേഷമേ ഫൈനൽ എക്‌സിറ്റ് ലഭിക്കൂ.
എക്‌സിറ്റ് റീ എൻട്രി ഫീസ് വർധന ആശ്രിത വിസക്കാർക്കുണ്ടോ?
ചോദ്യം: എക്‌സിറ്റ് റീ എൻട്രിയിൽ നാട്ടിൽ കഴിയുന്നതിനിടെ എക്‌സിറ്റ് റീ എൻട്രി ദീർഘിപ്പിക്കണമെങ്കിൽ ഫീസ് ഇരട്ടിയായി വർധിപ്പിച്ചുവെന്ന് കേട്ടു. ആ നിബന്ധന നിലവിൽ വന്നുവോ. അത് ആശ്രിത വിസയിൽ എക്‌സിറ്റ് റീ എൻട്രിയിൽ നാട്ടിൽ പോയവർക്കും ബാധകമാണോ?
ഉത്തരം: എക്‌സിറ്റ് റീ എൻട്രിയിൽ നാട്ടിൽ അവധിക്കു പോയ ശേഷം എക്‌സിറ്റ് റീ എൻട്രി ദീർഘിപ്പിക്കുകയാണെങ്കിൽ നിലവിൽ പ്രതിമാസം 200 റിയാൽ ഫീസ് നൽകണം. നേരത്തെ ഒരു മാസത്തേക്ക് 100 റിയാൽ ആയിരുന്നു എക്‌സിറ്റ് റീ എൻട്രി ദീർഘിപ്പിക്കാൻ ഫീസ്. അതു കഴിഞ്ഞ മാസം മുതൽ പുതുക്കി നിശ്ചയിച്ചു. ഇതു തൊഴിൽ വിസയിൽ ഉള്ളവർക്കു മാത്രമാണ് ബാധകം. ആശ്രിത വിസയിൽ ഉള്ള കുടുംബാംഗങ്ങൾക്ക് ഇതു ബാധകമല്ല. അവർക്ക് നേരത്തെ നൽകിയിരുന്നതുപോലെ 100 റിയാൽ തന്നെ എക്‌സിറ്റ് റീ എൻട്രി ദീർഘിപ്പിക്കുന്നതിനു നൽകിയാൽ മതിയാവും.
തൊഴിൽ വിസയിലുള്ളവർ സൗദിയിൽ വെച്ചാണ് എക്‌സിറ്റ് റീ എൻട്രി അടിക്കുന്നതെങ്കിൽ മിനിമം രണ്ടു മാസത്തേക്ക് 200 റിയാലും പിന്നീട് ഓരോ മാസത്തേക്ക് 100 റിയാൽ വീതവും നൽകിയാൽ മതിയാവും. സൗദിക്ക് അകത്തു നിന്നുകൊണ്ട് എക്‌സിറ്റ് റീ എൻട്രി അടിക്കുമ്പോൾ മാത്രമാണ് ഈ ആനുകൂല്യം. നാട്ടിൽ എത്തിയ ശേഷം തൊഴിൽ വിസയിൽ ഉള്ളയാൾ എക്‌സിറ്റ് റീ എൻട്രി നീട്ടുകയാണെങ്കിൽ മാസത്തിന് 200 റിയാൽ തോതിൽ ഫീസ് നൽകേണ്ടി വരും. നാട്ടിൽനിന്ന് എക്‌സിറ്റ് റീ എൻട്രി ദീർഘിപ്പിക്കുന്നതിന് ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണ്.