Sorry, you need to enable JavaScript to visit this website.

അസഹിഷ്ണുതയെ കേരളം പ്രതിരോധിക്കണം- ഗവർണർ

പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ സമാപനം തിരുവനന്തപുരത്ത് ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ സമീപം.

തിരുവനന്തപുരം- ദുരഭിമാനക്കൊലയുടെ പേരിൽ വളരുന്ന അസഹിഷ്ണുതയെ ആധുനിക സമൂഹം എന്ന നിലയിൽ ഒറ്റക്കെട്ടായി കേരളം പ്രതിരോധിക്കണമെന്ന് ഗവർണർ പി. സദാശിവം. 
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സമാപന സമ്മേളനം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സൗഹാർദ്ദാന്തരീക്ഷം ഉറപ്പു വരുത്തുന്ന നിതാന്ത ജാഗ്രതയും സർ ക്കാരിന്റെ പുരോഗമന നടപടികളും നവ കേരളം വേഗത്തിൽ സാധ്യമാക്കും. ആധുനികവും സമാധാനവുമുള്ള സമൂഹമായി മാറുന്നതിന് സൃഷ്ടിപരമായ ആശയങ്ങൾ കേരളത്തിന് സഹായകരമാവും. അടുത്തിടെ വ്യാപിച്ച നിപ്പാ വൈറസിനെതിരെ ആരോഗ്യ വകുപ്പ് നടത്തിയ സത്വര നടപടികൾ കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലിസത്തിന് തെളിവാണ്. 
നിപ്പായെ തടയുന്നതിന് കഠിന പ്രയത്‌നം നടത്തിയ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും ഡോക്ടർമാരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. അതേസമയം, നിപ്പായുടെ പേരിൽ ഇവിടെനിന്നുള്ള പച്ചക്കറികളും ഫലവർഗങ്ങളും ചില വിദേശ രാജ്യങ്ങളും സമീപ സംസ്ഥാനങ്ങളും സ്വീകരിക്കാൻ മടിക്കുന്ന പ്രശ്‌നത്തെ നേരിടേണ്ടതുണ്ട്. വിദ്യാഭ്യാസം, കൃഷി, പരിസ്ഥിതി, ഭവനം, ആരോഗ്യം തുടങ്ങിയ മേഖലകളാണ് നവകേരളം മിഷന്റെ കേന്ദ്ര ബിന്ദു. ഇന്റർനെറ്റ് അവകാശമാക്കാനുള്ള നടപടി ഐ.ടി മേഖലയിലെ സുപ്രധാന ചുവടു വയ് പ്പാണ്. അടുത്ത ആഴ്ച ന്യൂദൽഹിയിൽ നടക്കുന്ന ഗവർണർമാരുടെ യോഗത്തിൽ കേരളത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും. തനിക്ക് ലഭിക്കുന്ന നിവേദനത്തിലെ ആവശ്യങ്ങൾ ലെറ്റർഹെഡിൽ തയാറാക്കി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ജനാധിപത്യ മര്യാദ ഇവിടത്തെ സർക്കാരുകൾക്ക് കൂടുതൽ ശക്തി പകരുമെന്നും കേരളത്തെ കൂടുതൽ മെച്ചപ്പെട്ട സംസ്ഥാനമാക്കി മാറ്റുമെന്നും ഗവർണർ പറഞ്ഞു.
നാടിന്റെ മുന്നോട്ടുപോക്കിൽ ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ വികസന പ്രശ്‌നങ്ങളിൽ പ്രതിപക്ഷത്തെയുൾ പ്പെടെ സഹകരിപ്പിച്ച് മുന്നോട്ടുപോകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. കേരളവു മായി ബന്ധപ്പെട്ട വിഷയങ്ങൾ സർവകക്ഷി യോഗത്തിന് മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ തയാറായിട്ടുണ്ട്. അപ്പോഴൊക്കെ ഒന്നിച്ച് കൂട്ടായ തീരുമാനങ്ങളും നിലപാടുകളുമാണ് ഉണ്ടായിട്ടുള്ളത്. നടക്കില്ലെന്ന് കരുതിയ പല വികസനപ്രവർത്തനങ്ങളും നടത്താനായി. 
ദേശീയപാത 45 മീറ്ററിൽ പൂർത്തിയാകുന്നു, ഭൂരിഭാഗം സ്ഥലം ഏറ്റെടുപ്പും പൂർത്തിയായി. കണ്ണൂർ വിമാനത്താവളം സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യാനാകും. കൂടാതെ ശബരിമല വിമാനത്താവളവും വരുന്നു. ഗെയിൽ വാതക പൈപ്പ്‌ലെൻ ഒക്‌ടോബറോടെ മംഗലാപുരം വരെയുള്ള ഭാഗം പൂർത്തിയാകും. ഇതോടെ വ്യവസായങ്ങൾക്ക് ഗ്യാസ് നൽകാനാവും. നാടിനോട് പ്രതിബദ്ധതയുള്ള സർക്കാരുള്ളതു കൊണ്ടാണ് ഇക്കാര്യങ്ങൾ നടത്താനാകുന്നത്. അധഃസ്ഥിതരുടെയും പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടേയും വികസനമാണ് നാടിന്റെ വികസനമെന്നും ആ കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് സ്പീക്കർക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ സംസാരിച്ചു. മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം സൂര്യാകൃഷ്ണമൂർത്തി ഒരുക്കിയ മണ്ണും വിണ്ണും കലാപരിപാടി അരങ്ങേറി. ചലച്ചിത്ര സംവിധായകൻ പ്രിയനന്ദൻ സംവിധാനം ചെയ്ത ശരിയുടെ വഴി എന്ന ചിത്രവും പ്രദർശിപ്പിച്ചു.

Latest News