തബൂക്ക്- മുപ്പത്തഞ്ചിലധികം ഇനം മത്സ്യങ്ങള്‍, ഞണ്ട്, ചെമ്മീന്‍ മുതലായ തോടുള്ള ജീവികള്‍, കല്ലുമ്മക്കായ, വിവിധ ദേശാടന പക്ഷികള്‍... പ്രകൃതിദത്തമായ ഈ ആവാസവ്യവസ്ഥ അല്‍വജ് തീരത്തും അതിന്റെ ദ്വീപുകളിലും കാണുന്നതാണ്.
കണ്ടല്‍ക്കാടുകള്‍, അല്ലെങ്കില്‍ കണ്ടല്‍ ചെടികള്‍ എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന ഇവ സമുദ്ര പരിസ്ഥിതിയുടെ വികസനത്തില്‍ ആണിക്കല്ലാണ്. അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ വലിച്ചെടുത്ത് പതിറ്റാണ്ടുകള്‍ മണ്ണിന്റെ ആഴത്തില്‍ സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് കൂടാതെ ജീവന്റെ സമൃദ്ധിയിലും അതിന് പങ്കുണ്ട്.
കണ്ടല്‍ക്കാടുകള്‍ നട്ടുവളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കോംബാറ്റിംഗ് ഡെസേര്‍ട്ടിഫിക്കേഷന്‍ എന്ന കേന്ദ്രമാണ്. ചെങ്കടലിന്റെയും അറേബ്യന്‍ ഗള്‍ഫിന്റെയും തീരപ്രദേശങ്ങളില്‍ ജൈവവൈവിധ്യം വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സെന്ററിലെ കണ്ടല്‍ക്കാടിന്റെ ചുമതലയുള്ള ഡയറക്ടര്‍ ഡോ. സലേഹ് അല്‍സമാനാന്‍ പറഞ്ഞു. നിരവധി പദ്ധതികളിലായി സമീപകാലത്ത് നാല് ദശലക്ഷത്തിലധികം കണ്ടല്‍ തൈകള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. വിഷന്‍ 2030 കൈവരിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പദ്ധതികള്‍ അനുസരിച്ച് അവയെ ചെങ്കടലിന്റെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള തയാറെടുപ്പിലാണ്. സസ്യ ജനിതക വിഭവങ്ങളുടെ സംരക്ഷണവും സസ്യജാലങ്ങളുടെ വികസനവും തങ്ങള്‍ ലക്ഷ്യമിടുന്നതായി സമാനന്‍ പറഞ്ഞു.
കണ്ടല്‍ചെടികള്‍ക്ക് നിരവധി സുപ്രധാന ഗുണങ്ങളുണ്ട്. ഇത് പലതരം സമുദ്രജീവികളുടെ ഇന്‍കുബേറ്ററായും ദേശാടന പക്ഷികളുടെ അഭയകേന്ദ്രമായും പ്രവര്‍ത്തിക്കുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം ആഗിരണം ചെയ്ത് വായു മലിനീകരണം കുറയ്ക്കുന്നു. മറ്റ് വനങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ സംഭരിക്കുന്നതിലെ ഏറ്റവും ഉയര്‍ന്ന ക്ഷമതയാണ് വലിയൊരു സവിശേഷത. മത്സ്യസമ്പത്ത് വര്‍ധിക്കുന്നതിലൂടെ ഇത് തീരദേശ സമൂഹങ്ങള്‍ക്കുള്ള സാമ്പത്തിക പിന്തുണയില്‍ ക്രിയാത്മകമായി സംഭാവനയാണ് നല്‍കുന്നത്. കൂടാതെ ബീച്ചുകളെ മണ്ണൊലിപ്പില്‍നിന്നു സംരക്ഷിക്കുകയും അന്തരീക്ഷത്തിലെ ഓക്‌സിജന്റെ ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് 'തേന്‍' 'സസ്യങ്ങള്‍കൂടിയാണ്. തേന്‍ ഉല്‍പാദനത്തിലും കണ്ടല്‍ചെടികള്‍ പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കണ്ടല്‍ക്കാടുകളിലെ സസ്യജാലങ്ങളുടെ അവസ്ഥ കണ്ടെത്തുന്നതിനും ശോഷണം സംഭവിച്ച സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, സര്‍വേകള്‍, നിരീക്ഷണങ്ങള്‍ എന്നിവ സെന്റര്‍ നടത്തുന്നുണ്ട്. കണ്ടല്‍ക്കാടുകള്‍ നടുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് പുറമേ, തൈകളുടെ ഉത്പാദനത്തിനും കണ്ടല്‍ക്കാടുകളുടെ പുനരുദ്ധാരണത്തിനും ഉപയോഗിക്കേണ്ട ഒരു വിത്ത് ബാങ്കായി സസ്യങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നു.
ദൈവം നമുക്ക് സമ്മാനിച്ച ഈ പ്രകൃതിദത്ത വനങ്ങളുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കണമെന്ന് ഡോ. അല്‍ സമാനാന്‍ ചൂണ്ടിക്കാട്ടി, കണ്ടല്‍ക്കാടുകളുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണ ശ്രമങ്ങള്‍ സെന്റര്‍ നടത്തുന്നു. കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് വിവിധ ഏജന്‍സികളുമായും വ്യക്തികളുമായും സഹകരിച്ച്, പ്രാദേശിക-ആഗോള വിദഗ്ധരുടെ സാന്നിധ്യത്തിലും പങ്കാളിത്തത്തിലും നാല് മാസം നീളുന്ന പരിപാടി സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.